Tuesday, 24 December 2013

പരേതരുടെ പതിറ്റടി പൂക്കള്‍


മാനമിരുണ്ടു തുടങ്ങുമ്പോള്‍ 
ശവക്കോട്ടക്കടുത്തുള്ള കലുങ്കില്‍ 
മരിച്ചു മണ്ണായ മനസ്സുകള്‍ 
കഥപറയാനൊത്തുകൂടും...

പകയുടെയും പ്രതികാരത്തിന്‍റെയും
പ്രണയത്തിന്‍റെയും  കഥകളപ്പോള്‍ 
പതിറ്റടി ചെടി പോലെ അവിടെ പൂത്തുലയും. 

നഷ്ട്ടപ്പെട്ടതും വെട്ടിപ്പിടിച്ചതും 
ഇല്ലാത്ത നാളേക്ക് വേണ്ടി സമ്പാദിച്ച 
വല്ലാത്ത പോഴത്തരമോര്‍ത്ത് 
കുലുങ്ങി കുലുങ്ങിച്ചിരിക്കും. 

പശ്ചാത്താപത്തിന്‍റെ മേലങ്കിയണിഞ്ഞ്  
പിഴവുകള്‍ക്ക് മാപ്പിരക്കാന്‍ ചിലര്‍ 
പുതിയൊരു ജന്മത്തിനു കൊതിക്കും. 

നഷ്ട്ടപ്പെട്ട പ്രണയമോര്‍ത്ത് പുഞ്ചിരിക്കും.
നെടുവീര്‍പ്പോടെ, മരിക്കാത്ത പാതികള്‍ക്ക് 
നല്ലത് വരുത്താന്‍ പ്രാര്‍ത്ഥിക്കും .

ഉറപ്പില്ലാത്ത പുതുജന്മത്തിന്‍റെ പാതയില്‍ 
വീണ്ടും പിച്ചവെക്കാന്‍ മോഹിക്കും
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ലെന്നറിഞ്ഞും  
ഉടഞ്ഞ കഷ്ണങ്ങളെ വാരിപ്പുണരും. 

കിഴക്ക് തുടുക്കും വരെ കൂടിയിരുന്ന് 
കഥകള്‍ പലതും കൈമാറും 
പിന്നെയൊരു വാവുബലി കാത്ത് 
നിശ്വാസത്തോടെ കല്ലറയിലേക്ക് മടങ്ങും ....

6 comments:

  1. അങ്ങനെ ആയിരിയ്ക്കാം!

    ReplyDelete
    Replies
    1. നന്ദി അജിത്‌ ജി ..ഒപ്പം നേരുന്നു പുതുവത്സരാശംസകളും..

      Delete
  2. തരുമോ..ഇനിയൊരു ജന്മം കൂടി..

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

    ശുഭാശം സകൾ...

    ReplyDelete
    Replies
    1. നന്ദി ..സൗഗന്ധികം..കൂടെ എന്‍റെ പുതുവത്സരാശംസകളും .....

      Delete
  3. അവിടെയും ഒരു കാത്തിരിപ്പു വരച്ചിടുന്നു നന്നായി

    ReplyDelete
    Replies
    1. നന്ദി ബൈജു ജി..ഒപ്പം പുതുവത്സരാശംസകളും നേരുന്നു

      Delete