Sunday, 12 July 2026

ആശാനിര്‍ഭരം

തോഴി ഈ പാതിരാ നേരത്തിതെന്തേ

തന്നേ മറന്നങ്ങിരിപ്പൂ 

മനോവ്യഥകളിൽ മുങ്ങിയിരിപ്പൂ 

താരും താരകളൊക്കെ ഉറങ്ങീട്ടും

താൻ കണ്ണ് ചിമ്മാതിരിപ്പൂ

ഇതാരെ കാത്തിട്ടിരിപ്പൂ...


തങ്കത്തളിക പോൽ അമ്പിളി മേലെ 

തിളങ്ങുന്നു പാലൊളിപ്പൂ വിതറി 

താഴെ ഒരു കിളി രാക്കിളി പാടുന്നു 

താരിളം ചില്ലയിൽ ഏകയായി 


എന്തോർത്തു വേദന തിന്നു നീയിങ്ങനെ 

നിദ്രയെ പുൽകാതിരിപ്പൂ 

നെഞ്ചകം തിങ്ങും നോവുറഞ്ഞെന്തിനീ 

യാതനയേറ്റം സഹിപ്പൂ.... 


ദൂരെ വീഥി തന്നറ്റത്തൊരാളുണ്ടോ 

നിലാവിൽ തിളങ്ങുന്ന തലപ്പാവിതൊന്നുണ്ടോ 

തോഴൻ അവൻ വന്നു ചേരുന്നതും നോക്കി

ദൃഷ്ടി എത്തും വരേയ്ക്കും തിരഞ്ഞിട്ടും 

കഷ്ടം അവൻ മാത്രമില്ലയല്ലോ 

ദുഷ്ടൻ അവനിത്ര മോശമെന്നോ 


വന്നു ചേരുകിലിന്നു നീ തോഴീ 

ചെന്ന് ചാരത്തിരിക്കവേണ്ടാ,

നിന്നെ മൂടും കരങ്ങളാൽ പുൽകുവാൻ 

നീയൊട്ടും സമ്മതം നൽക വേണ്ടാ... 


കത്തുന്നലങ്കാര ദീപങ്ങൾ വേണ്ട, 

കുത്തുവിളക്കെടുത്താനയിക്കേണ്ടാ ,

ചിത്തം ആമോദമാലെ തുളുമ്പേണ്ട,

ഇത്തിരി കെറുവെടുത്തണിയാൻ മടിക്കേണ്ട.


ആണുങ്ങളൊക്കെയും ഇങ്ങനെയോ 

കാണുമ്പോൾ മാത്രമേ സ്നേഹമുള്ളോ 

കാലം കറങ്ങി തിരിഞ്ഞെത്ര പോയാലും 

കരളു പൊള്ളാത്തൊരു കൂട്ടരെന്നോ..??


വന്നിടും വല്ലഭൻ വൈകിയെന്നാകിലും 

വല്ലാതെ വേപധു തൂകിടേണ്ട 

നാളെ വെളിത്തിട്ടിരുട്ടുമ്പോൾ വന്നിടും 

അത്രയ്ക്ക് നിർദ്ധയനല്ല കാന്തൻ !

No comments:

Post a Comment