ഞാനുമ്മറത്തിരുന്ന് നിശ്ശബ്ദം
ചെറുമഴയുടെ നനുത്ത താളത്തിനൊപ്പം
നനയാതെ നനയുമ്പോഴായിരിക്കണം
അകത്തെ ഈര്‍പ്പം മൂടിയ ഇരുട്ട് മുറിയില്‍
നീ പിടഞ്ഞ് തീര്‍ന്നത് ...
കണ്ണ് തുറന്നിരുന്ന് സ്വപ്നം കാണുന്ന
എനിക്ക് മുമ്പിലൂടെയായിരിക്കണം
ഉമ്മറപ്പടിയും കടന്ന് മരണം
പാതി തുറന്ന വാതിലിലൂടെ അകത്തേക്ക്
പതിയെ ഒച്ചയനക്കമില്ലാതെ കയറിപ്പോയത് ...
മരണത്തിനു മുമ്പുള്ള പരുക്കന്‍ ശൂന്യതയില്‍
നീ നിശബ്ദം നിലവിളിച്ചിരിക്കണം
നിശ്വാസം നിലയ്ക്കുമ്പോള്‍ വലിഞ്ഞു പൊട്ടുന്ന
ശ്വാസകോശത്തിന്‍റെ നീറ്റലകറ്റാന്‍
ഉച്ച്വാസവായുവിന് വേണ്ടി നീ ദാഹിച്ചിരിക്കണം
ഹൃത്തടം പൊട്ടിയകലുന്ന നോവാറ്റാന്‍
നെഞ്ചകം ഞാനൊന്ന് തലോടുമെന്ന്
വെറുതെയെങ്കിലും നീ മോഹിച്ചിരിക്കണം
വരണ്ടുണങ്ങുന്ന തൊണ്ട നനയ്ക്കാന്‍
ഒരു തുള്ളി വെള്ളത്തിന് കൊതിച്ചിരിക്കണം.
മരണത്തിനൊപ്പം പടിയിറങ്ങുമ്പോള്‍
നീയെന്നെ അലിവോടെ നോക്കിയിരിക്കണം
മരിച്ചവരുടെ ഭാഷയില്‍ പതിയെ
യാത്രാമൊഴിയെന്നോട് ചൊല്ലിയിരിക്കണം
ഒരു ചുമരിനിപ്പുറം ഞാനുണ്ടായിട്ടും
ഒന്നും പറയാതെ നീ പടിയിറങ്ങുമ്പോള്‍
ഒട്ടുമേ ഞാനതറിയാതെ പോയത്
ഉടയോന്‍ എന്നോട് കാണിച്ച സ്നേഹമോ
അടിയാന്‍ ഞാനിത് അര്‍ഹിച്ച ശിക്ഷയോ....
മരണനേരത്തേ ഭയത്തെ ചിന്തിച്ചാല്‍
ReplyDeleteമതി മറന്നുപോം മനമെല്ലാം!
അരികില്‍ ഒരാള്‍ ഉണ്ടെങ്കില്‍......!!!
നന്ദി . അജിത് ജി ...
ReplyDeleteമരിച്ചത് ആരാണ് അത് കഴിഞ്ഞു അതോർക്കുമ്പോൾ മരിച്ചു കൊണ്ടിരിക്കുന്നതാണ് സ്നേഹം
ReplyDeleteമരണം ശിക്ഷയല്ലെന്നു തോന്നുന്നു.ഒരു സന്ദേശമാണത്.ആയിരം തവണ വായിച്ചാലും മനുഷ്യൻ മനഃപൂർവ്വം മനസ്സിലാക്കാതെ വലിച്ചെറിയുന്ന മഹോന്നത സന്ദേശം.
ReplyDeleteനല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....