Thursday 9 February 2017

കുട്ട്യാലി


ഭൂമിയും ബന്ധുക്കളെയും ഉപേക്ഷിച്ചു 
സുബര്‍ക്കത്തിലേക്ക് പോയി കുട്ട്യാലി
പള്ളിക്കാടോളം അനുഗമിച്ചവര്‍ 
പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിച്ച് 
കുട്ട്യാലിയേയും കുറെ സങ്കടങ്ങളെയും  
ഒറ്റയ്ക്കാക്കി പള്ളിക്കാട് വിട്ടു 
കരഞ്ഞു കരഞ്ഞ് കണ്ണു ചുവപ്പിച്ച്  
കടലോളം കണ്ണീരൊഴുക്കി പെറ്റുമ്മ 
ന്‍റെ കുട്ടി പോയല്ലോ ന്ന് വിലപിച്ച് 
ചങ്ക് പൊട്ടിക്കരഞ്ഞു ഉമ്മൂമ്മ  

തള്ളയാടും കുട്ട്യോളും 
കുട്ട്യാലിയുടെ അസാരം മുയലുകളും 
കൂട്ടിന്നുള്ളില്‍ ചടഞ്ഞു കൂടിക്കിടന്നു
മിണ്ടാട്ടം മുട്ടി മൊഴി മറന്ന്‍ മൂകയായി 
പോറ്റി വളര്‍ത്തിയ പനം തത്ത 

വല്ലാത്തൊരു മൊഖപ്രസാദള്ള ചെക്കനാര്‍ന്നു 
പഴുത്ത പെരക്കേടെ നിറാര്‍ന്നു 
കവിളത്തു നുണക്കുഴിണ്ടാര്‍ന്നു 
തങ്കം പോലത്ത സൊഭാവാര്‍ന്നു

സുഖല്ലെടാ കുട്ട്യാല്യേ ന്നു ചോദിച്ചാല്‍
ഒന്ന് മൂളുന്നത് കേള്‍ക്കാന്‍ 
ചെവി കൂര്‍പ്പിക്കണമായിരുന്നു
ധൃതി പിടിച്ചല്ലാതെ നടക്കുന്നത് 
ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു 

ആവശ്യല്ലാത്ത ഒരു വാക്ക് 
ഒരു മനുഷ്യനോടു മിണ്ടാത്ത കുട്ട്യാര്‍ന്നു 
സ്കൂളില്‍ പോകുമ്പോള്‍ ഒറ്റ മൈനയെ കണ്ട് 
എന്നും സങ്കടപ്പെടുന്നോനാര്‍ന്നു

പറഞ്ഞിട്ടെന്താ.... 
നല്ലോര്‍ക്ക് ഭൂമീലധികം ആയുസ്സില്ലാത്തോണ്ട് 
വല്ലാതെ വാഴാതെ കുട്ട്യാലി പോയി 
എനിക്കിപ്പോ എവിടെ നോക്കിയാലും കുട്ട്യാലിയാണ് 
കൈത്തോടിന്‍റെ കരയില് ചൂണ്ടയിടുന്ന കുട്ട്യാലി 
പാടവരമ്പത്ത് ആടിനെ തീറ്റുന്ന കുട്ട്യാലി 
ഉമ്മൂമ്മക്ക് മുറുക്കാന്‍ വാങ്ങാനോടുന്ന കുട്ട്യാലി

മേടത്തില് കൊയ്ത്തു കഴിഞ്ഞ പാടത്ത് 
പട്ടം പറത്ത്ണ കുട്ട്യാലി 
ഒറക്കത്തില് ഓടിവന്നു കെട്ടിപ്പിടിച്ച്
കരിവേല കാണാന്‍ പോരാന്‍
നിര്‍ബന്ധിക്കണ കുട്ട്യാലി...

മായ്ക്കാന്‍ വിചാരിച്ചിട്ട് മായാതെ 
മനസ്സിന്‍റെ ചുമരില്‍ ഒട്ടിപ്പിടിച്ചിരുന്ന്
നുണക്കുഴി കാട്ടി ഒച്ചയില്ലാതെ 
വെളുക്കെ ചിരിക്കണ് ന്‍റെ കുട്ട്യാലി....!

ഇന്നലെയും ഞാന്‍ കണ്ടതാ...
നിറയെ തുമ്പിയും പൂമ്പാറ്റയും 
പൂത്തുലഞ്ഞ പൂന്തോട്ടങ്ങളുമുള്ള 
പൊന്നുകൊണ്ടു കൊട്ടാരങ്ങളുള്ള
പഞ്ഞി മേഞ്ഞ മേലാപ്പിനും 
എഴാനാകാശത്തിനമപ്പുറത്ത് 
പട്ടം പറത്തി കളിക്കണ ന്‍റെ കുട്ട്യാലി....      

No comments:

Post a Comment