Saturday, 27 June 2015

എങ്ങിനാണാവോ ?


ല്ലാം കരിയ്ക്കുന്ന വേനല്‍ച്ചൂടില്‍ 
തലയ്ക്കും കാലിലും ഓരോ 
മീസാന്‍ കല്ലിന്‍റെ നിഴല് മാത്രം പുതച്ച് 
ആറടിയുടെ മണ്ണറയില്‍  
വിധികാത്തു കിടക്കുന്ന നിന്‍റെ  
പകലിരവുകള്‍ എങ്ങിനാണാവോ ?

കഞ്ഞീലല്‍പ്പം ഉപ്പ് കൂടിയെന്നും 
കുഞ്ഞിനെ വെറുതെ കരയിച്ചെന്നും
ഒന്നിനുമൊരു അടുക്കും ചിട്ടയുമില്ലെന്നും 
പറഞ്ഞു പിണങ്ങുന്നുണ്ടാകുമോ ?

പാത്രം കഴുകിക്കഴുകി കഴിയാഞ്ഞ്  
പശുവിനെ കറന്ന് തീരാഞ്ഞ് 
വെകിളി പിടിച്ചോടുന്നെന്നെ 
വൈകാതൊരു  വേലക്കാരി വരുമെന്ന്
വെറുതെ ആശ്വസിപ്പിക്കുന്നുണ്ടാകുമോ ?

ഇടവപ്പാതിമഴ നനഞ്ഞ് കുതിരുമ്പോള്‍
മരം കോച്ചുന്ന മകരമഞ്ഞു വീഴുമ്പോള്‍  
കൊടും വേനലിലും പുതച്ചുറങ്ങുന്നയാള്‍ക്ക്
തണുത്തു വിറയ്ക്കുന്നുണ്ടാകുമോ ?

അവസാന യാത്രയില്‍ നിന്‍റെയീ 
കവിത പെയ്യുന്ന കണ്ണു രണ്ടും പെണ്ണേ
കൂടെ കൊണ്ടുപോയ്ക്കൊട്ടേ ഞാനെന്ന് 
കളി പറയുന്നുണ്ടാകുമോ ?  

മരിച്ചു പിരിയുമ്പോള്‍ നീ കൊണ്ടു പോയത് 
വരച്ച് തീരാത്ത നമ്മുടെ ജീവിതമാണെന്ന്
കൊതിച്ചു കിട്ടിയ മധുരക്കനിയാണെന്ന്    
തിരിച്ചറിഞ്ഞു കരയുന്നുണ്ടാകുമോ ?

ഒരുമിച്ചു മരിച്ചിടാന്‍ മോഹിച്ച നമ്മളെ  
കെണിവെച്ചു പിടിച്ചു പിരിച്ച മരണത്തോട് 
ഈയുള്ളവളെയും  കൂടെ കൂട്ടാന്‍
പ്രാര്‍ത്ഥിക്കുന്നുണ്ടാകുമോ ?   

6 comments:

  1. മരണമെത്തുന്ന നേരത്ത് നീയെന്റെ......

    ReplyDelete
  2. എങ്ങനെയായാലും നന്നായി , ആശംസകൾ.

    ReplyDelete
  3. ആദ്യത്തെ ഘണ്ഡികയിൽ 'വിധി' കാത്തു കിടക്കുന്നു എന്ന് പറയുന്നു. ഇനി എന്ത് വിധി? അത് പോലെ "മരിച്ചു പിരിയുമ്പോൾ" എന്നത് അസ്ഥാനത് ആണയി. മരിച്ചു എന്ന് വായിച്ചു തുടങ്ങുമ്പോഴേ മനസ്സിലായി എന്നിരിക്കെ എന്തിനു ആ പ്രയോഗം? അത് വരെ കൊണ്ട് വന്ന ആ ഭംഗിയും രീതിയും അവസാനത്തെ ഘണ്ഡികയിൽ നഷ്ട്ടപ്പെട്ടു. ആ ചോദ്യം പരോക്ഷമായി പറഞ്ഞു പോവുക ആയിരുന്നു ഭംഗി.
    എന്തായാലും ഭാര്യയുടെ വേദനയും രോദനവും നന്നായി അവതരിപ്പിച്ചു.

    കവിത മൊത്തത്തിൽ നന്നായി.

    ReplyDelete
    Replies
    1. ഡിയര്‍ ബിപിന്‍ ജി ..താങ്കളുടെ അഭിപ്രായത്തിന് നന്ദി ,,,ഇസ്ലാമിക ചിന്ത പ്രകാരം മരിച്ചവര്‍ക്ക് അന്ത്യ വിധിയുടെ ഒരു നാള്‍ വരാനുണ്ട് ,,,അതാണ്‌ വിധി കാത്തു കിടക്കുക എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത് .പിന്നെ , മരിച്ചാലല്ലാതെ ഒരിയ്ക്കലും ഒരിയ്ക്കലും ജീവിതത്തില്‍ പിരിയില്ലെന്ന് തീരുമാനിച്ച ദാമ്പതികളെന്ന ധ്വനി ഉണ്ടാക്കുകയാണ് 'മരിച്ചു പിരിയുക; എന്നാ വാക്ക് ഞാന്‍ ഉപയോഗിച്ചത് . എങ്കിലും ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് താങ്കള്‍ക്കു കാണാന്‍ ആകാതെ പോയത് എന്റെ കുറ്റമായി തന്നെ ഞാന്‍ കാണുന്നു ...നന്ദിയുണ്ട് ഒരു പാട് ,,ഈ വിലയിരുത്തലിനു ,,തുടര്‍ന്നും അങ്ങയുടെ ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നു ..

      Delete