.

Pages

Tuesday, April 7, 2015

കാളപറമ്പിലെ കാഴ്ചകള്‍


ഴ്ച്ചച്ചന്ത കൂടുന്ന കവലയില്‍
അന്തിച്ചന്തം മങ്ങി മായുമ്പോള്‍  
ആല്‍മരത്തിന്‍റെ അഴിച്ചിട്ട തലമുടിയില്‍
അന്തിമേഘങ്ങള്‍ പറന്നിറങ്ങാറുണ്ട്... 
  
അന്യ ദേശങ്ങളിലേക്ക് യാത്ര ചെയ്ത് 
അന്നത്തെ അന്നം തേടി പോയ പറവകള്‍ 
വലിയവായില്‍ ശബ്ദമുണ്ടാക്കിയീ  
വന്‍ മരമുകളില്‍ തമ്പടിക്കുമ്പോള്‍  
വെറിപിടിച്ച സൂര്യന്‍ ദൂരെ ദൂരെ 
വാരകിയില്‍ ചാടി ചാവുകയാകും.

കാത് രണ്ടും കേള്‍ക്കാനാവാതെ 
കാളപറമ്പിലെ തെരുവ് കച്ചവടക്കാര്‍ 
തലയില്‍ കൈവെച്ച് ഇവറ്റകള്‍
മുടിഞ്ഞ് പോട്ടേയെന്നു പ്രാകും  
വണ്ടികാത്തു നില്‍ക്കുന്ന വല്യമ്മച്ചിമാര്‍ 
ഇതുങ്ങള്‍ക്കിതെന്തിന്റെ  കേടാണെന്ന് 
പല്ലുകടിച്ച് മുറു മുറുക്കുന്നുണ്ടാകും. 

അപ്പോഴും കുളക്കടവിലെ പെണ്ണുങ്ങളെപ്പോലെ 
വാലിട്ടു കണ്ണെഴുതിയ മൈനകള്‍ 
വാ തോരാതെ ചിലച്ചുകൊണ്ടിരിക്കും
കറുകറുത്ത കാക്കക്കറുമ്പികള്‍ 
കലപില കൂട്ടിക്കൊണ്ടിരിക്കും...  

വിശേഷങ്ങള്‍ പങ്കുവെച്ചും സങ്കടപ്പെട്ടും 
കുശുമ്പു കാട്ടിയും കളിപറഞ്ഞും 
അന്തിമായും വരെ അവരിങ്ങനെ 
ഈ ആല്‍മരം ഒരു പൂരപ്പറമ്പാക്കും.. 

കണ്ണ് മറന്നിട്ടും കരളു മറക്കാതെയീ 
കാഴ്ചയുണ്ടിന്നും പൂത്തു നില്‍ക്കുന്നു 
മരിച്ചു പോയ കാലത്തിന്റെ വെട്ടു വഴികളില്‍
മായ്ച്ചിട്ടും മാറയാന്‍ മടിച്ചിന്നും...... 

വേനലില്‍ ഉണക്കിയും ഉരുക്കിയും 
വര്‍ഷത്തില്‍ നനച്ചും കുതിര്‍ത്തും
നടപ്പ് മറന്നു കാലം ഗമിച്ചപ്പോള്‍  ,    
നഗരം പുതച്ച നാട്ടിന്‍പുറങ്ങളിലെ 
നഷ്ട്ടപ്പെട്ട കാഴ്ചകളുടെ കണക്കെടുത്തിട്ട്  
നമ്മളിനിയെന്ത് നേടാനാണ് ..?
  

10 comments:

 1. പറവകളുടെ കലപില ശബ്ദം കൊണ്ട് തെരുവ് കച്ചവടക്കാർക്ക് കാത് കേൾക്കുന്നില്ല എന്ന് പറയുന്നതിനിടയിൽ " സൂര്യൻ ചാടിചാകുന്നത്"കൊണ്ട് വന്നതു കൊണ്ട് ആശയത്തിനും അർത്ഥത്തിനും ഒരു തുടർച്ച ഇല്ലാതെ പോയി. കൂടാതെ കിളികളുടെ ശബ്ദത്തിന് പ്രാധാന്യവും ഇല്ലാതെ പോയി. സൂര്യൻറെ ആ രണ്ടു വരികൾ ആ ഖണ്ഡികയിൽ ആദ്യം കൊടുത്തിരുന്നുവെങ്കിൽ, ഇല്ലായിരുന്നുവെങ്കിൽ കൂടി, ഈ ന്യുനത ഇല്ലാതാകുമായിരുന്നു.

  മൈനയും കാക്കയും കൂടാതെ മറ്റു കിളികളെയും കൂടി ഉൾപ്പെടുത്തി ശബ്ദ കോലാഹലം ഒന്നു കൂടി കൂട്ടാമായിരുന്നു.

  ആ കാഴ്ചകളുടെ ഓർമകളിൽ എങ്കിലും നമുക്ക് കഴിയാമല്ലോ.

  കവിത നന്നായി.

  ReplyDelete
  Replies
  1. ബിപിന്‍ ജി , നല്ലൊരു വായനക്ക് നന്ദി ...താങ്കള്‍ പറഞ്ഞ ആശയത്തിനും അർത്ഥത്തിനും ഒരു തുടർച്ച ഇല്ലായ്മ മനസ്സിലായി ...ചൂണ്ടിക്കാട്ടിയത്തിനു വീണ്ടും നന്ദി .പിന്നെ ഇതൊരു യഥാര്‍ത്ഥ സംഭവമാണ് .എന്റെ കുട്ടിക്കാലത്ത് വൈകീട്ട് കാളപറമ്പില്‍ ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ കണ്ടിരുന്ന കാഴ്ചയാണ് ...കാക്കകളും മൈനകളും മാത്രമാണ് കലപില ശബ്ദണ്ടാക്കി ആ മരത്തില്‍ ചേക്കേറിയിരുന്നത്..വിലയിരുത്തലിനു ഒരിക്കല്‍ക്കൂടി നന്ദി , തുടര്‍ന്നും എനിക്ക് വിലപ്പെട്ട ഈ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ...

   Delete
 2. കവിത നന്നായി സലിം ."നടപ്പ് മറന്നു കാലം ഗമിച്ചപ്പോള്‍ ,
  നഗരം പുതച്ച നാട്ടിന്‍പുറങ്ങളിലെ
  നഷ്ട്ടപ്പെട്ട കാഴ്ചകളുടെ കണക്കെടുത്തിട്ട്
  നമ്മളിനിയെന്ത് നേടാനാണ് ..?"എന്ന ചോദ്യം അര്‍ത്ഥഗര്‍ഭവും ഭാവിയിലേക്കുള്ള ഭീതിയുടെ ഉള്‍ക്കാഴ്ചയുമാണ്‌ ....

  ReplyDelete
  Replies
  1. മാഷേ ...തിരിച്ചു കിട്ടാത്ത നല്ല കാഴ്ചകളുടെയും കേള്‍വിയുടെയും ആകെത്തുകയാണ് ജീവിതം ...നന്ദിയുണ്ട് ഈ വായനക്ക് ..

   Delete
 3. കവിത വായിച്ചു
  ആശംസകള്‍

  ReplyDelete
 4. നമ്മള്‍ നേടിയതൊക്കെ ഇന്നത്തെയ്ക്കുമാത്രം അവകാശപ്പെട്ടതാണ്.....

  ReplyDelete
  Replies
  1. ശരിയാണ് വിനീത് ജി ...നാലത്തെക്കുള്ളതൊക്കെ ഇന്ന് തന്നെ നാം തച്ചുടക്കില്ലേ...നന്ദി ....

   Delete
 5. കവിത നന്നായിരിക്കുന്നു. ആശംസകൾ.

  ReplyDelete