Saturday, 8 July 2023

വലകൾമൊട്ടത്തലയൻ തെങ്ങിൽ നിന്നൊരു
കൂട്ടിത്തത്ത പറക്കുന്നു
തെക്കു വടക്കു പാറി നടന്നവൾ
തിത്തെയ് നൃത്തം വെക്കുന്നു

കണ്ണ് കറുപ്പ് കഴുത്തു ചുവപ്പ്
കാലുകൾ മഞ്ഞ ഉടലോ പച്ച
മഴവില്ലഴകിൽ കുഞ്ഞിത്തത്ത
ചിറകു വിരിച്ചു പറക്കുന്നു...

ഉറവൻ കുന്നിന് താഴെ പാർക്കും
ചെറുതായുള്ളൊരു കുടിലിലെ മാടൻ
കുറിയൊരു വേടൻ ഒറ്റക്കണ്ണൻ
ക്രൂരൻ അവനൊരു നാളൊരു മോഹം

മഴവില്ലഴകിനെ കൂട്ടിലടക്കാൻ
ആഴ്ചച്ചന്തയിൽ കൊണ്ടോയ് വിൽക്കാൻ
കിട്ടണ പൊൻപണം കീശയിലാക്കി
മീശ പിരിച്ചു ഗമയിൽ നടക്കാൻ..

പൊൻ വലയൊന്നു വിരിച്ചവനിത്തിരി
തിനയും പയറും വാരിയെറിഞ്ഞു
തത്തക്കുഞ്ഞിനെ കൂട്ടിലടപ്പത്
കനവും കണ്ടാ മാടനിരിപ്പൂ...

വലുതും ചെറുതും ഇതുപോലല്ലോ
വലകൾ പലതൊരു രക്ഷയുമില്ല
ഉലകിൽ നമ്മെ കാത്തിടുമീശൻ
രക്ഷ കൊടുത്തു നയിച്ചീടട്ടെ
പക്ഷിക്കുഞ്ഞിനു തുണയാകട്ടെ...!!

നിങ്ങൾക്ക് വേണോ..?
ര് വാങ്ങുമീ അനഘ സൂനത്തിൻ
അതി മനോഹര മാല്യങ്ങൾ
അരുമ വാടിയിൽ അലർ വിടർന്നൊരു
അനിതരാനന്ദ കാന്തികൾ

വിടർന്നു സൗരഭം അകലും മുൻപേയായ്
അടർത്തി മാറ്റിയ താരകൾ
അതി വിശുദ്ധിയാലൊറ്റ നൂലിലായ്
കോർത്തെടുത്ത പ്രസൂനങ്ങൾ.

ഒന്നു വാങ്ങുകിൽ മറ്റൊന്നു വേറെയും
ഇന്നു മാത്രമായ് നൽകിടാം
നേരമേറെയായ് നിഴലു കുറുകയായ്
അർക്കനുച്ചിയിൽ വിളങ്ങയായ്

വാടിടും മുൻപേ ആര് വാങ്ങുമീ
മോടിയിൽ മേവും പൂക്കളെ
സ്വച്ഛ ശോഭയിൽ പുഞ്ചിരിച്ചിടും
സൗമ്യ വദന സുഭഗങ്ങളെ

കാത്തിരിപ്പുണ്ട് എന്നെയും നോക്കി
കുടിയിൽ വേറെയും ജന്മങ്ങൾ
പൂമാല വിറ്റു ഞാൻ വാങ്ങിയേകുന്ന
പ്രാശമേറ്റം മോഹിപ്പവർ

ആർക്കു വേണമീ മധുര സ്മേരത്തിൻ
മനസ്സുലക്കുമീ മുദ്രകൾ.
ആര് വാങ്ങുമീ ജീവിതാനന്ദ
ചാരു സുന്ദര മാലികൾ....!!

Sunday, 18 June 2023

ഒന്ന് തന്നെ രണ്ടും

 എന്തിനധികം നട്ടപ്പാതിര നേര

ത്തെന്റെ യാത്രക്കിടക്കൊരു

ചുടല താണ്ടവേണം, ചടുല

പാദമേറ്റം ഭൂമി തൊട്ടു
തൊട്ടില്ലയെന്ന പോലെയതിവേഗം

ഭയത്താൽ വിറച്ചും വിയർത്തും
ഇഴഞ്ഞു വലിഞ്ഞും നീങ്ങവേ
കുഴഞ്ഞു നാവും പാദവും വല്ലാത്ത
കാഴ്ച തന്നെയെന്റയമ്മേ
ചുഴിഞ്ഞ നോട്ടത്താലൊരുത്തി
അഴിച്ചിട്ട വേണി കാറ്റിലുലഞ്ഞും
കുഴിച്ചിട്ട വേഷത്തിലെന്ന പോൽ
വഴിയിലുണ്ട് നിൽപ്പൂ മോഹിനി

ചുണ്ണാമ്പ് ചോദിച്ചിടാനോ അല്ല
നിണമൂറ്റിയൂറ്റി കുടിച്ചിടാനോ
അണ്ണാക്ക് വറ്റി മരുഭൂമിപോൽ
കണ്ണിന്റെ കാഴ്ചയും മങ്ങിയിരുളായ്
അണ്ണീ പൊറുക്കണം പാവം,
അടിയനൊരു യാത്രികൻ സാധു
അറിയാതെ വഴിതെറ്റിയവൻ
മണ്ണോളം താഴ്ന്നു കുമ്പിട്ടു
എണ്ണി പതം പറഞ്ഞും കരഞ്ഞും
കണ്ണു നീരണിഞ്ഞു തേങ്ങിയും...ഒറ്റയടിക്കുണർത്തിയെന്നെ പ്രിയതമ ,
ഞെട്ടിയുണർന്നു കൺ തുറക്കേ
ഈറ്റപ്പുലി പോലെ ചീറി നിൽപ്പൂ
ചുറ്റുപാടും മുഴങ്ങുന്നയൊച്ചയിൽ
പുലഭ്യത്തിലെന്നെ മൂക്കോളം മുക്കിയും
പുലരുറക്കം കളഞ്ഞ കലിയാൽ
പൂതന, കണ്ണിലഗ്നി ജ്വലിപ്പൂ സൂര്യനായ്...

എന്നാലും ഇങ്ങനെയുണ്ടോ നമ്മളെ
കൊന്നു തിന്നുന്ന സ്വപ്നം
പുലർക്കിനാവിൽ ഞാൻ കണ്ട യക്ഷിയും
കൊന്നു തിന്നുന്ന പാതിയും
ഒന്നു തന്നെ രണ്ടുമെന്നു കൂറുന്നു
ഉള്ളിലിരുന്നൊരാളിപ്പൊഴും...
Wednesday, 8 March 2023

പനിച്ചൂട്

 പനിച്ചൂട്

✺✺✺✺✺✺✺
പനിച്ചു കിടക്കുമ്പോൾ
സ്വപ്നം കണ്ടിട്ടുണ്ടോ
മരിച്ചു കിടക്കുന്നതായി..?
പനയോളം വലിപ്പമുള്ളൊരു
പെരുമ്പാമ്പ്
ഞെരിച്ചമർത്തുന്നതായി...
ഒറ്റപ്പെട്ട ദ്വീപിൽ അകപ്പെട്ടതായി?

ഒരു കാൽ വലിച്ചെടുക്കുമ്പോൾ
മറുകാൽ ആണ്ടു പോകുന്ന
ചതുപ്പിൽ പെട്ടതായി,
മലമുകളിലേക്ക് കയറവേ
കാലിടറിപ്പോകുമ്പോൾ
അള്ളിപ്പിടിച്ച പാറകൾക്കൊപ്പം
അടർന്നു വീണു ചിതറുന്നതായി ?
ഉണ്ടോ..?
മരിച്ചു കിടക്കുമ്പോൾ
ചിരിച്ചു കിടക്കുന്നതായി,
മറ്റുള്ളവർ
കരച്ചിലടക്കുന്നതായി?

ഒരു കുഴലിലൂടെന്ന പോലെ
ഭൂമിയുടെ അഗാതതയിലേക്ക്
വയറിലൊരു തീഗോളവുമായി
താഴേക്ക് വീഴുന്നതായി ,
മാനത്തോളം പറന്നുയർന്ന്
ഒരു നൊടിയിടകൊണ്ട്
മണ്ണിൽ പതിക്കുന്നതായി,
കടലിലിങ്ങനെ തിരകളോടൊപ്പം
ഉടലനങ്ങാതെ ഒഴുകുന്നതായി...?

ഇല്ലെങ്കിൽ കാണണം...
ജ്വരം വളർത്തുന്ന ചൂടിൽ
തലച്ചോറ് തളരുമ്പോൾ
നിസ്സഹായതയുടെ അങ്ങേയറ്റത്ത്
ഒരു പേക്കിനാവിന്റെ കുരുക്കിൽ
ആലംബമില്ലാതെ ഒരിക്കലെങ്കിലും
കുരുങ്ങിക്കിടക്കണം...!

അതെന്തിനെന്നോ..?
മരിച്ച് തുടങ്ങുമ്പോൾ
ഇതൊരു പനിച്ചൂടിന്റെ വിഭ്രാന്തിയെന്ന്
മനസ്സിൽ തോന്നാനെങ്കിലും
പനിച്ചു കിടക്കുമ്പോൾ
മരിച്ചു കിടക്കുന്ന പോലൊരു
സ്വപ്നം കാണണം...!!.

പുറകോട്ടു നടക്കുന്നവർ.

 പുറകോട്ടു നടക്കുന്നവർ.

✿☆✿☆✿☆✿☆✿☆✿☆✿☆✿

ജീവിതത്തിൽ
പുറകോട്ടു നടന്നാൽ
ഞാനെവിടെയും എത്തേണ്ടവനല്ല...
മുമ്പോട്ടു നടന്നാൽ
എവിടെയെങ്കിലും എത്തുന്നവനും.

നടത്തം ഒരു കലയാണ്.
കരളുറപ്പിച്ച് കാലുറപ്പിച്ച്‌,
ചവിട്ടുറപ്പിക്കേണ്ടുന്ന കല.
ചവിട്ടിയത് ഒരറപ്പുമില്ലാതെ
തേച്ചു തുടയ്ക്കാനറിയണം.
ബന്ധുവന്നോ ശത്രുവെന്നോ
മുഖം നോക്കാതെ ചവിട്ടണം
എങ്കിലും,
നേരേ നോക്കി ആരാലും
ബുദ്ധനെന്നു വിളിപ്പിക്കണം.

ചവിട്ടുന്നിടങ്ങളിൽ ഒരിയ്ക്കലും
പാദമുദ്ര പതിയാതിരിക്കണം.
ചവിട്ടുന്നവനേ അല്ലെന്നു
മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കണം .
അസ്സലൊരു ഗാന്ധിയനായിരിക്കണം...

കാൽ പാദത്തേക്കാൾ തൊലിക്കട്ടി
കരളിനുണ്ടായിരിക്കണം.
കടന്നു കളയുമ്പോൾ പോലും
പാദപതനം ആരും
കേൾക്കാതിരിക്കണം .
എന്ന് വെച്ചാൽ
ലക്ഷണമൊത്തൊരു കള്ളനായിരിക്കണം.
എന്നാലും
രക്ഷകാ എന്ന് മറ്റുള്ളവർ
അലമുറയിടണം

കനിവെന്നും കരുണയെന്നും
കനവിൽ നിന്ന് പോലും വെട്ടിക്കളയണം.
നീചനെന്ന വാക്കിനുമുകളിൽ
നിർമ്മലത പൊതിഞ്ഞെടുക്കണം .
എന്നിരുന്നാലും
പരിശുദ്ധനെന്ന് എല്ലാവരാലും
വാഴ്ത്തപ്പെടണം.

ഇതൊന്നുമല്ലെങ്കിൽ നിങ്ങൾ
പുറകോട്ടു നടന്നാൽ
എവിടെയും എത്തിയിട്ടുണ്ടാവില്ല
മുമ്പോട്ടു നടക്കുകിൽ
എവിടെയും എത്തുകയുമില്ല...

എത്താത്തിടങ്ങൾ ലക്ഷ്യമാക്കുന്നവരാണ്
നടത്തക്കാരിൽ ഏറെയും..
ഞാനും ,പിന്നെ
നിങ്ങളിൽ ചിലരെങ്കിലും....!!.

Tuesday, 29 March 2022

 കാഴ്ചക്കറുപ്പുകൾ

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

വെളിയിൽ പാതയിൽ ഇരുട്ടുകേറി
ഒളിച്ചിരിയ്ക്കുന്നൊരു നേരം,
വെളുക്കുവോളം വെളിച്ചമേകാൻ
കൊളുത്തി ഞാനൊരു മണിദീപം.

കാലിൽ കാലു കയറ്റി കസേരയിൽ
മെല്ലെ ചാഞ്ഞു കിടക്കുമ്പോൾ
അമ്പോ വഴിയിലെ കാഴ്ചകൾ കണ്ണിൽ
അമ്പായ് വന്നു തറയ്ക്കുന്നു.

അളന്നു കാലടിയൊരു പടുവൃദ്ധൻ
വളഞ്ഞ ജീവിത വഴി നീളെ
തളർന്നു ലഹരിയിൽ ആടിയുമിടറിയും
കളഞ്ഞു പോയതു തിരയുന്നോ....?

തെളിഞ്ഞ ചിരിയാലാളെ മയക്കി
വെളുത്ത സുന്ദരി ഈ വഴിയെ
പളുങ്കു മേനിയിൽ ഒളികണ്ണുള്ളൊരു
പലരെത്തേടി അവൾ പതിയെ...

ഉരുക്കു കായം എണ്ണയിൽ മുക്കി
ഒരു ചെറു തസ്കരൻ ഇര തേടി
പാർപ്പിടമേറ്റം പണവും സ്വർണ്ണവും
ഒരുക്കി വെച്ചൊരിടം നോക്കി...

കാത്തിരിയ്ക്കും കാമിനിയവളെ
പാതിരാ നേരം പൂകാനായ്
പതിഞ്ഞ കാലടിയമർത്തിയൊരുവൻ
പതുങ്ങി നീങ്ങുന്നീ വഴിയേ...

ഒരു കവിൾ പുകയിൽ സ്വർഗ്ഗം കാണാൻ
കരുത്തു നൽകുന്നൊരു സൂത്രം
പലരുമിരുട്ടിൽ പകുത്തെടുത്തു
കലിപ്പ് കാട്ടി തിമർക്കുന്നു..

ഇരുട്ട് വീണാൽ ഈ വഴിയോരം
കറുത്തിരിയ്ക്കും ഇതുപോലെ
വെറുപ്പിൻ കാഴ്ചകൾ അല്ലാതൊന്നും
ഉരുവാകാത്തൊരിടം പോലെ.

വെളിച്ചം വേണ്ട, വിളക്കും വേണ്ട
തെളിച്ചു വെയ്ക്കെണ്ടൊരു ദീപം
തമസ്സു മാറ്റാൻ തുനിഞ്ഞിറങ്ങിയ
തമാശ ഇത് പോലൊന്നുണ്ടോ.?

ശരിയല്ലാത്തൊരു കാഴ്ചകളല്ലോ
പെരുവഴി തന്നിൽ മുഴു നീളെ
വെട്ടം കാട്ടാൻ ഉഴറിയ ഞാനൊരു
പൊട്ടൻ അല്ലാതാരാകാൻ..

വെളുക്കുവോളം വെളിച്ചമേകാൻ
കൊളുത്തി വെച്ചൊരു മണിദീപം
അണച്ചു ഞാനെൻ കതകിതടച്ചു
പുതച്ച് മൂടിയുറങ്ങട്ടേ.!