Friday, 6 March 2015

പഠിക്കാത്ത പാഠം



മീ
നത്തില്‍ മരിക്കാന്‍ കിടക്കുന്ന തൂതപ്പുഴയുടെ 
കനവ്‌ വറ്റിയ കണ്ണീര്‍ ചാലില്‍ കാല്‍ നനച്ച്  
ഞങ്ങള്‍ മാട്ടായി താലപ്പൊലിക്ക് പോകും.
വേഗം നടന്നില്ലെങ്കില്‍ കൂമ്പന്‍ മല പൊട്ടി
മലവെള്ളം വരുമെന്ന് പറഞ്ഞു പേടിപ്പിച്ച് 
കാരണവന്മാര്‍ മുന്‍പേ നടക്കും. 

കണ്ണീരു നനഞ്ഞു പുഴമണല്‍ പുരണ്ട 
തേഞ്ഞു തുളഞ്ഞ റബ്ബര്‍ ചെരിപ്പുകള്‍ 
തൊള്ള തുറന്ന് കെക്കക്കേ എന്നപ്പോള്‍   
കൊല്ലുന്ന പോലെ കളിയാക്കിച്ചിരിക്കും. 

ഇടവം പകുതി കടക്കുവോളം തൂതപ്പുഴയിങ്ങനെ  
കൊടും ചൂടിലും രാത്രിയുടെ ഏകാന്തതയിലും
ഇവള്‍ മേലാട നഷ്ടപ്പെട്ടവള്‍,ചോര വറ്റിയ ദേഹം മൂടി 
വെറും കണ്ണീര്‍ തൂവാലയുടുത്തു മാനം നോക്കി
ഉടല് മറച്ച്   നെടുവീര്‍പ്പിട്ട് കിടക്കും. 

പുഴക്കരയിലെ ഷാപ്പില്‍ നിന്ന് എന്നത്തെയും പോലെ 
മുളക് പൊടി  ചുവപ്പിച്ച ചൂട് പോത്തിറച്ചി തിന്ന്‍,
ചുണ്ടും നാവും ചുവപ്പിച്ച അധോദ്വാരങ്ങള്‍  
പോത്തുപോലെ അമറി ഇവളുടെ മാറിലേക്ക്‌ തുറക്കും... 

അരണ്ട വെളിച്ചത്തില്‍ വിഷം മുറ്റിയ നാഗങ്ങള്‍
ഉടുമുണ്ടഴിച്ചു മണലില്‍ വിരിച്ചു കിതച്ച്, 
കാമം തിളച്ചാറി കുറുകിയ കൊഴുത്ത വിഷം 
ഒരു സീല്‍ക്കാരത്തോടെ പുറത്തേക്ക് ചീറ്റും...

പേയിളകി , തുടലില്‍ കിടന്ന് നാലാം ദിവസം 
വെള്ളം കിട്ടാതെ കണ്ണ് തുറിച്ച് പിടഞ്ഞു ചത്ത
പപ്പനാവന്‍റെ പാവം പാണ്ടന്‍ നായക്ക് 
ഇവളുടെ നെഞ്ച് തുരന്നൊരു കുഴിയെടുക്കും.

പൂരവും ഉത്സവങ്ങളും കൊടിയിറങ്ങി 
പാലക്കാടന്‍ മണ്ണ് തളര്‍ന്നു കിടക്കുമ്പോള്‍
ആലിപ്പഴം വാരിയെറിഞ്ഞ് ഇക്കളി കൂട്ടി 
ഇടവപ്പാതിക്കൊരു വരവുണ്ട് 

തൂതപ്പുഴയപ്പോള്‍ ചോന്ന പട്ടുടുക്കും 
പൂമാലയണിഞ്ഞ് അരമണികിലുക്കി ചിലമ്പണിഞ്ഞ്  
ഉറഞ്ഞു തുള്ളി ഉന്മാദിനിയായി നിറഞ്ഞൊഴുകും,
ഞങ്ങള് നാട്ടുകാര് കനിഞ്ഞു നല്‍കിയ 
അവിഹിത ഗര്‍ഭങ്ങള്‍ കലക്കിക്കളഞ്ഞ് തൂതപ്പുഴ 
അഗ്നിശുദ്ധി വരുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കും...

മാസം മൂന്നോ  നാലോ പോലും കഴിയേണ്ട 
നഗ്നത കാട്ടി കണ്ണീരൊഴുക്കി  പിന്നെയുമവള്‍ 
ഇടവപ്പാതി സ്വപ്നം കണ്ടു മലര്‍ന്നു കിടക്കും,
ഞങ്ങള്‍ നാട്ടുകാരപ്പോള്‍ വേലയും വെടിക്കെട്ടും 
കൈവിരലില്‍ കണക്കു കൂട്ടിത്തുടങ്ങും...  

നിങ്ങളോട് ഞാനൊരു സ്വകാര്യം പറയാം 
നശിപ്പിക്കാനല്ലാതെ ഞങ്ങളൊന്നിനും പഠിച്ചിട്ടില്ല 
സ്വയം നശിച്ചാലല്ലാതെ ഞങ്ങള്‍  നാട്ടുകാര്‍  
ഇനിയൊന്നും  ഒരിക്കലും പഠിക്കുകയുമില്ല...  

14 comments:

  1. നിങ്ങളോട് ഞാനൊരു സ്വകാര്യം പറയാം
    നശിപ്പിക്കാനല്ലാതെ ഞങ്ങളൊന്നിനും പഠിച്ചിട്ടില്ല
    സ്വയം നശിച്ചാലല്ലാതെ ഞങ്ങള്‍ നാട്ടുകാര്‍
    ഇനിയൊന്നും ഒരിക്കലും പഠിക്കുകയുമില്ല... Athu thanne.

    ReplyDelete
  2. നന്ദി ....ഡോക്ടര്‍ സര്‍ ...!

    ReplyDelete
  3. നശിപ്പിക്കാനെളുപ്പം
    നിര്‍മ്മിക്കാനാണ് പ്രയാസം

    ReplyDelete
  4. നിര്‍മ്മിക്കാന്‍ നമ്മള്‍ പഠിക്കും ..എല്ലാം നശിച്ചതിനു ശേഷം ...
    നന്ദി അജിത്‌ ജി ....

    ReplyDelete
  5. ഒരു പുഴയെ എങ്ങിനെ നശിപ്പിക്കുന്നു എന്ന് നന്നായി കാട്ടിത്തന്നു. ഷാപ്പിൽ നിന്നിറ ങ്ങുന്നവരും, കാമം മൂത്ത വിഷ നാഗങ്ങളും,ശവങ്ങളും എല്ലാം പുഴയുടെ മാറിൽ തന്നെ.

    "ഉടല് കാട്ടി നാണമില്ലാതെ മലർന്നു കിടക്കുന്നു'' എന്നത് മാത്രം സന്ദർഭോചിതം ആയില്ല. അത് പുഴ സ്വയം ആകുന്നു എന്ന തെറ്റായ പ്രതീതി ഉളവാക്കുന്നു. അങ്ങിനെ കിടക്കുന്നതിനും ഉത്തരവാദി ജനങ്ങളല്ലേ? അതിന് പുഴയെ പഴി പറഞ്ഞ് 'സ്വയം നാണമില്ലാതെ കിടക്കുന്നു' എന്ന് പറഞ്ഞത് ശരിയായില്ല. ആ നാല് വരികൾ തന്നെ ഒഴിവാക്കാമായിരുന്നു. എങ്കിൽ കവിത പൂർണമായേനെ. "ഇടവം പകുതികടക്കുവോളം, ഞങ്ങൾ നഗ്നയാക്കിയ തൂതപ്പുഴ കണ്ണീരുമൊലിപ്പിച്ചു കിടക്കും" എന്നോ മറ്റോ ആണ് പറയേണ്ടിയിരുന്നത്.

    ഓരോ കവിതയിലും കവി വളർന്നു കൊണ്ടേ ഇരിക്കുന്നു. മനോഹരമായ കവിത.

    ReplyDelete
  6. പ്രിയ ബിപിന്‍ ജി ..വെള്ളം വറ്റുമ്പോള്‍ പുഴ നാണം മറന്നു നഗ്നമാകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് ... അതാണ്‌ ഞാന്‍ ഉദ്ധേശിച്ചത് ..എങ്കിലും വസ്തുനിഷ്ടമായ ഒരു വിലയിരുത്തലിനു അളവറ്റ നന്ദി ..സ്നേഹം ...കടപ്പാട് ,,,!

    ReplyDelete
  7. കവി ഉദ്ദേശിച്ചത് അതായിരിക്കും. പക്ഷെ വായനക്കാരന് അനുഭവപ്പെട്ടത് തൂത പ്പുഴ " ഉടുത്ത ഒന്നര അഴിച്ചിട്ട്" സ്വയം ഒരു അഭിസാരിക ആയി എന്നാണ്.

    സലിം, കവിത വളരെ നന്നായി.അതിനാലാണ് അതിലെ ഒരേ ഒരു അഭംഗി ദഹിക്കാഞ്ഞതും അത് എടുത്തു കാട്ടിയതും.

    ReplyDelete
  8. ബിപിന്‍ ജി ...നന്ദി അങ്ങയുടെ ഉപദേശത്തിന് ...വരികള്‍ മാറ്റിയിട്ടുണ്ട് ..
    ശ്രദ്ധിക്കുമെന്ന് കരുതുന്നു ..തുടര്‍ന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ..നന്ദി , ഒരിക്കല്‍ക്കൂടി ...

    ReplyDelete
  9. സംഹാര ചിന്തകള്‍ക്ക് മുഴക്കമേറെ......!

    ReplyDelete
  10. എം.ടിയുടെ ഏതോ കഥ വായിച്ച പ്രതീതി തോന്നുന്നു.....

    ReplyDelete
  11. എല്ലാ പാപങ്ങളും ഒഴുക്കാന്‍ ഒരു പുഴ... വളരെ നന്നായിപ്പറഞ്ഞിരിക്കുന്നു....

    ReplyDelete