Sunday 6 September 2015

അശ്രുപൂജ


മിഴ്ന്ന് കിടന്നു മണ്ണിനെ ചുബിച്ചുറങ്ങുന്നുണ്ട്
കടല്‍ തീരത്തൊരു ഒട്ടും വിരിയാ പൂമൊട്ട് 
അക്രമികളുടെ തോക്കിന്‍ മുനയില്‍ നിന്ന് 
അനിശ്ചിതത്തിന്‍റെ തടവറയില്‍ നിന്ന്
അഭയതീരത്തേക്കുള്ള പാലായനത്തില്‍ 
ആഴിയിലോടുങ്ങിയ അനാഘ്രാത സൂനം..

ദൈവരാജ്യം സ്ഥാപിക്കാന്‍ പടനയിക്കുന്നവരുടെ 
വെളിച്ചം കെട്ട കാരിരിമ്പു ഹൃദയങ്ങള്‍
പിശാചിന്‍റെ പണിശാലകള്‍ പോലെ പിന്നെയും
അശരണരുടെ ആയുസ്സ് ഭുജിയ്ക്കുമ്പോള്‍...   

ഊരും ഉയിരും കിനാവും  നഷ്ട്ടപ്പെട്ട 
പശി പുതച്ചുറങ്ങുന്ന അഭയാര്‍ത്ഥികളില്‍
നീലക്കണ്ണുകളും നിറമാറിടവും തിരയുന്നവര്‍ 
ഏതു ദൈവത്തിന്‍റെ സന്നിധിയിലേക്കാണ് 
ഊടുവഴികള്‍ തുറക്കുന്നത് ...? 

കടലേ...
നീ തീരത്തണച്ച ഞെട്ടറ്റ പൂവിന്‍റെ 
നിഷ്കളങ്ക ചിത്രമെങ്കിലും 
കരള് കല്ലാക്കിയ നരാധമന്‍മാരുടെ ,
കള്ളക്കണ്ണീരുകൊണ്ട് കവിള് നനച്ച
കാടരുടെ , കൊടും കപടവിശ്വാസികളുടെ 
കണ്ണ്‍ തുറപ്പിച്ചെങ്കില്‍... 

അയ്‌ലന്‍ , റിഹാന്‍ , ഗാലിബ്, അസദ്...,,,
പിന്നെ ആഴക്കടലില്‍ അലിഞ്ഞു തീര്‍ന്ന  
പേരറിയാത്ത എന്‍റെ സഹോദരങ്ങളേ 
സ്വര്‍ഗ്ഗപ്പൂങ്കാവനം ഇനി നിങ്ങള്‍ക്കല്ലോ... 

8 comments:

  1. സത്യം ആ കടൽകുഞ്ഞിന്റെ ചിത്രം ഒരു കരയാകെ മാറ്റി മറിക്കുന്നു
    മദ്ധ്യേഷ്യ സമാധാനം എന്ന ഒറ്റ വാക്ക് കൊണ്ട് എന്ന് പരിഭാഷ പെടും
    നല്ല വരികൾ സലിം ഭായ്

    ReplyDelete
  2. നല്ല കവിത. നല്ല ഒരു ആശയം നന്നായി അവതരിപ്പിച്ചു.

    ReplyDelete
  3. മരണത്താല്‍ മറ്റുള്ളവരുടെ കണ്ണ് തുറപ്പിച്ചവര്‍ ഈ ഭൂമിയില്‍ അധികമില്ല. അവരില്‍ ഒരാ‍ാളായി ഈ ഓമനയും

    ReplyDelete
  4. ഈ നരബോജികളുടെ കണ്ണു തുറന്നെങ്കിൽ !! കവിത നന്നായി

    ReplyDelete
    Replies
    1. ബഷീര്‍ ജി , നന്ദി മാത്രം ഈ വായനയ്ക്ക് , അഭിപ്രായത്തിന് ..

      Delete