പുതുവത്സരാശംസകള്‍

Wednesday, 20 November 2024

ഒരു പഴങ്കഥ

 കാറ്റിതെത്ര അലഞ്ഞു മണ്ണിൽ

കരിങ്കണ്ണ് തട്ടാത്ത പൂവ് തേടി
ഒടുവിലൊരു സ്വച്ഛമാം പുളിനത്തിലായ്
വിടർന്നു നിൽപ്പതാ സൂന സൗഭഗം.....

ചാരു വർണ്ണ പദംഗമോടെ
താരിൻ താഴ്ന്നൊരു ചില്ലയിൽ
ആരും മോഹിക്കും കാന്തി തൂകി
കാറ്റിനെ കാത്തു നിൽപ്പതാ
തരുണ ഗാത്രി മനോഹരി .

മേനി നനയും തുഷാരവും
തനുവുള്ളിൽ നിറയുന്ന തൂ മധുവും
കണ്ണ് കുളിരാർന്നുപോം വർണ്ണവും
ആരും മോഹിച്ചിടും പൊൻ പൂവുടൽ...

കാറ്റ് വന്നൊന്നു തൊട്ട നേരം
തരളയായവൾ ആകമാനം
ആർദ്രയായോന്നു കണ്ണടച്ചും
ആദ്യ സമാഗമ പൊലിവിനാലെ .

കാതം പലതുണ്ട് താണ്ടുവാനായ്
കാടും മേടും കുന്നുകളായ്
കാലം കാറ്റിനേൽപ്പിച്ച ഭാരം
പാവം പൂവിനിതെന്തറിയാം..

ഗാഢം പുണർന്നുമ്മ വെച്ചും
വീണ്ടും വന്നിടാമെന്നുരച്ചും
കുറ്റബോധമതൊട്ടുമേശാ
കാറ്റകന്നുപോയ് തൻ വഴിയേ...

തിരിഞ്ഞു നോക്കില്ല നമ്മളാരും
മറഞ്ഞു പോയ കഴിഞ്ഞ കാലം , അതിൽ
ഉറഞ്ഞു പോയ മൗന രാഗം .
കാറ്റിനാകട്ടെയെങ്കിലും പഴി
മറ്റു നമ്മളിതെന്ത് ചെയ്‌വൂ ..?

No comments:

Post a Comment