ഇനി ജനിക്കുമ്പോൾ അയല്പക്കത്തു ജനിക്കണം...
വേലി പോലുമില്ലാത്ത രണ്ടു വീടുകളിൽ,
അവിടെ....
നമ്മളെന്നു പറഞ്ഞ് കളിച്ചു തുടങ്ങി
ഞാനെന്നും നീയെന്നും പറഞ്ഞ് പിണങ്ങി
പോടാന്നും പോടീന്നും വിളിച്ചു പിരിയണം.
കണ്ണടച്ച് തുറക്കും മുൻപേ
വീണ്ടും നമ്മളെന്ന് പറഞ്ഞ് തുടങ്ങണം.....
മഞ്ചാടിയും മയിൽ പീലിയും നിനക്ക് തന്ന്
വളപ്പൊട്ടും കല്ലുപെൻസിലും പകരം വാങ്ങണം.
ചാറ്റൽ മഴയത്തു നിനക്കൊപ്പം
മുഖം നനയ്ക്കുന്ന തണുപ്പിനെ
നാക്കു നീട്ടി തുടച്ചെടുക്കണം
നീ പനിച്ചു വിറച്ചു കിടക്കുമ്പോൾ
ഉമ്മറത്തിരുന്നു കണ്ണ് നിറയ്ക്കണം
നിന്റെ തലയിൽ മണ്ണ് വാരിയിട്ടതിന്
ചന്തിയിലൊരു ചൂരൽ വടിയുടെ നീറ്റൽ
ഇരന്നു വാങ്ങണം
നാല് കമ്പിൽ രണ്ടോല വെച്ച്
ഒരു കുഞ്ഞു വീട് പണിയണം
മൂന്ന് കല്ലിന് മുകളിലെ ചിരട്ടയിൽ
ചോറും കറിയും വെയ്ക്കണം
കഷ്ട്ടപ്പെട്ടു ചുട്ട മണ്ണപ്പം
ചവിട്ടി പൊട്ടിയ്ക്കുമ്പോൾ
കിട്ടിയ കല്ലുകൊണ്ട് തലയ്ക്കൊരേറ് വാങ്ങി
അന്തി മയങ്ങുവോളം കണ്ണ് നിറയ്ക്കണം ..
ചിരട്ട കൊണ്ടൊരു തുലാസുണ്ടാക്കി
ചാഞ്ഞ മരക്കോമ്പിൽ കെട്ടിതൂക്കി
പ്ലാവിലപ്പണം എണ്ണി വാങ്ങി
ഉപ്പും മുളകും പൊതിഞ്ഞു നൽകണം
ഒളിച്ചു കളിയ്ക്കുമ്പോൾ ഉമ്മ വെച്ചത്
അച്ഛനോട് പറയുമെന്ന ഭീഷണിയിൽ
ചങ്ക് പുകഞ്ഞ് ഉറങ്ങാതിരിക്കണം
കാലം നമുക്കിടയിൽ പണിഞ്ഞ മതിലിൽ തട്ടി
നമ്മളെന്ന് പറഞ്ഞ് തുടങ്ങിയ നാം
നീയെന്നും ഞാനെന്നുമായി പിരിഞ്ഞ് പോയെങ്കിൽ,
ഇനി ജനിക്കുമ്പോൾ എനിയ്ക്കൊന്നു കൂടി
നിന്റെ അയല്പക്കത്തു ജനിക്കണം....
No comments:
Post a Comment