Thursday 8 August 2013

ഓര്‍മ്മതന്‍ വെളിച്ചം


ചോരുന്ന കൂരയില്‍  നനയാതിരിക്കുവാന്‍ 
ചേലത്തലപ്പാല്‍ പുതച്ചെന്നെയമ്മ 
കൊരിച്ചോരിഞ്ഞന്നു പകതീര്‍ത്തു മാനം 
തീരെ പ്രതീക്ഷിക്കാതന്നത്തെ രാത്രിയില്‍..

ചൂടുള്ള മഴനീരിതെവിടുന്നെന്നറിയാതെ 
അമ്മതന്‍ മുഖത്തേക്കുറ്റു ഞാന്‍ നോക്കവേ
തോരാതെ പെയ്യുന്ന മഴയല്ലതെന്നും 
ചുടുനീര് പെയ്യുന്നതമ്മതന്‍ കണ്ണെന്നും 
അറിഞ്ഞിട്ടുമെന്തോ ഞാന്‍ കരഞ്ഞതേയില്ല . 

മഴ തോര്‍ന്നുവെങ്കിലും പിന്നെയും പെയ്തു 
മേല്‍ക്കൂരക്കൊപ്പം  എന്നമ്മതന്‍ കണ്ണും
അറിയാം എനിക്കിന്നാ കണ്ണീരിന്‍ നൊമ്പരം 
അറിയുവാനായില്ല അന്നെനിക്കെങ്കിലും ..

ആടുന്ന ദേഹം അലങ്കാരമാക്കി 
പൊടിയില്‍ കുളിച്ചച്ഛന്‍ പടികടന്നെത്തി 
പേടിച്ച പേട മാനിന്‍റെ കണ്ണന്ന് 
എന്നമ്മയില്‍ കണ്ടതിന്നുമോര്‍ക്കുന്നു ഞാന്‍.

വാതില്‍ തുറക്കുവാനെന്തെടീ താമസം,നിന്‍ 
മറ്റവനെങ്ങാനും അകത്തിരിപ്പുണ്ടോ ,എന്‍  
മാനം കളഞ്ഞെന്നാല്‍ കൊന്നിടും നിന്നെ, 
അലറുമ്പോള്‍ അയാളെന്‍റെ അച്ഛനല്ലേതോ 
പിശാചിനെപ്പോലെയാണിന്നുമെന്നോര്‍മ്മയില്‍.. 

മുടിയില്‍ പിടിച്ചു ചുഴറ്റിയന്നച്ഛന്‍ 
ഞൊടിയില്‍ നിലത്തിട്ടു ചവിട്ടിയിട്ടോതി 
ആരെന്നു ചോല്ലെടീ ഈ പന്നി തന്‍ തന്ത 
അല്ലെങ്കിലിന്നു നീ ശവമായി മാറും ..

ഉയിരോടെ ദഹിച്ചതന്നാകുമമ്മ 
ഉടലോടെ ഉരുകിയതുമന്നാകുമമ്മ
പാതിവ്രത്യത്തിന്‍ വിലയറിയാത്തവന്‍
പുരുഷനല്ലാതെ മറ്റാരുണ്ടീ ഭൂമിയില്‍ ..? 

നായാട്ടു തീര്‍ന്നച്ഛന്‍ മയങ്ങിക്കിടന്നിട്ടും 
തോര്‍ന്നില്ല  അമ്മതന്‍ കണ്ണുകള്‍ മാത്രം 
ആലോചിച്ചെന്തോ ഉറപ്പിച്ചമട്ടില്‍, പിന്നെ 
തിളങ്ങിയാ കണ്ണുകള്‍  അന്നാദ്യമായി .

എന്നെ വിളിച്ചമ്മ മടിയിലുരുത്തി 
കെട്ടിപ്പിടിച്ചൊന്നു തേങ്ങിയമ്മ ,പിന്നെ 
സുഖമായുറങ്ങുവാന്‍ ചോല്ലിയെന്നോടും
പുതപ്പിച്ചെന്‍ ദേഹവും ഒരുമ്മയാലെ ..

പിറ്റേന്ന് കാലത്തു ഞാനറിഞ്ഞെല്ലാം 
ഒറ്റയ്ക്കെന്നെ വിട്ടെങ്ങോ പറന്നമ്മ 
കണ്ണീര്‍ നനച്ചും കരള്‍ പുകച്ചും തീര്‍ത്ത
ജന്മമെന്നെക്കുമായെന്നെ പിരിഞ്ഞു .

ഓര്‍മ്മകള്‍ക്കിന്നും എന്തു വെളിച്ചം 
എന്നമ്മതന്‍ പൂമുഖം പോലെ തെളിച്ചം
സദയം പൊറുക്കണം എന്നോട് തായേ 
അശ്രുകണങ്ങള്‍ അല്ലാതെയില്ലയാ 
തൃപ്പാദ പൂജക്കെന്നിലിന്നമ്മേ ....

4 comments:

  1. Some fathers
    Some mothers
    and their children

    What a life!!

    ReplyDelete
    Replies
    1. അജിത്‌ ജി ..നന്ദിയല്ലാതെ ഒന്നുമില്ല എപ്പോഴത്തെയും ഈ ആദ്യവായനക്കും അഭിപ്രായത്തിനും ..

      Delete
  2. പുറം ലോകമറിയാതെ,ചുമരുകൾക്കുള്ളിൽ ഉരുകിത്തീരുന്ന നിരവധി ജീവിതങ്ങളുടെ, നേർക്കാഴ്ച്ചയായി ഈ വരികൾ.

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete