Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

Sunday, 2 August 2026

നിനക്കൊപ്പം...


 നിനക്കൊപ്പം 

❂❂❂❂❂❂❂❂❂❂❂❂❂❂❂❂❂❂❂❂  

നീ ഒറ്റയ്ക്കാക്കിയിട്ട് ഇറങ്ങിപ്പോയ അന്ന്

കൂടിയവരുടെ കണ്ണുകളിലേക്ക്

ഞാൻ നോക്കിയിട്ടില്ല

പാവം പാവം എന്ന്

ചുണ്ട് പെറ്റ വാക്കുകൾ

ഞാൻ കേട്ടിട്ടില്ല

ആരുടെയും സാന്ത്വന വചനങ്ങൾ

എന്‍റെ ഉള്ളുലച്ചിട്ടില്ല



എന്‍റെ സ്നേഹമളക്കാൻ 

നിന്‍റെ സ്നേഹമാപിനിയിൽ 

അളവുകളില്ലാതെ പോയതിൽ 

പരാതിപ്പെട്ടിട്ടില്ല

ഒരു രാത്രിയുറക്കത്തിൽ നിന്നുണരാതെ 

എന്‍റെ ജീവിതത്തിൽ നിന്ന്

ഇറങ്ങിപ്പോയതിൽ

പറിഭവിച്ചിട്ടില്ല 


ശരിക്കും....

തർക്കങ്ങളൊ പിടിവാശിയോ 

ഉറക്കറയിലെ പിണക്കങ്ങളൊ ഇല്ലാതെ

എനിക്ക് നിന്നെയിപ്പോൾ 

സ്നേഹിക്കാനാവുന്നുണ്ട്

മരിച്ചവർ ഇറങ്ങിപ്പോയ വീടുകളാണ്

മരിച്ചാലും പിരിയാത്തവരെ 

അവരുടെ ഓർമ്മകൾക്കൊപ്പം 

ചേർത്തു പിടിക്കാൻ നല്ലത്...