Monday, 12 January 2015

വൃഷക പുരാണം


നിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും, 
ചിലപ്പോ രണ്ടും ശവങ്ങളും 
ഭാര്യയും ഭര്‍ത്താവുമാകാം.... 
അല്ലെങ്കില്‍ തലതെറിച്ച 
രണ്ടു വികൃതി പിള്ളേരാകാം,
തമ്മില്‍ ഒരു പരിചയവുമില്ലാത്ത 
രണ്ടു പേരാകാം....  
എന്തായാലും മണ്‍വെട്ടികൊണ്ട് 
ഒരു കുഴിയെടുത്ത് 
രണ്ടിനെയും വലിച്ചിഴച്ച് 
ഒറ്റക്കുഴിയിലിട്ടു മൂടണം. 

ഇന്നലെ കറിയ്ക്കരച്ചതിന്‍റെ ബാക്കി 
ഒരു മുറി നാളികേരം, 
കുഞ്ഞിമോള്‍ക്ക് ഓണത്തിനെടുത്ത 
പൂക്കളുള്ള കുഞ്ഞുടുപ്പ്, 
ഉണ്ണിക്കുട്ടന് ഏറ്റവും പ്രിയപ്പെട്ട 
ചുവന്ന വള്ളിനിക്കര്‍, 
രണ്ടെണ്ണം കൂടി കരണ്ട് തീര്‍ത്തത് 
ഒന്നും രണ്ടുമല്ല , ഒരുപാടാണ്‌ .

അതൊന്നും സാരമില്ല.... 
എന്‍റെ തലയ്ക്കു വട്ടാണെന്ന് 
അവളിടക്കിടക്ക് പറയുമ്പോഴും 
ഉറക്കമൊഴിച്ച് ഞാനെഴുതിവെച്ച
കരളായ എന്‍റെ കവിതകള്‍.... 
കഷ്ണങ്ങളായി മുറിച്ചപ്പോഴാണ്
എന്‍റെ കണ്ണ് തള്ളിയത് .  

അവസാനം ഞാനൊന്ന് തീരുമാനിച്ചു 
ഉണക്കമീനിന്‍റെ ചുട്ടെടുത്ത തലയില്‍
ഈ പാഷാണമല്‍പ്പം തൂവി വെടിപ്പാക്കി 
ഇന്നടുക്കളയില്‍ വെച്ചിട്ടുണ്ട്..

അതുകൊണ്ടാണ് പറയുന്നത്
എനിക്ക് നാളെ  മിക്കവാറും 
രണ്ടു ശവമടക്കുണ്ടാകും...  
ഒറ്റക്കുഴിയില്‍ രണ്ടിനെയും...
അല്ലെങ്കില്‍ വേണ്ട,
രണ്ടിനെയും വേറെ വേറെ അടക്കണം 
ശവങ്ങളാണെങ്കില്‍ പോലും രണ്ടും 
ഇനി ഒറ്റക്കുഴിയില്‍ ഉറങ്ങരുത് ... 

4 comments:

  1. കവിതയിൽ കൈ വച്ചതാണ് ഇത്രയും പ്രകോപിതനാക്കിയത്. കവിത കൊള്ളാം.

    ReplyDelete
    Replies
    1. ഹല്ല പിന്നെ ,,,നന്ദി ബിപിന്‍ ജി ...

      Delete
  2. പാശ്ചാത്തല നിറം വായനയ്ക്ക് അത്ര നന്നോ എന്ന് സം ശയം.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ബിപിന്‍ ജി നിറം കുറച്ചിട്ടുണ്ട് ....

      Delete