Saturday, 9 February 2013

തീയാട്ടം


തലച്ചോറില്‍ മുരളുന്ന കടന്നല്‍ കൂട്ടത്തിന്‍റെ
നിണമുറയുന്ന കൊലവിളിയില്‍ നടുങ്ങിത്തെറിച്ച്
വാക്കുകള്‍ക്കു വിലങ്ങിട്ട് വ്യഥകള്‍ക്ക് തഴുതിട്ട്
വൃഥാ ഒരു സമാധിയിലാണ് ഞാന്‍ ..

വിലാപയാത്രകളുടെ മുന്‍ നിരയില്‍
പ്രതിഷേധങ്ങളുടെ പണിപ്പുരയില്‍
അനുസ്മരണ ചടങ്ങുകളുടെ പകല്‍ വെട്ടത്തില്‍
മിന്നിത്തിളങ്ങുന്നവരെ എനിക്കറിയാം ..


വികാരമറിയാത്ത ബാലികമാരുടെ
അടിയുടുപ്പുകളില്‍ രക്തക്കറ പുരട്ടി 

കന്യകമാരുടെ കന്യാചര്‍മ്മങ്ങളില്‍
വിയര്‍പ്പിനുപ്പും പാപക്കറയുമുരുക്കിയൊഴിച്ച്
വിളയാടുന്നവരിവര്‍ .......

കാരിരുമ്പിനെ വെല്ലാന്‍ കരളുറപ്പ് നേടി
കദനങ്ങള്‍ക്ക് മീതെ കൊലയറ പണിത്
പ്രതികരിക്കുന്നവന്‍റെ നാവിന് വിലപറഞ്ഞ്
കളിയാട്ടം തുടരുന്നവരിവര്‍ ..

ശക്തരില്‍ ശക്തരുടെ തീയാട്ടങ്ങളില്‍
ചിറകു കരിഞ്ഞു വീണ്
എനിക്കിനി പറന്നുയരാന്‍ വയ്യ '
പ്രതികരിക്കാനും ...

മുഖമേറ്റ് വാങ്ങിയ ശക്തമായ തുടര്‍ പ്രഹരങ്ങളില്‍
അക്ഷരങ്ങളുണങ്ങി വാക്കുകള്‍ വറ്റി
മഷിതീര്‍ന്ന പേനയുമായി ബോധം മരവിച്ച്
അന്തിച്ചിരിപ്പാണ് ഞാന്‍ ...

7 comments:

  1. കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
    കര്‍മ്മഫലം തരും ഈശ്വരനല്ലോ....

    ഉണരൂ .. ഇനിയുമെഴുതുക

    ശുഭാശംസകള്‍.... ......

    ReplyDelete
  2. ~ആട്ടകലാശം# പ്രതിഷേധ ജ്വാലയായ് ഈ വരികള്‍

    ReplyDelete
  3. ഇങ്ങനെ നിരാശപ്പെട്ടലോ.................. ധൈര്യമായിരിക്കൂ

    ReplyDelete