Tuesday 17 December 2013

നീ വിണ്ണിറങ്ങുക,,,,!


ഉറങ്ങുമ്പോഴും സ്വന്തം കുലത്തിനു നേരെ 
തുറന്നുവെച്ച രണ്ടു കണ്ണുകളുണ്ടായി  നിനക്ക്...
കലികാലം മുടിയഴിച്ചാടും നരകത്തില്‍ 
കനിവിന്‍റെ ശോഭയുള്ള കൈത്തിരിനാളം
ഉലയാതെ കാക്കാന്‍ കരുത്തുണ്ടായി...

ഓട്ടപ്പാത്രത്തില്‍ അരവയര്‍ നിറക്കുന്നവരെ 
വട്ടം കറക്കുന്ന ഭരണാധികാരികള്‍ക്ക് 
തിട്ടൂരമേകാന്‍ മാത്രം ചങ്കുറപ്പുണ്ടായി നിനക്ക്....  

പാവങ്ങള്‍ക്ക് മുന്‍പേ ഇടറാതെ  നടക്കുവാന്‍ 
വിറക്കാത്ത കാലുകളുണ്ടായി നിനക്ക് .. 
കദനമേറി കണ്ണിലിരുട്ട്‌ കയറിയ സാധുക്കളെ   
പതറാതെ നയിക്കാന്‍ ഗരുഡന്‍റെ കാഴ്ചയുണ്ടായി..

ദൈവത്തിനും മുകളില്‍ വിധിക്കാന്‍ കഴിവുള്ളവര്‍  
ദയാവധത്തിന് വിധിച്ചവരുടെ  ഹൃദയമിടിപ്പ്‌  
പെരുമ്പറ കണക്കെ മുഴങ്ങിക്കേള്‍ക്കാന്‍ 
കരുത്തുള്ള കാതുകളുണ്ടായി ..

ഭീരുത്വത്തേക്കാള്‍ നല്ലത് മരണമേന്നോതി 
തണുത്ത ഞങ്ങളുടെ രക്തം തിളപ്പിച്ച നീ 
ഒരു വട്ടം കൂടി പുനര്‍ജ്ജനിക്കുക.... 
ബൊളീവിയിലെ കാടന്മാരുടെ പിന്‍ തലമുറക്കായി
വാരിക്കുഴി തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയേകുക...  


 സത്യം , നിനക്ക് വേണ്ടി കഴുമരം പണിതവര്‍ 
നിരാശരാകുന്ന ഒരു കാലം വരാനുണ്ട് 
ശിരസ്സ്‌ ചിതറുന്ന വേതാള ചോദ്യങ്ങള്‍ക്ക് 
കറപറ്റാത്ത ഉത്തരം നല്‍കി സുഹൃത്തേ 
നീ വിണ്ണിറങ്ങുക  ,പടനയിക്കാന്‍  പിന്നെ 
നീ ഞങ്ങള്‍ക്കൊപ്പം തലയെടുപ്പോടെ നില്‍ക്കുക ...

3 comments:

  1. ചെ
    ഇപ്പോള്‍ ടീ ഷര്‍ട്ടുകളിലെ ഒരു പടം
    ജയിലില്‍ അര്‍മാദിക്കുന്നവര്‍ക്കും ഉണ്ട് ആ ടീഷര്‍ട്ട്

    ReplyDelete
  2. സ്വന്തം മകളെ പോലും കച്ചവടത്തിനെത്തിക്കുന്ന ഇന്നത്തെ ലോകത്ത് ഇതൊക്കെ എത്ര നിസ്സാരം ....!നന്ദിയുണ്ട് അജിത്‌ ജി..ഈ വായനക്കും വാ മൊഴിക്കും ...

    ReplyDelete
  3. വിപ്ലവം മൈക്കിനു മുന്നിലല്ലെന്നു കാട്ടിത്തന്നവർ

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.




    ശുഭാശം സകൾ....

    ReplyDelete