Friday, 4 July 2014
വിലക്കുകള്‍
ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കത്തില്‍ നീ
എനിക്കായിത്തന്ന ചില സ്നേഹ സമ്മാനങ്ങളുണ്ട്
അരുത് അരുതെന്ന് നടുവില്‍ കിന്നരി തുന്നിയ
സദാചാരപ്പെരുമയുടെ അലങ്കാര കൈലേസുകള്‍..
മനസ്സിനും ശരീരത്തിനും നീ തീര്‍ത്ത് നല്‍കിയ
നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമായ ആമത്താഴുകള്‍..
ഒരു ബിന്ദുവിലേക്ക് മാത്രം നോക്കാന്‍ പഠിപ്പിച്ച്
ഒരു വശത്തേക്ക് മാത്രം യാത്രചെയ്യാവുന്ന ഒറ്റവഴി..!
ഞാനും നിനക്ക് മുന്നില്‍ നിവര്‍ത്തി വെച്ച് പകതീര്‍ത്ത
വിലക്കുകളുടെ വിശാലമായ ഒരു ഭൂപടമുണ്ട്
എന്നെ മാത്രം വലുതായി അടയാളപ്പെടുത്തിയ
മറ്റൊന്നും തെളിയാത്ത ജീവിത ഭൂപടം...!
നമ്മളെ ഒറ്റ നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് ആരൊക്കെയോ
ജീവിക്കാനായി മാനത്തേക്ക് പറത്തുമ്പോള്‍
വിപരീത ദിശകളിലേക്ക് പറന്നകലാതിരിക്കാന്‍
നമുക്ക് നാം തീര്‍ത്ത വിലങ്ങുകളുടെ നിയമസംഹിത.
ഇടക്കൊന്നു തെറ്റുമ്പോള്‍ ,ദിശ മാറുമ്പോള്‍ തിരുത്താന്‍
എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്നു തിരിച്ചറിയുമ്പോള്‍
ഈ അരുതായ്മകള്‍ മാത്രം വേവിച്ചെടുക്കുന്ന കലങ്ങള്‍
എനിക്കും നിനക്കുമിടയില്‍ ഇനിയെന്തിന് ?
Subscribe to:
Post Comments (Atom)
No comments:
Post a Comment