Sunday 25 August 2013

അകക്കണ്ണ് തുറക്ക നീ

ഭോഗത്തിനായുള്ള വസ്തു മാത്രം ഈ 
ഭൂമിയില്‍ പെണ്ണെന്ന ചിന്തയൊന്നേ 
ഭരിക്കുന്നൊരസുര ജന്മങ്ങള്‍ വാഴും
ദൈവത്തിന്‍ സ്വന്തം നാട്ടിലിന്നും 

വാക്കാലറുത്തും  വാളാല്‍ മുറിച്ചും 
വഞ്ചിച്ചിതന്യന്‍റെ സമ്പാദ്യമൊക്കെയും 
തഞ്ചത്തില്‍ തന്‍റെതായ് മാറ്റുന്ന വിദ്യയില്‍ 
വ്യാപൃതരാണിന്നീ കുറുനരി കൂട്ടം 

നീതിയും നിയമവും കാറ്റില്‍ പറത്തി
നിരാലംബ ജനത്തിനു കൊലക്കയര്‍ നല്‍കി 
നാട്  ഭരിക്കുന്നു മറ്റൊരു കൂട്ടം  
നാണവും മാനവും ഇല്ലാത്ത വര്‍ഗ്ഗം. 

നല്ലൊരു നാളെ ഇനിയൊന്നു പുലരാന്‍ 
നേരിന്‍റെ പുലരി എന്നിനി തെളിയാന്‍  
പാരിലീ പാവങ്ങളെത്തേടി അണയാന്‍ 
ആരിനി എന്നിനി  വന്നണഞ്ഞീടാന്‍... 

അകക്കണ്ണ് തുറക്ക നീ ദഹിപ്പിക്ക സര്‍വ്വമീ 
അകത്തലിവ് തീണ്ടാത്ത കൂട്ടങ്ങളെ 
അതിനു കഴിവെനിക്കില്ലാ അതല്ലേ 
ആ പാദങ്ങളില്‍ വീണു കേഴുന്നതും ...

4 comments:

  1. അകക്കണ്ണ് തുറന്നാല്‍ വെളിച്ചം വരും

    നല്ല കവിത

    ReplyDelete
  2. കവിത നന്നായി. ആശംസകൾ.

    "അകക്കണ്ണ് തുറപ്പിക്കാൻ
    ആശാൻ സന്നിധിയിലെത്തണം"
    ഇതാണ് ഓര്മ വന്നത്.
    എന്നിട്ടെന്താ കാര്യം, ''കുരുത്തം'' കെട്ടവരായാൽ.

    ReplyDelete
  3. മനുഷ്യൻ അകക്കണ്ണു തുറക്കട്ടെ. താങ്കളുടെ കവിതകളിൽ പുതിയ ലോകത്തിനും,പ്രഭാതത്തിനുമായുള്ള മോഹം എപ്പോഴും കാണാറുണ്ട്.മനസ്സിന്റെ നന്മ വരികളിലും പ്രതിഫലിക്കുന്നു.നന്നായി എഴുതി.

    ശുഭാശംസകൾ...

    ReplyDelete
  4. അധികാരിവര്‍ഗ്ഗം അകക്കണ്ണ് തുറക്കട്ടെ....

    ReplyDelete