Sunday, 1 September 2013

പടിയിറങ്ങുന്നവര്‍

അമ്മ മരിച്ചു.......
തലയ്ക്കു താഴെ നിന്ന് തലയിണ എടുത്ത്  
അലിവോടെ കണ്ണുകള്‍ രണ്ടും തഴുകിയടച്ച് 
വല്യേട്ടന്‍ തൊണ്ടയിടറി പറഞ്ഞു, 
അമ്മ മരിച്ചു ...

ഒരു ചുടുനിശ്വാസം പുറത്തേക്കു ചാടി 
കൈത്തണ്ടയിലെ സമയമാപിനിയില്‍  
രണ്ടു സൂചികളും ഇപ്പോള്‍ ഒരക്കത്തിലാണ് 
ദൈവം കാത്തു , അല്ലങ്കില്‍ യാത്ര മുടങ്ങിയേനെ ..

വൈദ്യനെ പുകഴ്ത്താതെ വയ്യ ,എന്താ ഒരു സിദ്ധി 
വല്ലാത്ത ജ്ഞാന ദൃഷ്ടി, പറഞ്ഞ സമയം തെറ്റിയില്ല 
അച്ഛന്‍റെ മരണവും ഇങ്ങനെ പ്രവചിച്ച്
വൈഭവം തെളിയിച്ച ഭിഷഗ്വരന്‍.... 

വാമഭാഗത്തിന്‍റെ തോള്‍ സഞ്ചിയില്‍ നിന്ന് 
വലിയ  അക്കങ്ങളുള്ള ഒരു കെട്ട് നോട്ടെടുത്ത് 
വല്യട്ടനു നേരെ നീട്ടി അയാള്‍ പറഞ്ഞു 
വച്ചോളൂ ,ചടങ്ങുകളൊന്നും മോശമാക്കരുത് ..

ആകെയുള്ളൊരു പുളിമാവ് വെട്ടേണ്ട  
അമ്മയെ തിരുവില്വാമലയിലേക്കു കൊണ്ട് പോണം
വീട്ടുവളപ്പില്‍ ഒരു ചിതയും ശവകുടീരവും വേണ്ട
നാളെ  എനിക്ക് ഒരു  വീട് വെക്കേണ്ടതാണ് 
പിന്നീടതൊരു അഭംഗിയാകും 

പത്തുമാസം ചുമന്നതിനും പേറ്റുനോവിനും 
പഴന്തുണിയുടെ വിലയിട്ട രക്തബന്ധം 
പിന്നെ പറഞ്ഞതൊന്നും കേള്‍ക്കാതെ 
പാവം വല്ല്യേട്ടന്‍ അന്ധകാരത്തിലാണ്ടു  .

പിന്നെ....... 
അമ്മയുടെ ആത്മാവ് ഇല്ലം വിടും മുമ്പേ 
അയാളും കുടുബവും പടിയിറങ്ങി... 
എന്തിനോ വേണ്ടി ഓടിത്തളര്‍ന്നൊടുവില്‍ 
ഒരു പിടി നുര വാരിപ്പിടിച്ചു തളരുമ്പോള്‍ 
തനിക്കും പഴന്തുണിയുടെ വിലയിട്ട് 
ഓട്ടം തുടരും നമ്മുടെ മക്കള്‍ ...!

നമ്മളൊന്നും പഠിപ്പിക്കാതെ 
നമ്മെക്കണ്ട് പഠിക്കുന്നുണ്ട് നമ്മുടെ മക്കളെന്ന് 
നമ്മളൊന്നോര്‍ക്കുന്നത് ഇനിയെന്നാണാവോ....!

7 comments:

  1. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍...

    ReplyDelete
    Replies
    1. അതെ നമ്മള്‍ തന്നെ അനുഭവിച്ചു തീരും ..നന്ദി അജിത്‌ ജി ..

      Delete
  2. എന്ത് ചെയ്യാം വാര്‍ദ്ധക്യമെന്നത് തങ്ങളെ ബാധിക്കില്ലന്നാണ് ചിലരുടെയൊക്കെ ഒരു ധാരണ...

    ReplyDelete
    Replies
    1. ധാരണകള്‍ തെറ്റാണെന്ന് മനസ്സിലാവുമ്പോഴേക്കും തിരുത്താനുള്ള സമയം തീര്‍ന്നിരിക്കും .. നന്ദി അനു രാജ് ജി ..

      Delete
  3. വളരെ നന്നായി എഴുതി.എല്ലാവരും ഓർത്തിരിക്കേണ്ട,എന്നാൽ ഓർക്കാത്ത കാര്യം തന്നെ.

    ശുഭാശംസകൾ...

    ReplyDelete