Sunday, 15 December 2024

ലോകമങ്ങിനെയാകിലും..

 

രിക ,പഥ്യമല്ലാത്ത ചിന്തയെന്നെ
കരുണയില്ലാതെ നീറ്റിടുമ്പോൾ
ചൊരിയുകിത്തിരി സാന്ത്വനം
വൈരമൊക്കെയും മറന്നു നീ

വെറുതെ കണ്ട കിനാവുകൾ
പൊറുതി നൽകാതെയിപ്പൊഴും
മറവിയേകാതെ രാത്രിയിൽ
കുരുതി നൽകുന്നു നിത്യവും...

അരിയ വേപഥു നിരന്തരം
തരികയില്ലെന്നു കരുതി ഞാൻ ,
വിരഹ വേനലിൻ നടുവിലെ
പൊരിയും വെയിലിലെറിഞ്ഞു നീ
തിരിഞ്ഞു നോക്കാതെ മാഞ്ഞുവോ
ഉയിരെടുത്തു മറഞ്ഞുവോ

ഒരാൾക്ക്‌ വേണ്ടി മറ്റൊരാൾ
നേർക്കു നേരൊരു രേഖയിൽ
കോർത്തു വെയ്ക്കുന്നതൊക്കെയും
പ്രണയമാണെന്ന തോന്നലിൽ
കൂർത്ത മുള്ളെന്നോർത്തിടാതെ
ചേർത്തു വെച്ചിടും നെഞ്ചകത്തിൽ

ഒടുവിലൊക്കെയും മായയായ്
കൊടിയ വഞ്ചനയുറഞ്ഞതായ്
ഉടലുമുയിരും മുറിഞ്ഞിതാ
തുടലിൽ മുറുകിയൊടുങ്ങയായ്

എനിയ്ക്ക് നിന്നെയെന്തിഷ്ടമാ
നിനക്കുമെന്നെയത് പോലെയാ
എന്ന് ചൊല്ലി ഇരിയ്ക്കവേ
കൊന്നു തിന്നുന്ന ചിലന്തി പോൽ
ഇണയിതെപ്പോൾ മാറിടും
എന്ന് ചൊല്ലുവാനാകുമോ..?

ലോകമങ്ങനെയാകിലും

നമ്മളെങ്ങനെയായിടാ

ഒന്നു ചേർന്ന് മരണം വരേ
നിറഞ്ഞു പൂക്കണമെന്നൊരു
പ്രതിജ്ഞ തെറ്റുന്നിടങ്ങളിൽ
ഉരുണ്ടു വീഴുന്ന കബന്ധമേ ഞാൻ...

No comments:

Post a Comment