Sunday, 8 September 2013

കമ്മ്യുണിസ്റ്റ്

                 
തീജ്വാലയെ മുറുകെ പുണര്‍ന്നവര്‍
തീരത്തണയാത്ത പായക്കപ്പലുകളായി.
ആര്‍ത്തിമൂത്തവര്‍ അമരത്തണഞ്ഞപ്പോള്‍
വിപ്ലവത്തില്‍ വെള്ളം ചേര്‍ത്ത് 
ആളും തരവും നോക്കി തൂക്കിവിറ്റു...
മനുഷ്യനെ മനുഷ്യനാക്കാന്‍ പിറന്ന സത്യം,
അങ്ങനെ മരിച്ചു മണ്ണടിയുന്ന തത്ത്വമായി... 

ഒടിവിദ്യയും ഒളിപ്പോരും അറിയാത്തവരും 
സംഘര്‍ഷത്തിലേക്ക് കണ്ണുംപൂട്ടി  
എടുത്തു ചാടിയവരും
സ്തൂപങ്ങളും സ്മൃതി മണ്ഡപങ്ങളുമായി 
രക്തബന്ധങ്ങള്‍ക്ക് തീരാ നോവായി 
നാല്‍ക്കവല തോറും നിരന്നു ...

പുതിയ പുലരി പിറന്നെന്ന് 
പതിവ് തെറ്റാതെ ഏമാന്മാര്‍ ഓരിയിട്ടു... 
കേട്ട് പുളകം കൊണ്ടവരുടെ തലയ്ക്കു  മുകളില്‍ 
കൂരാ കൂരിരുട്ട് കോരിയിട്ട് 
കുലുങ്ങിച്ചിരിച്ചു വര്‍ഗ്ഗ  സ്നേഹികള്‍ ..

തിന കൊയ്യന്‍ വെച്ച  അരിവാള് കൊണ്ട് 
തലകൊയ്യാന്‍ അലിവില്ലാതെ ഉത്തരവിട്ട്   
കളം നിറഞ്ഞു കളിച്ചു 
ക്രാന്തദര്‍ശികള്‍ ,പാവങ്ങളുടെ പടനായകര്‍..

അദ്ധ്വാനിക്കുന്നവന്‍റെ തലച്ചോറില്‍ 
പൊരുളറിയാത്ത പഠന ക്ലാസ്സുകള്‍ 
അന്യനോടുള്ള പക നിറച്ചു
പട്ടിണി മാറ്റാന്‍ പട നയിച്ചവര്‍ 
പാതി വഴിയില്‍ പട തുടരാന്‍ 
പകരക്കാരില്ലാതെ മരിച്ചു വീണു ..

ചോദ്യം ചെയ്യുന്ന വിപ്ലവകാരിയുടെ 
ചങ്കറുത്താല്‍ ചീറ്റിത്തെറിക്കും 
കൊഴു കൊഴുത്ത ചുടുരക്തം 
പ്രത്യശാസ്ത്ര ന്യായം പുരട്ടി 
പുകമറക്ക് പിന്നിലിരുന്ന് നേതാക്കള്‍ 
പങ്കിട്ടെടുത്തു ഭുജിച്ചു 

സ്മൃതി പദങ്ങളില്‍ ഇടിനാദം നിറച്ച 
അമരത്വം കിട്ടിയ രക്തസാക്ഷികള്‍ക്ക്,
കാലത്തെ തോല്‍പ്പിക്കും  പോരാളികള്‍ക്ക് ,
ഈയുള്ളവന്‍റെ പ്രണാമം,,! 
നിങ്ങളൊരു കമ്മ്യുണിസ്റ്റാണോ ..?എങ്കില്‍
പറയുക രാജാവ്  നഗ്നനാണെന്ന്... 
സത്യം ഉച്ചത്തില്‍ വിളിച്ചു പറയാതെ  
നിങ്ങളെങ്ങനെയൊരു കമ്മ്യുണിസ്റ്റാകും..? 

2 comments:

  1. സത്യം ഉച്ചത്തിൽ വിളിച്ചു പറയാതെ
    നിങ്ങളെങ്ങനെയൊരു കമ്മ്യൂണിസ്റ്റാകും?

    വളരെ ശരിയായ ചോദ്യം.കേൾക്കേണ്ടവർ ഇതു കേൾക്കട്ടെ. നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
  2. കമ്യൂണിസ്റ്റുകള്‍ ഇപ്പോഴും ഉണ്ട്!

    ReplyDelete