ചീവീട് കരയുന്ന നനഞ്ഞ രാത്രികളിലെ
പൂച്ചയുറക്കത്തിന്റെ ഇടവേളയില്‍
പലവുരു തോന്നിയിട്ടുണ്ട്
നീയില്ലതെന്തിനാണീ ജീവിതമെന്ന്
നെയ്തു കൂട്ടിയ സ്വപ്നത്തിനിരുപുറം
പെയ്തു തീരുന്ന നീയും ഞാനും
മോഹം കൊണ്ട് തീര്‍ത്ത മൺകൂനകള്‍
നക്കിത്തുടച്ച് നമുക്കിടയിലിങ്ങനെ
പരന്നു കിടന്നു കളിയാക്കിച്ചിരിച്ചു
കരുണ തോന്നാത്ത ജീവിതസമുദ്രം
മൺകൂരയ്ക്കുള്ളിലേക്ക്
ഓട്ടകണ്ണിട്ടു നോക്കുന്ന നിലാവിനോട്
എന്നെപ്പറ്റിയെന്നും രാത്രിയില്‍
പരാതി പറഞ്ഞു മടുത്ത നി
ഉരുകിത്തീര്‍ത്ത കണ്ണീരൊരു കടലോളം
കെട്ടി നിന്ന് തപിക്കുന്നുണ്ടെന്‍റെ
ഇടനെഞ്ചിന്‍റെ ഉള്ളറയിലിപ്പോഴും
തർഷങ്ങള്‍ പൂത്തുലയേണ്ട കാലത്ത്
കരഞ്ഞു കുതിര്‍ന്ന ഈ കണ്ണുകളെനിയ്ക്ക്
ചിരിച്ചു നനയ്ക്കണമെന്നു പറഞ്ഞ്
കണ്ണുറങ്ങാതെ കാത്തിരുന്നൊരുനാള്‍
മണ്ണറ പൂകിയോളെ.......
അറിയുന്നുണ്ടോ ?
ഒരു വട്ടം കൂടി നിനക്ക് ജീവനേകാന്‍
കരഞ്ഞു പ്രാര്‍ത്ഥിച്ചിതെന്നും
ഉരുകിത്തീരുന്നുണ്ടെപ്പോഴും
ആരുമറിയാതിവിടിങ്ങനെ
ജീവനോടൊരു മെഴുകുതിരി....
No comments:
Post a Comment