Wednesday, 26 August 2026

ഛത്രവിലാപം


 ഛത്രവിലാപം

✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎

മുറിയിൽ മൂകസാക്ഷിയായിരുട്ടിൽ 

മൗനമണിഞ്ഞൊരു കാലൻ കുട

കാർമേഘങ്ങൾ കടന്നുപോയിട്ടും 

പൊൻവെയിൽ ചിരിച്ചു മറഞ്ഞിട്ടും 

തുള്ളിത്തിരുമുറി അലറി മാഞ്ഞിട്ടും 

അടങ്ങാത്ത പ്രതീക്ഷകൾ ഉള്ളിൽ 

കെടാതെ കാത്തു വെച്ചവൻ...


ആണിയിൽ കൊളുത്തിയ നാൾ മുതൽ
ആകാശം  മടക്കി വെച്ചവൻ 

ഇരുട്ടു മാത്രം ഭക്ഷിച്ച് നരച്ചു പോയവൻ 

ഏകാന്തയുടെ അങ്ങേയറ്റത്ത്

അനാഥനായി തൂങ്ങിക്കിടന്നവൻ 


നനയാൻ വന്നൊരു ബാലന്‍റെ
നെറ്റിയിലൊരു തണൽ വിരിക്കാൻ,
വിറയുന്നൊരു വൃദ്ധനൊപ്പം 

വഴിത്താരയിൽ കൂടെ നടക്കാൻ,

കാമുകഹൃദയ രഹസ്യങ്ങൾ
കാറ്ററിയാതെ കാക്കുവാൻ ,
അമ്മയുടെ കൈത്തണലായൊരു

കുഞ്ഞുറക്കത്തെ മൂടുവാൻ 

അവശന്‍റെ തലയ്ക്കു മുകളിലൊരു 

തണലായി വിരിയുവാൻ..

കൊതി പൂണ്ട ജന്മത്തിനീവിധം

അഴിയാ കുരുക്കിട്ടതാരോ?


വഴിതെറ്റിയാരെങ്കിലും വന്നെന്നെ 

വിടർത്തിയാകാശം കാണിക്കുമെങ്കിൽ,

വിളറിയ മുറിയിൽ നിന്നെന്നെ 

പുറംലോകം കാണിക്കുമെങ്കില്‍ ,

കാത്തിരിപ്പിന്‍റെ അവസാന നൂൽവലയും

ഭേദിച്ചൊരിക്കൽ 

ജന്മസാഫല്യത്തിലേക്കണക്കുമെങ്കിൽ..


ജന്മമീവിധം ആയതോ സുഹൃത്തെ

ഒരിക്കലും അഴിയാ ബന്ധനത്തില്‍ 

ഋതുക്കളിങ്ങനെ മാഞ്ഞു മറയുമ്പോഴും 

മൂകനായി തൂങ്ങിക്കിടപ്പതും  

നിരാശ്രയനായി പരിതപിക്കതും... 


ഒരാൾക്കുവേണ്ടി ഒരു നേരമെങ്കിലും

തണലാകുവാനെന്നുള്ളിലത്രയും 

അടങ്ങാത്തോരാഗ്രഹം നിത്യം  

തിരയടങ്ങാ കടലുപോലെന്നില്‍ 

അലയടിക്കുന്നതാരറിയാന്‍ ?


എന്നിട്ടും.....

മഴ നനഞ്ഞൊരു ബാലൻ 

ഇറയത്തേക്കോടിയപ്പോഴും

തല നനച്ചൊരു വൃഷ്ടിയിൽ വൃദ്ധൻ 

കൈ വിടർത്തി തല മൂടിയപ്പോഴും 

തോരാതെ പെയ്ത മഴ തന്നെ കുടയാക്കി 

കമിതാക്കൾ നടന്നു നീങ്ങിയപ്പോഴും...

കഷ്ടം,

ഒരാളുടെ ഓര്‍മ്മയില്‍ പോലും ഞാന്‍ 

അറിയാതെയെങ്കിലും തെളിഞ്ഞില്ലല്ലോ


ഞാനൊരു  വെറും കറുത്തവനല്ലായെന്നും  

ഒരാളുടെ ജീവിതത്തിൽ

ഒരുനിമിഷമെങ്കിലും 

സാന്ത്വനമാകാൻ കാത്തിരുന്നൊരു 

നിശ്ശബ്ദ പ്രാർത്ഥനയായിരുന്നെന്നും 

ആർക്കറിയാൻ....

No comments:

Post a Comment