Friday, 12 September 2014

പ്രക്ഷുബ്ദ ജീവിതം


രറാന്തലിന്‍ തിരി താഴ്ത്തിയുറങ്ങട്ടെ 
ഇരുളിനെ പുണര്‍ന്നു ഞാന്‍ സ്വസ്ഥമായി 
മരുവിലൊരിക്കലും പൊഴിയാത്തോരിറ്റു 
മഴയൊന്നു കാത്തിരുന്നീടട്ടെ ഞാന്‍.. 

അന്ധകാരത്തില്‍ ദൂരെയായ് തെളിയുന്ന 
ബന്ധങ്ങള്‍ ആശ്രയമെന്നോര്‍ത്തു ഞാന്‍ 
ഗന്ധമില്ലാതെയീ തോപ്പില്‍ വിരിഞ്ഞുള്ള 
പൂവിനെപ്പോലെ പരിതപിപ്പൂ ..

ആത്മഹത്യക്ക് മുമ്പുള്ലൊരുവന്‍റെ  
തപ്ത വിചാരങ്ങള്‍ പോലെയല്ലോ 
കലുഷിതമീയെന്‍റെ മാനസം പ്രക്ഷുബ്ദ 
കടല്‍ പോലെ അലയോടുങ്ങാത്ത മട്ടില്‍..

ജീവിതം നമ്മളെ കൊണ്ടുചെന്നാക്കിടും  
ഈ വിധം ഊരാ കുരുക്കുകള്‍ക്കുള്ളില്‍
രക്ഷിക്ക വേണമെന്നാരും ഒരല്‍പ്പവും 
ഇച്ഛിയ്ക്കയില്ല അശ്ശേഷമൊരിക്കലും.. 

മനമുണര്‍ന്നോരോ ചിന്തയിലുടക്കുമ്പോള്‍ 
കുനുകുനേ പൊങ്ങി വരുന്ന സന്ദേഹം  
മനശ്ശാന്തിയെ തിന്നു കൊഴുത്തു മദിയ്ക്കവേ   
എവിടുന്നെനിക്കാര് നല്‍കിടാനല്‍പ്പം
ശുഭചിന്ത മനമൊന്നു തണുത്തിടുവാന്‍..

2 comments:

  1. പ്രക്ഷുബ്ധമായ ജീവിതം ശാന്തമാകുന്നതിനൊരു കാലം വരാതിരിക്കുമോ

    ReplyDelete
    Replies
    1. വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം .....അജിത്‌ ജി ...!

      Delete