Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, 10 October 2026

സഹനപര്‍വ്വം

 






കതകടഞ്ഞാണ്‌...

തളം കെട്ടിയ ഇരുട്ടിൽ 

ക്ഷമ ആഞ്ഞു വലിച്ച് 

അക്ഷമ പുറത്തേക്കൂതി

കോലായിലെ തൂണിന് മറവിൽ

ആന്റപ്പൻ...

അകത്ത് നിന്നിപ്പോഴും

സീൽക്കാരത്തിന് ഒരു കുറവുമില്ല 

വാതിൽ അടഞ്ഞു തന്നെ...


പുറത്ത്‌,

ഇടവഴിയിലെ ഇരുട്ടിൽ

മുഖം മൂടിക്കെട്ടി

കുന്തിച്ചിരുന്ന്

കുത്തി നോവിക്കുന്നവരെ 

ഒറ്റയടിക്ക്

കൊന്നു കൊലവിളിച്ച് 

അന്ത്രു..

വാതിൽ അടഞ്ഞു തന്നെ..


തൊടിയിൽ 

വാഴക്കൂട്ടനിഴലിൽ 

ഉടുമുണ്ട് നിലത്തിട്ട്

ചമ്രം പടിഞ്ഞിരുന്ന്‌ 

ഉമ്മറ വാതിലിലെ കൊളുത്തിൽ

കൃഷ്ണമണി തൂക്കിയിട്ട്

കണാരൻ...

കതകടഞ്ഞു തന്നെ..


ഇരുട്ട് തിന്ന്‌ ആരോ ഒരാൾ

കയ്യാലപ്പുറത്ത്

കണ്ണിൽ നക്ഷത്രം പൂത്ത്

കരളിൽ

കനവുകൾ കോർത്ത് 

പുറത്തേക്കോ അകത്തെക്കോ

തിട്ടമില്ലാത്ത ഇരിപ്പ്...

വാതിൽ അടഞ്ഞു തന്നെ...


അകത്തുള്ളവന് എന്തറിയാം

പുറത്തുള്ളവന്റെ

സഹനപുരാണം..???

അകത്ത് നിന്നപ്പോഴും

സീൽക്കാരത്തിന് ഒരു കുറവുമില്ല 

വാതിൽ അപ്പോഴും....

അടഞ്ഞു തന്നെ..!!!

Sunday, 27 September 2026

മനോമയി


 മനോമയി  

✿❀✿❀✿❀✿❀✿❀✿❀✿❀✿❀


ഇന്നലെ കണ്ട സ്വപ്നത്തിലാഹാ 

വന്നു കണ്മുന്നില്‍ ആലോലമാടി 

ചെന്ന് തൊട്ടാലോ എന്ന് തോന്നും 

ചന്തം തികഞ്ഞൊരു ചാരുനേത്ര ! 


ഏതു ഗോളാന്തര ലോകത്തു നിന്നും 

ഭൂതലം തന്നിലിറങ്ങുന്നു സുവാസിത ,

ഏതൊരജന്താ ശില്പത്തിൻ ലാവണ്യം 

അന്തരംഗത്തിൽ നിറയ്ക്കുന്നിതംഗന !


വാരിധി തന്നിലങ്ങോളമിങ്ങോളം

ചാരുത ഇത്രമേലുള്ളതിതെന്തിനോ 

ശാരികക്കണ്ണും ശുകിരുധിരാധരം 

പാരിതിൽ ഇമ്മട്ടിലേതു മനോമയി ?


വന്നു പ്രഹാസത്താല്‍ തൊട്ടും തലോടിയും 

പിന്നെ വക്ഷസില്‍ ചേർത്തൊന്നമർത്തിയും 

തെന്നിമാറിയും അരികിലേക്കൊഴുകിയും 

ആരെയും എരിതീയിലുരുക്കും മനോമയി !


മതിയെന്നു തോന്നും വരേയ്ക്കും കിനാവില്‍ 

മതിമുഖി കാത്തു നിന്നില്ലൊരല്‍പ്പവും 

മാഞ്ഞു തുഷാരം വെയിലേറ്റയെന്നപോല്‍ 

മറഞ്ഞെന്റെ നിദ്രയും  രാവുടനീളവും ...!!!

Wednesday, 26 August 2026

ഛത്രവിലാപം


 ഛത്രവിലാപം

✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎✴︎

മുറിയിൽ മൂകസാക്ഷിയായിരുട്ടിൽ 

മൗനമണിഞ്ഞൊരു കാലൻ കുട

കാർമേഘങ്ങൾ കടന്നുപോയിട്ടും 

പൊൻവെയിൽ ചിരിച്ചു മറഞ്ഞിട്ടും 

തുള്ളിത്തിരുമുറി അലറി മാഞ്ഞിട്ടും 

അടങ്ങാത്ത പ്രതീക്ഷകൾ ഉള്ളിൽ 

കെടാതെ കാത്തു വെച്ചവൻ...


ആണിയിൽ കൊളുത്തിയ നാൾ മുതൽ
ആകാശം  മടക്കി വെച്ചവൻ 

ഇരുട്ടു മാത്രം ഭക്ഷിച്ച് നരച്ചു പോയവൻ 

ഏകാന്തയുടെ അങ്ങേയറ്റത്ത്

അനാഥനായി തൂങ്ങിക്കിടന്നവൻ 


നനയാൻ വന്നൊരു ബാലന്‍റെ
നെറ്റിയിലൊരു തണൽ വിരിക്കാൻ,
വിറയുന്നൊരു വൃദ്ധനൊപ്പം 

വഴിത്താരയിൽ കൂടെ നടക്കാൻ,

കാമുകഹൃദയ രഹസ്യങ്ങൾ
കാറ്ററിയാതെ കാക്കുവാൻ ,
അമ്മയുടെ കൈത്തണലായൊരു

കുഞ്ഞുറക്കത്തെ മൂടുവാൻ 

അവശന്‍റെ തലയ്ക്കു മുകളിലൊരു 

തണലായി വിരിയുവാൻ..

കൊതി പൂണ്ട ജന്മത്തിനീവിധം

അഴിയാ കുരുക്കിട്ടതാരോ?


വഴിതെറ്റിയാരെങ്കിലും വന്നെന്നെ 

വിടർത്തിയാകാശം കാണിക്കുമെങ്കിൽ,

വിളറിയ മുറിയിൽ നിന്നെന്നെ 

പുറംലോകം കാണിക്കുമെങ്കില്‍ ,

കാത്തിരിപ്പിന്‍റെ അവസാന നൂൽവലയും

ഭേദിച്ചൊരിക്കൽ 

ജന്മസാഫല്യത്തിലേക്കണക്കുമെങ്കിൽ..


ജന്മമീവിധം ആയതോ സുഹൃത്തെ

ഒരിക്കലും അഴിയാ ബന്ധനത്തില്‍ 

ഋതുക്കളിങ്ങനെ മാഞ്ഞു മറയുമ്പോഴും 

മൂകനായി തൂങ്ങിക്കിടപ്പതും  

നിരാശ്രയനായി പരിതപിക്കതും... 


ഒരാൾക്കുവേണ്ടി ഒരു നേരമെങ്കിലും

തണലാകുവാനെന്നുള്ളിലത്രയും 

അടങ്ങാത്തോരാഗ്രഹം നിത്യം  

തിരയടങ്ങാ കടലുപോലെന്നില്‍ 

അലയടിക്കുന്നതാരറിയാന്‍ ?


എന്നിട്ടും.....

മഴ നനഞ്ഞൊരു ബാലൻ 

ഇറയത്തേക്കോടിയപ്പോഴും

തല നനച്ചൊരു വൃഷ്ടിയിൽ വൃദ്ധൻ 

കൈ വിടർത്തി തല മൂടിയപ്പോഴും 

തോരാതെ പെയ്ത മഴ തന്നെ കുടയാക്കി 

കമിതാക്കൾ നടന്നു നീങ്ങിയപ്പോഴും...

കഷ്ടം,

ഒരാളുടെ ഓര്‍മ്മയില്‍ പോലും ഞാന്‍ 

അറിയാതെയെങ്കിലും തെളിഞ്ഞില്ലല്ലോ


ഞാനൊരു  വെറും കറുത്തവനല്ലായെന്നും  

ഒരാളുടെ ജീവിതത്തിൽ

ഒരുനിമിഷമെങ്കിലും 

സാന്ത്വനമാകാൻ കാത്തിരുന്നൊരു 

നിശ്ശബ്ദ പ്രാർത്ഥനയായിരുന്നെന്നും 

ആർക്കറിയാൻ....

Saturday, 8 August 2026

തിരയെടുക്കാതെ നാമിരുപേരും


 തിരയെടുക്കാതെ നാമിരുപേരും 

✿❀✿❀✿❀✿❀✿❀❀✿❀✿❀✿❀✿✿❀✿✿❀✿❀✿❀✿❀✿✿❀✿✿


ഒരു ദിനം നീയും ഞാനും പ്രണയത്തിൻ 

താജ് മഹല്‍ പണിയുന്ന നേരം , 

ഒരു തിരു രജനിയിൽ സുമധുര ഗാനത്തിൻ 

തിരകളിൽ നീന്തും നേരം... 


നുരയുന്നു മനസ്സിത് കടലല പോലവെ 

നിറയുന്നു പുളകിതാനന്ദവുമതുപോലെ 

ഉറയുന്നു ഉന്മാദ തേനല നീളവേ 

ഒഴുകുന്നു നാമിതംബര മുകിൽ പോലെ...


മദന വിചാരത്തിൽ തനു വിറ പൂണ്ടൊരു 

സുരത പ്രവാഹത്തിൽ ഒഴുകിടും നേരം 

താരും തളിരും സൂനം നിറഞ്ഞൊരു 

സുരലോകം തന്നിലാണെന്ന പോലെ.


തിരയെടുക്കാതിരുന്നെങ്കിലീ കരയിതിൽ 

നാമിരുപേരും പിരിയാതെയിങ്ങനെ 

നേരവും കാലവും അറിയാതെ ജന്മങ്ങൾ 

താണ്ടണം കൽപാന്ത കാലം വരേക്കും.

Sunday, 2 August 2026

നിനക്കൊപ്പം...


 നിനക്കൊപ്പം 

❂❂❂❂❂❂❂❂❂❂❂❂❂❂❂❂❂❂❂❂  

നീ ഒറ്റയ്ക്കാക്കിയിട്ട് ഇറങ്ങിപ്പോയ അന്ന്

കൂടിയവരുടെ കണ്ണുകളിലേക്ക്

ഞാൻ നോക്കിയിട്ടില്ല

പാവം പാവം എന്ന്

ചുണ്ട് പെറ്റ വാക്കുകൾ

ഞാൻ കേട്ടിട്ടില്ല

ആരുടെയും സാന്ത്വന വചനങ്ങൾ

എന്‍റെ ഉള്ളുലച്ചിട്ടില്ല



എന്‍റെ സ്നേഹമളക്കാൻ 

നിന്‍റെ സ്നേഹമാപിനിയിൽ 

അളവുകളില്ലാതെ പോയതിൽ 

പരാതിപ്പെട്ടിട്ടില്ല

ഒരു രാത്രിയുറക്കത്തിൽ നിന്നുണരാതെ 

എന്‍റെ ജീവിതത്തിൽ നിന്ന്

ഇറങ്ങിപ്പോയതിൽ

പറിഭവിച്ചിട്ടില്ല 


ശരിക്കും....

തർക്കങ്ങളൊ പിടിവാശിയോ 

ഉറക്കറയിലെ പിണക്കങ്ങളൊ ഇല്ലാതെ

എനിക്ക് നിന്നെയിപ്പോൾ 

സ്നേഹിക്കാനാവുന്നുണ്ട്

മരിച്ചവർ ഇറങ്ങിപ്പോയ വീടുകളാണ്

മരിച്ചാലും പിരിയാത്തവരെ 

അവരുടെ ഓർമ്മകൾക്കൊപ്പം 

ചേർത്തു പിടിക്കാൻ നല്ലത്... 

Sunday, 26 July 2026

ഭ്രാന്ത് പൂക്കുന്ന മരങ്ങള്‍

ഒറ്റയ്ക്ക് ഇരിക്കുമ്പോൾ 

ഞാനൊരു പെരും കള്ളനാകുന്നുണ്ട് 

അവളുടെ കണ്ണിലെ പരൽ മീനുകളെ 

അവൾ പോലുമറിയാതെ 

കട്ടെടുക്കാൻ തോന്നുന്നുണ്ട് 


ചില നേരങ്ങളിൽ 

ഞാനൊരു അസൂയാലുവാകുന്നുണ്ട് 

അവളുടെ കുറുനിരമുടിയിഴകളിൽ 

തെന്നിക്കളിക്കുന്ന ഇളം കാറ്റിനെ 

കല്ലെടുത്തെറിയാൻ തോന്നും പോലെ 


ഏകാന്തത തിന്നു മടുക്കുമ്പോൾ 

ചിലപ്പോൾ ഞാൻ 

കോപാകുലനാകുന്നുണ്ട് 

അവളുടെ ചുണ്ടിലെ ചെമ്പരത്തിപ്പൂക്കൾ 

പറിച്ചെടുക്കാൻ തോന്നും വിധം


ചിലതോർത്തു പോയാലെനിക്ക്

കഠിനമായ പുച്ഛം തോന്നുന്നുണ്ട് 

അവളുടെ കവിളിലേ സിന്ദൂര കാന്തി 

കവർന്നെടുത്തു സ്വന്തമാക്കിയ 

അസ്തമയ സൂര്യനോട്..

 

ഞാനെന്താണ് ഇങ്ങനെയെന്നല്ലേ..?

ഒരാൾക്കൊരാളോടുള്ള സ്നേഹം

വിടർന്നാലൊരിക്കലും കൊഴിയാത്ത 

ഭ്രാന്ത് പൂക്കുന്ന കാട്ടുമരങ്ങളാകുമ്പോൾ 

ഞാനിങ്ങനെയല്ലാതെ പിന്നെ

 എങ്ങനെയാകാൻ..?

Sunday, 8 December 2024

ഭാഗ്യം

 .

മരിച്ചു കിടക്കുന്നമ്മ

ചിരിച്ചു കിടക്കുന്നമ്മ,

വരച്ചു തീരാ ജീവിതം

മറച്ചു വെച്ചോരമ്മ

ഒരച്ഛൻ തന്നെയന്ന്
പിഴച്ചു പോയോളെന്ന്
കുരച്ചു കേട്ടിട്ടുടൽ
തരിച്ചു പോയാളമ്മ

കടുത്ത വാക്കാലെന്നും
കരിച്ച നെഞ്ചിൻ കൂട്
കനച്ച കല്ലിന്നൊപ്പം
ഉറച്ചു പോയോളമ്മ

ജനിച്ച നാളെ തൊട്ടു
ചിരിച്ചു കണ്ടേയില്ല
പറിച്ച പൂവേ പോലെ
ചതഞ്ഞു പോയോരമ്മ

ചവച്ചു തുപ്പീയച്ഛൻ
ചതിച്ചതവരെ പാരം
വിധിച്ചതെന്നു ചൊല്ലി
സഹിച്ചു സര്‍വ്വം നിത്യം

ഉറച്ച വാക്കിന്നെതിരെ
മറിച്ച് ചൊല്ലാത്തമ്മ
പറിച്ചേകിയ ചങ്കും
ചതച്ചരച്ചോരച്ഛൻ

മരിച്ചു പൊയേയമ്മ
തനിച്ചിതായീ ഞാനും
കുറച്ചേയുള്ള ജീവിതം
ത്യജിച്ചു എനിക്കായെന്നും

ജനിച്ചതമ്മയിൽ ഞാനും
മറിച്ചില്ലൊരു ഭാഗ്യം
കുറച്ചു കാലം ഒപ്പം
ജീവിച്ചതേ പുണ്യം
...

Wednesday, 20 November 2024

ഒരു പഴങ്കഥ

 കാറ്റിതെത്ര അലഞ്ഞു മണ്ണിൽ

കരിങ്കണ്ണ് തട്ടാത്ത പൂവ് തേടി
ഒടുവിലൊരു സ്വച്ഛമാം പുളിനത്തിലായ്
വിടർന്നു നിൽപ്പതാ സൂന സൗഭഗം.....

ചാരു വർണ്ണ പദംഗമോടെ
താരിൻ താഴ്ന്നൊരു ചില്ലയിൽ
ആരും മോഹിക്കും കാന്തി തൂകി
കാറ്റിനെ കാത്തു നിൽപ്പതാ
തരുണ ഗാത്രി മനോഹരി .

മേനി നനയും തുഷാരവും
തനുവുള്ളിൽ നിറയുന്ന തൂ മധുവും
കണ്ണ് കുളിരാർന്നുപോം വർണ്ണവും
ആരും മോഹിച്ചിടും പൊൻ പൂവുടൽ...

കാറ്റ് വന്നൊന്നു തൊട്ട നേരം
തരളയായവൾ ആകമാനം
ആർദ്രയായോന്നു കണ്ണടച്ചും
ആദ്യ സമാഗമ പൊലിവിനാലെ .

കാതം പലതുണ്ട് താണ്ടുവാനായ്
കാടും മേടും കുന്നുകളായ്
കാലം കാറ്റിനേൽപ്പിച്ച ഭാരം
പാവം പൂവിനിതെന്തറിയാം..

ഗാഢം പുണർന്നുമ്മ വെച്ചും
വീണ്ടും വന്നിടാമെന്നുരച്ചും
കുറ്റബോധമതൊട്ടുമേശാ
കാറ്റകന്നുപോയ് തൻ വഴിയേ...

തിരിഞ്ഞു നോക്കില്ല നമ്മളാരും
മറഞ്ഞു പോയ കഴിഞ്ഞ കാലം , അതിൽ
ഉറഞ്ഞു പോയ മൗന രാഗം .
കാറ്റിനാകട്ടെയെങ്കിലും പഴി
മറ്റു നമ്മളിതെന്ത് ചെയ്‌വൂ ..?

Saturday, 16 November 2024

സദാനന്ദൻ മാഷ് 5 ബി ( മലയാളം)

 

മിണ്ടാമിണ്ടിക്കായണ്ടോ
കണ്ടാ മണ്ടണ നായണ്ടോ
ചെണ്ടിലിരിക്കാ വണ്ടുണ്ടോ
ചൂണ്ടേലുടക്കാ ഞണ്ടുണ്ടോ
വെട്ട്യാ മുറിയണ ഇരുമ്പുണ്ടോ
കട്ടക്ക് നിക്കണ ചങ്കുണ്ടോ
ചുട്ടാ പറക്കണ കോഴിണ്ടോ
കൂട്ട്യാ കൂടണ മുറിവുണ്ടോ
കരയിലുറങ്ങണ മീനുണ്ടോ
കഥ കേൾക്കാത്തൊരു കുഞ്ഞുണ്ടോ
കരയാ കുട്ടിക്ക് പാലുണ്ടോ
കണ്ണീർ തുള്ളിയിലുപ്പുണ്ടോ
പാറയിലുറയണ തേനുണ്ടോ
ഉറവയിലുതിരണ പൊന്നുണ്ടോ
കെറുവുകൾ തോന്നാ മനമുണ്ടോ
ഉറിയും ചിരിക്കണ നേരുണ്ടോ
കിണ്ടാമുണ്ടി ചോദ്യം പോലൊരു
വണ്ടീം വലയും വേറെണ്ടോ
മിണ്ട്യാൽ മണ്ടത്തരമാകുന്നൊരു
വേണ്ടാത്തരമിതു പോലുണ്ടോ
പുളിവടി പടുവടി ചൂരൽ വടിയാൽ
പെട പെട കയ്യിൽ ചടപട വീണാൽ
അടിപിടി നോവാൽ ഉടലിളകീടും
കടുകിട തെറ്റാതുത്തരം ഞൊടിയിൽ
മണി മണിയായി മൊഴിഞ്ഞീടും
ഇത്തരമിത്തിരി ചോദ്യം തന്നാൽ
ഉത്തരമൊട്ടും തെറ്റീടാതെ
കുത്തിയിരുന്നു ചൊല്ലീടാഞ്ഞാൽ
എത്തും ഞാനൊരു ചൂരൽ വടിയാൽ
കിട്ടും കയ്യിൽ പലഹാരം....!.

പറയാതെ വയ്യ...!

ഹൃദയ താളം നിലച്ചാലെന്നെ നീ

സദയം ഓര്‍മ്മയില്‍ നിന്നു കളയണം
ചെറിയ കാലം നിനക്കൊപ്പമെങ്കിലും
വെറുതെയെന്‍‍ ചിന്തയാലെന്‍ കളത്രമേ
ഉരുകി ഇലാതെയാവരുതെന്നും
ചെറു മെഴുതിരി പോലെയിപ്പാരില്‍‍.
പറയാതെ വയ്യ ഈ ജീവിതമെപ്പോഴും
പിരിയേണ്ടി വന്നിടും നമ്മളെന്നെങ്കിലും
അന്നാളിലുരുകി ഉലയാതിരിക്കുവാന്‍‍
ഇന്നേ കരുതണം ഉള്ളിലെന്‍ വാക്കുകള്‍‍.
എന്തിനു കണ്ണ് നിറയ്ക്കുന്നു തലേദരി
വേദാന്തമിതെന്തിനായ് എന്നു നിനച്ചുവോ
പൊറുക്കണം സഹിക്കണം അല്ലാതെന്തു ഞാന്‍‍
മരണക്കിടക്കയില്‍ നിന്നുരിയാടേണ്ടൂ....
ഓര്‍ത്തിട്ടശേഷവും വിചാരപ്പെടേണ്ടെടോ
സ്വര്‍ഗ്ഗത്തിലേക്കല്ലോ യാത്രയും പെണ്ണെ
നീയുമെന്‍‍ മക്കളും കൂടെയുണ്ടെങ്കിലെ -
നിക്കെല്ലാം തികഞ്ഞോരിടമല്ലോയവിടം
ചേരുമ്പോളാരും നിനക്കില്ലയോട്ടും
പിരിയെണ്ടാതാണൊരു നാളെന്ന സത്യം
മരണവിചാരത്താലാരുണ്ട് പത്നീ
നരനായി ജീവിപ്പതിങ്ങീ ഭൂമിയില്‍‍
ചേതനയറ്റുപോയ്‌ എന്നുറപ്പായാല്‍
വേദന തോന്നരുതൊട്ടും നിന്‍ ഹൃത്തില്‍‍
മക്കളെപ്പോറ്റണം വളര്‍ത്തിയാളാക്കണം
സങ്കടം കൂടാതെ വാഴണം ദീര്‍‍ഘനാള്‍‍..

പര്യായം


 

കാലക്കേട്

 കാറെല്ലാം പോയല്ലോ കാറ്റ് കൊണ്ടോയല്ലോ

തെക്കേച്ചിറ പാടം ഞാറും കരിഞ്ഞല്ലോ
പുഴയാകെ വരണ്ടല്ലോ
പൂക്കൾ കരിഞ്ഞല്ലോ
പുലരിത്തുടുപ്പിലും വെന്തു വിയർത്തല്ലോ
എരിവേനൽ പൊരി വെയില്ലല്ലോ
കരിയുന്നിതകവും പുറവും
തരിയും തണലില്ലാ വെയിലിൽ
ശരണം നമുക്കെന്നിനിയെന്നോ.
ദുരിതം ഇത് നാളെയോർക്കാ
ചരിതം നാം മാനവനെന്നും
കനിവില്ലേ മഴയേ പൊന്നേ
ഇനിയില്ലേ ഈ വഴിയൊന്നും...