Saturday 8 July 2023

വലകൾ



മൊട്ടത്തലയൻ തെങ്ങിൽ നിന്നൊരു
കൂട്ടിത്തത്ത പറക്കുന്നു
തെക്കു വടക്കു പാറി നടന്നവൾ
തിത്തെയ് നൃത്തം വെക്കുന്നു

കണ്ണ് കറുപ്പ് കഴുത്തു ചുവപ്പ്
കാലുകൾ മഞ്ഞ ഉടലോ പച്ച
മഴവില്ലഴകിൽ കുഞ്ഞിത്തത്ത
ചിറകു വിരിച്ചു പറക്കുന്നു...

ഉറവൻ കുന്നിന് താഴെ പാർക്കും
ചെറുതായുള്ളൊരു കുടിലിലെ മാടൻ
കുറിയൊരു വേടൻ ഒറ്റക്കണ്ണൻ
ക്രൂരൻ അവനൊരു നാളൊരു മോഹം

മഴവില്ലഴകിനെ കൂട്ടിലടക്കാൻ
ആഴ്ചച്ചന്തയിൽ കൊണ്ടോയ് വിൽക്കാൻ
കിട്ടണ പൊൻപണം കീശയിലാക്കി
മീശ പിരിച്ചു ഗമയിൽ നടക്കാൻ..

പൊൻ വലയൊന്നു വിരിച്ചവനിത്തിരി
തിനയും പയറും വാരിയെറിഞ്ഞു
തത്തക്കുഞ്ഞിനെ കൂട്ടിലടപ്പത്
കനവും കണ്ടാ മാടനിരിപ്പൂ...

വലുതും ചെറുതും ഇതുപോലല്ലോ
വലകൾ പലതൊരു രക്ഷയുമില്ല
ഉലകിൽ നമ്മെ കാത്തിടുമീശൻ
രക്ഷ കൊടുത്തു നയിച്ചീടട്ടെ
പക്ഷിക്കുഞ്ഞിനു തുണയാകട്ടെ...!!

No comments:

Post a Comment