Wednesday, 15 April 2015

ശൈലപുത്രീ...

ശൈലപുത്രീ... 
നിനക്കൊപ്പമിങ്ങനെ 
എന്നെ മറന്നിരിക്കാന്‍   
എനിക്കിഷ്ട്ടമാണ്.. 
എന്തെന്നാല്‍, 
എന്നെ നീറ്റുന്ന നൊമ്പരങ്ങളുടെ 
മനം വിങ്ങുന്ന തേങ്ങല്‍ 
നിന്‍റെ പാട്ടിലേക്ക് ഇറക്കി വെക്കാം 
ആരും കേള്‍ക്കില്ല...

നെഞ്ചുരുക്കുന്ന കനലുകള്‍
കണ്ണ് നിറക്കുമ്പോള്‍ 
നിന്നില്‍ നിന്ന് ഒരു കുമ്പിള്‍ കോരി 
മുഖം കഴുകാം 
ആരും കാണില്ല.... 

ആകുലതകളിങ്ങനെ 
ഉടല് നീറ്റുമ്പോള്‍ 
നിന്നെ തഴുകിയെത്തുന്ന 
കുഞ്ഞിളം കാറ്റില്‍ 
എനിക്കൊന്ന് ഉടല് തണുപ്പിക്കാം  
ആരും അറിയില്ല ...

ആരും കേള്‍ക്കാതെ 
ആരും കാണാതെ , അറിയാതെ 
ഭാരമൊക്കെയും ഇറക്കിവെച്ച് 
നിനക്കൊപ്പമല്ലാതെ 
പിന്നെ ആര്‍ക്കൊപ്പമിരുന്നാല്‍ 
എനിക്കൊരു തൂവലാകാന്‍ പറ്റും ...?

11 comments:

  1. ശൈല പുത്രിയുടെ പാട്ട് എന്നത് അത്ര സുഖ പ്രദമായില്ല. അവസാനത്തെ രണ്ടു വരികൾ അത്ര ഭംഗിയായി തോന്നിയില്ല. കവിത നന്നായി.

    ReplyDelete
    Replies
    1. പുഴക്കരയില്‍ ഇരിയ്ക്കുന്ന ഒരാളുടെ ചിന്തകള്‍ ....അത്രേ ഉദ്ദേശിച്ചുള്ളൂ ,,,നല്ല വായനയ്ക്ക് നന്ദി ബിപിന്‍ ജി ....

      Delete
  2. വളരെ നന്നായി സലിം ...'ഈ മനോഹര തീരത്തു തരുമോ .....' വയലാറിന്‍റെ വരികള്‍ ഓര്‍മ്മ വരുന്നു ....!അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. സാഹിബെ ..ശരിതന്നെ ..കിട്ടട്ടെ ഈ മനോഹര തീരത്ത്‌ ഒരു ജന്മം ...! അഭിനന്ദനങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി ,,,,,

      Delete
  3. കവിത നിറയുന്ന വരികൾ...

    ReplyDelete
    Replies
    1. നന്ദി ട്ടോ കൊച്ചു ഗോവിന്ദന്‍ ജി ...

      Delete