Sunday, 18 August 2013

കാത്തിരിക്കുക ...!


രണശിക്ഷക്ക് വിധിക്കപ്പെടുമ്പോള്‍ 
ചോര മണക്കുന്ന ബലിക്കല്ല് നോക്കി 
പുഞ്ചിരി തൂകുന്നതില്‍ അര്‍ത്ഥമില്ല.. 
കൊലമരങ്ങളുടെ നിസ്സംഗതയെ   

അധിക്ഷേപിക്കുന്നതിലും...! 


ചുടലക്കളങ്ങളിലെക്കുള്ള വഴികളില്‍ 
പൂക്കുന്ന തുമ്പച്ചെടികളുടെ പൂക്കള്‍ 
ചുവന്നു തുടുക്കുന്ന ഒരു കാലം വരും.. 
അന്ന് ,ചത്വരങ്ങളിലും
ചക്രവര്‍ത്തികള്‍ ചുരമാന്തുന്ന
ചില്ലു കൊട്ടാരങ്ങളിലും 
ഒരു പുതിയ സൂര്യനുദിക്കും .

പഞ്ചനക്ഷത്ര  സ്വര്‍ഗ്ഗങ്ങളില്‍ 
ഉടുമുണ്ടഴിക്കുന്ന അഭിസാരികകളുടെ 
നവദ്വാരങ്ങളില്‍ ചലവും ചോരയും 
നിറഞ്ഞൊഴുകും..

കള്ളപ്പണക്കാരുടെ വെള്ളിപ്പാത്രങ്ങളില്‍ 
പുഴുക്കള്‍ നുരക്കും 
കരിഞ്ചന്തക്കാരുടെ പാണ്ടികശാലകള്‍ 
ചിതലരിക്കും..

അശരണരെങ്കിലും തെരുവിലലയുന്നവരുടെ 
ചുടുനിശ്വാസങ്ങള്‍ തീപ്പന്തങ്ങളാകും.. 
അകലെയല്ലാത്ത ആ കാലത്തേക്ക് ,
കള വിളയാതെ കതിര് വിളയുന്ന 
നല്ല കാലത്തേക്ക് ,
കൈക്കരുത്തും മനക്കരുത്തും 
അണമുറിയാത്ത ആവേശവും 
കരുതിവെച്ചു കാത്തിരിക്കുക ..

6 comments:

  1. പോയിടാം,വേഗമണിചേർന്നിടാം
    ദൂരെ നവലോക കാഹളം കേട്ടുവോ.?


    പുതിയ സൂര്യോദയത്തിനായി കാത്തിരിക്കാം.വളരെ നല്ലൊരു കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. കാത്തിരിക്കാം അല്ലെ സൗഗന്ധികം ?

      Delete
  2. കവിത നന്നായിരിക്കുന്നു. അവസാനഭാഗം കൂടുതൽ നന്നായി.
    ആശംസകൾ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete