Sunday, 3 November 2024

പൂരക്കാഴ്ച്ചകള്‍

 പൂരം കാണുവാൻ പോരേടീ മുല്ലേ

പൂതി പറഞ്ഞോണ്ടിരിക്കാതെ പൊന്നേ

ചേലയുടുക്കെടീ പൊട്ടൊന്നു കുത്തെടീ
ചേലെഴും മിഴികളിൽ മഷിയൊന്നെഴുതെടീ
ചുണ്ട് ചോപ്പിക്കെടീ വളകളണിയെടീ
വാര്‍മുടി കോതി ഒതുക്കിയിട്ടേക്കെടീ...
വേഗം നടക്കെടീ വെയില്‍ ചൂട് വയ്യെടീ
തേര് കാവിറങ്ങുന്നതിന്‍ മുന്‍പായി
ദേവിയെ തൊഴുവാനുള്ളതല്ലേ
നമുക്കനുഗ്രഹം വാങ്ങുവാനുള്ളതല്ലേ...
പൂതനും തിറയും വരുന്നുണ്ട് കണ്ടോടീ
പൂരപ്പറമ്പിലെ തിരക്കൊന്നു കണ്ടോടീ
ആല്‍ത്തറ തന്നിലിരിക്കണ കൊച്ചിന്‍റെ
പാല്‍നിലാ പുഞ്ചിരിയൊന്നു കണ്ടോ
പുത്തനുടയാട വില്‍ക്കുന്ന കടയിലെ
ചന്തമേറുന്നോരുടുപ്പു കണ്ടോ
ചേലെഴും കുപ്പി വളകള്‍ കണ്ടോ
ചൊവ്വുള്ള ചേലയും ചാന്തും കണ്ടോ
ഒട്ടിയിരിക്കുന്ന ദമ്പതിമാരുടെ
മോത്തുള്ള സൂര്യന്‍റെ ശോഭ കണ്ടോ
കണ്ണെറിഞ്ഞേറെ കറങ്ങി നടക്കുന്ന
കാമുകന്‍മാരുടെ മോറു കണ്ടോ
കണ്ണു കുളിരും നിറങ്ങളില്‍ പാകിയ
വര്‍ണ്ണ മിഠായികളെത്ര കണ്ടോ
കുട്ടിക്കാലത്ത് നാമേറേ കൊതിച്ചുള്ള
കളിപ്പാട്ടങ്ങെളത്രയാെണന്നു കണ്ടോ
ചുറ്റി നടന്നേറെ നേരവും പോയി
ഒട്ടി നടന്നേറെ ക്ഷീണിച്ചു പോയി
ഒത്തിരിയുള്ളൊരാ കാഴ്ചയില്‍ നിന്നും
ഇത്തിരിയെങ്കിലും കണ്ടത് നന്നായി
ഓര്‍ക്കണേ വീട്ടിലമ്മയൊറ്റക്കല്ലേ
കൂട്ടിനാരുമില്ലാ മറക്കല്ലേ
കാവിറങ്ങീടാം കൂര പിടിച്ചിടാം
വന്നിടാം ദേവിയനുഗ്രഹിച്ചെങ്കില്‍
കണ്ടിടാം മുല്ലേ അടുത്ത കൊല്ലം...

No comments:

Post a Comment