Sunday, 19 July 2026

കൊന്നിടാനൊരു കലിയില്ലെങ്കില്‍ ....


നിന്‍റെ സ്നേഹക്കുപ്പായത്തിൻ 

കീശക്കൊരു ഓട്ട വീണോ 

നിന്‍റെ പ്രേമപ്പത്തായത്തിൻ 

മൂലക്കൊരു എലി കരണ്ടോ 


പണ്ട് ഞാൻ നിൻ ഉള്ളിന്നുള്ളിൽ 

മധു വഴിയും തേൻ കൂട് 

ഇന്ന് ഞാൻ നിന്നകമേ പുകയും 

സാമ്പ്രാണിയുടെ ഒരു കൂട് 

ചെങ്കനലുകളുടെ ഒരു മേട് 


നമ്മൾ രണ്ടും ഒത്തു തുഴഞ്ഞൊരു 

വള്ളത്തിനു തുള വീണോ 

നിന്റെ കരുതലിൻ ചില്ലു പാത്രം 

പലതായി വീണുടഞ്ഞോ


അന്ന് നമ്മൾ ചേരും നേരം 

എന്ത് മധുരം വർത്താനം 

ഇന്ന് നമ്മൾ കണ്ടാൽ പോലും 

മിണ്ടാത്തൊരു മറിമായം 


നിന്റെ കണ്ണിൻ മുൻപിൽ ആരും 

കാണാത്തൊരു മറ വീണോ 

ആ മറയത്തെന്നെ നിർത്തി 

അകലുന്നത് ശരിയാണോ 

നീ മറയുന്നത് ശരിയാണോ 


അന്ന് നമ്മൾ ഉള്ളത് ചൊല്ലി 

ഉയിരൊന്നായൊരു കാലം 

ഇന്നെന്നോടോതുവതെല്ലാം 

വെറും കളവുകളുടെ കൂമ്പാരം 


കാലമിങ്ങനെ കടന്നു പോകും 

തല വെളുത്തും തൊലി ചുളിച്ചും 

നാളെ നമ്മള്‍ രണ്ടു പേരും 

കണ്ട കനവുകള്‍ ബാക്കിയാകും


ജീവിതം അത് ഒന്നേയുള്ളത്

ഈവിധം നാം വെറുതെ കളയണോ 

നോക്കി നിൽക്കെ തീരും ഒരുനാൾ 

ബാക്കിയില്ലിനി ഒരു പാടൊന്നും... 


കൊന്നിടാനൊരു കലിയില്ലെങ്കില്‍  

വന്നു ചേരാനെന്തു തടസ്സം 

ഒന്ന് ചേർന്നൊരു യാത്രയാകാം 

കണ്ണടയുന്നൊരു കാലത്തോളം .




No comments:

Post a Comment