ഇവിടെ ഇങ്ങനെയൊന്നുമല്ല ...
ഇടവപ്പാതി മുതല്‍ തോരാത്ത മഴ പെയ്യും
തോടായ തോടൊക്കെ കലങ്ങി മറിയും
വരാലും പരല്‍മീനുകളും സ്വയം മറന്ന്
ദൂരദിക്കിലേക്ക് ഉല്ലാസയാത്രക്കിറങ്ങും....
ഇവിടെ ഇങ്ങനെയൊന്നുമല്ല....
കന്നുപൂട്ടി കൃഷിയിറക്കി വിയര്‍പ്പാറ്റി
കര്‍ഷകര്‍ മനം നിറഞ്ഞു ചിരിക്കും
പച്ചവിരിച്ച പാടം, ഇളം തെക്കന്‍ കാറ്റില്‍
കൊച്ചു തിരമാല തീര്‍ക്കാന്‍ മത്സരിക്കും...
ഇവിടെ ഇങ്ങനെയൊന്നുമല്ല...
പറമ്പിലും പാട വരമ്പിലും വസന്തം
മുത്തുകള്‍ പോലെ പൂക്കള്‍ വിതറും ,
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും പിന്നെ
പേരറിയാത്ത കുഞ്ഞു കുഞ്ഞു പൂക്കളും
പുലരി മഞ്ഞില്‍ കുളിച്ചീറനോടെ
നാട്ടുവഴി നീളെ പുഷ്പതല്‍പ്പം തീര്‍ക്കും...
ഇവിടെ ഇങ്ങനെയോന്നുമല്ല....
മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍
കുട്ടിയും കോലും കടലാസ് പന്തുകളും
ഉയരെ പറക്കും പട്ടങ്ങളുമായി കുട്ടികള്‍
അന്തിനേരത്ത് ആഹ്ലാദാരവങ്ങള്‍ തീര്‍ക്കും...
ഇവിടെ ഇങ്ങനെയൊന്നുമല്ല....
മേടമാസ രാവുകളും തീ പകലുകളും
ചെണ്ടമേളവും ആര്‍പ്പുവിളികളാലും നിറയും
തട്ടകത്തിലെ പൂരവും കാളവേലയും
കണ്ണിനാനന്ദമേകുന്ന കാഴ്ചകള്‍ നിറയ്ക്കും...
എനിക്കറിയാം ...
ഇവിടെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന്
ഞാനെത്ര പറഞ്ഞാലും വിശ്വസിക്കാനാകാതെ
കിഴവന്‍റെ ഒടുക്കത്തെ സ്വപ്നങ്ങളെന്ന്
നീയിപ്പോള്‍ മനസ്സിലോര്‍ത്ത് പരിഹസിക്കും...!
No comments:
Post a Comment