Sunday, 1 March 2015

ലാഭക്കണക്കുകള്‍



ലാഭ നഷ്ട്ടക്കണക്കുകള്‍ കോറിയിട്ട 
അച്ഛന്‍റെ ജീവിതപുസ്തകം
ഞാന്‍ വായിച്ചിട്ടുണ്ട്..
അമ്മയ്ക്ക് വേണ്ടി ചെലവഴിച്ച
സ്നേഹത്തിന്റെ കണക്കുകള്‍
എല്ലാ താളിലുമുണ്ട്.

ഓരോ താളിലും അമ്മയുടെ പേരില്‍
വായിക്കാനാകാത്ത സംഖ്യാ രൂപത്തില്‍
അമ്മയ്ക്ക് നല്‍കിയ സ്നേഹം
മുറതെറ്റാതെ അടയാളപ്പെടുത്തിയിട്ടുണ്ട്.
മക്കളുടെ കോളം അപ്പോഴും അനാഥമായി 
അച്ഛന്റെ പുസ്തകത്തില്‍ ഒഴിഞ്ഞേ കിടന്നു ....

കണക്കു പുസ്തകം സൂക്ഷിക്കാത്ത
അമ്മയുടെ ജീവിതത്തില്‍
മനസ്സിന്‍റെ ഉള്ളറകളിലെവിടെയോ
മക്കളുടെ പേരില്‍ ലാഭം ലാഭമെന്ന്
കോറി വെച്ചിരുന്നു
അച്ഛന്റെ പേര് മറന്നിട്ടെന്ന പോലെ
എല്ലാ അറകളും ശൂന്യമായിരുന്നു .

അച്ഛനും മുമ്പേ അമ്മ മരിച്ചപ്പോള്‍ മാത്രം
മക്കള്‍ക്കുള്ള കണക്കില്‍ അച്ഛന്‍
ലാഭമെന്ന് വലിയക്ഷരത്തില്‍ കൊത്തിവെച്ചു
എന്നിട്ടും അച്ഛനെ സ്നേഹശൂന്യനെന്ന്
മരിയ്ക്കുവോളം അമ്മ കൂറ്റപ്പെടുത്തിയിരുന്നു....
  

16 comments:

  1. ഒന്ന് നൊന്തു നോവിച്ചു വരികൾ മനോഹരമായി

    ReplyDelete
  2. സ്നേഹം
    കുറിച്ചുവെക്കാനുള്ളതല്ല..
    കുറിച്ചുവെക്കപ്പെടുന്നത് സ്നേഹവുമല്ല..

    ReplyDelete
    Replies
    1. ശരിതന്നെ ശ്രീജിത്ത് ...പക്ഷെ ഇവിടെ സ്നേഹമല്ല സ്നേഹത്തിന്റെ കണക്കുകളാണ് ...നന്ദി വായനയ്ക്കും ഈ വാക്കുകള്‍ക്കും ...

      Delete
  3. സ്നേഹത്തിന്റെ കണക്കുകൂട്ടലുകൾ ലാഭനഷ്ടങ്ങളെപ്പോലെ അല്ല.
    നല്ല വരികൾ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര്‍ സര്‍ ...

      Delete
  4. അമ്മയ്ക്ക് സ്നേഹം നൽകിയില്ല എന്ന് മക്കളുടെ നാളെ വരുന്ന ആരോപണങ്ങൾക്ക് ഒരു മറുപടി എന്ന കരുതലിൽ ആണ് സ്നേഹത്തിന്റെ കണക്കു പുസ്തകത്തിൽ അത് കുറിച്ചിട്ടത്‌. അമ്മയാകട്ടെ ആ കിട്ടിയ സ്നേഹം കൂടി മക്കളുടെ പേരിൽ മനസ്സിൻറെ ഉള്ളറയിൽ കണക്കു പറയാതെ സൂക്ഷിച്ചു. അമ്മയ്ക്ക് ഇനി നൽകേണ്ട എന്ന സ്ഥിതി വന്നപ്പോൾ അച്ഛൻ അത് പകുത്ത്‌ മക്കൾക്ക്‌ നൽകി. ലാഭ നഷ്ട്ട കണക്കുകൾ നോക്കുമ്പോൾ മക്കളാണ് എല്ലാം നേടിയവർ.

    ഒരു ദാർശനിക വീക്ഷണം ഭംഗിയായി അവതരിപ്പിച്ചു. കവിതയെ ഗൌരവത്തോടെ സമീപിച്ചിരിയ്ക്കുന്നു. നല്ല കവിത.

    ReplyDelete
  5. അച്ഛന്റെ അമ്മയോടുള്ള സ്നേഹം അമ്മ തിരിച്ചറിയപ്പെടാതെ പോയി ..അങ്ങയുടെ വീക്ഷണം ശരിയാണ്ബിപിന്‍ ജി ..നന്ദിയുണ്ട് ഒരു ഗൌരവതരമായ വായനയ്ക്കും അഭിപ്രായത്തിനും ...

    ReplyDelete
  6. കുറിച്ചു വെയ്ക്കാത്തവയായിരുന്നു യഥാര്‍ത്ഥ സ്നേഹം.

    ReplyDelete
  7. കണക്കില്ലാത്ത ചിലത്!!!

    ReplyDelete
  8. ♥♥♥അജിത ജി ♥♥♥നന്ദി ...

    ReplyDelete
  9. ചിലരങ്ങനെയാണ് സലീം...കടലോളം സ്നേഹം ഉള്ളിലുണ്ടെങ്കിലും ഒട്ടും പുറത്ത് കാണിക്കില്ല

    ReplyDelete
    Replies
    1. പക്ഷെ ..ചിലപ്പോഴെങ്കിലും അത്തരം സ്നേഹം തെറ്റിദ്ധരിക്കപ്പെടുന്നു...ഹൃദയം നിറഞ്ഞ നന്ദി അനു രാജ് ...

      Delete
  10. പ്രകടിപ്പിക്കാത്ത സ്നേഹം പങ്കു വയ്ക്കപ്പെടുന്നില്ല.. : -( കവിത ഷ്ടായി.....

    ReplyDelete
  11. നന്ദി കല്ലോലിനി ..!

    ReplyDelete