Saturday 17 November 2012

മണല്‍ത്തരിയോട്

നിലാവിനെയും നക്ഷത്രത്തെയും നോക്കി
നീ മോഹിക്കുന്നത് എന്താണെന്ന് എനിക്കറിയാം
ആര്‍ത്തി പൂണ്ട തിരകള്‍ക്കൊപ്പം
കടലിലെക്കൊളിച്ചോടിയും
മറ്റൊരു തിരക്കൊപ്പം കരയിലേക്ക്
മദോന്മാത്തയായി തിരിച്ചോടിയും
വീണ്ടുമൊരു പാലായനം
സ്വപ്നം കണ്ടു  കിടപ്പാണ് നീ..

നീയൊന്നു മറിയുന്നില്ല ...
നിനക്ക് സ്നേഹമാണ് സര്‍വ്വരോടും,
ദൂരെ വിണ്ണില്‍ നിന്ന് പുഞ്ചിരി ചൂണ്ടയെറിയുന്ന
നിലാവിനോടും നക്ഷത്രത്തോടും,
ബാഷ്പകണികയുമായി തീരം ചുറ്റും കാറ്റിനോടും
പിന്നെ  എന്നും നിന്നെ തഴുകിത്തലോടും
നീലക്കടലിലെ തിരമാലയോടും....

നിനക്കറിയില്ല ഈ തിരകളെ...
നിനക്കൊപ്പം ആഴിയുടെ ആഴങ്ങളിലേക്ക്
നുരയും പതയും നല്‍കി ആനയിക്കുന്നത്
നിന്നെപ്പോലെ ആയിരങ്ങളേയാണ് ..

ആഴങ്ങളിലെക്കെത്തും മുന്‍പേ നിന്നില്‍
ആഴ്ന്നിറങ്ങി മതിയായി ഇടയിലുപേക്ഷിച്ച്
ഒരു ചെറു പുഞ്ചിരിയോടെ
മരതക നീലിമയിലേക്ക്‌ മറയുമവന്‍... .

പിന്നെ തീരമണയാന്‍ വെമ്പുന്ന
മറ്റൊരു തിരയുടെ കയ്യിലെ പാവയായ്‌
ഒരു കൊടും വഞ്ചനയുടെ കഥയറിയാതെ
നീ വീണ്ടും തീരമണയുന്നു..

നിനക്കൊന്നു മറിയില്ലെന്ന് എനിക്കറിയാം ...
എനിക്ക് പക്ഷേ സങ്കടമാണ്..
പൂന്തിരകള്‍ക്കൊപ്പമുള്ള ഓരോ പ്രയാണത്തിലും
നീ ഉരുകിയുരുകി ഇല്ലാതാവുന്നത്
ഞാനെങ്ങനെ സഹിക്കും ..?

3 comments:

  1. നന്നായിട്ടുണ്ട് കവിത

    ReplyDelete
  2. അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ......
    കൊള്ളാം... ശുഭാശംസകൾ.............

    ReplyDelete