Monday, 4 November 2024

ആരുമില്ലാത്തവർക്കാണ് ആരവമുയരേണ്ടത്.

 പറയാനുള്ളത് പറയുവാനാവാതെ

അകാലത്തിൽ മരിച്ചു പോകുന്നു ഞാൻ...
അന്ന്
ഖബർസ്ഥാനിലേക്കുള്ള വഴിയിൽ
ഞാനിതുവരെ കാണാത്ത
വെളുത്ത പൂക്കൾ വിടർന്നു നിൽക്കും
ഒരു പാട് പേർ മരിച്ചത് പോലെ
എന്റെ മരണവും സ്വാഭാവികതയിലേക്ക്
വരച്ചു ചേർക്കപ്പെടും
അപ്പോഴും ഞാൻ
എന്നെ കേൾക്കാനൊരു
കാത് തിരഞ്ഞു കൊണ്ടേയിരിക്കും
ആർക്കും അതിനു നേരമില്ലെങ്കിലും
എന്നെ ഞാനായറിയുന്നവരുടെ
ചങ്കിൽ
സഹതാപത്തിന്റെ കാരമുള്ള്
തറഞ്ഞിരിക്കും
മരണ വീട്ടിൽ വന്നും പോയും ഇരിക്കുന്നവരൊക്കെ
നിന്നും ഇരുന്നും സഹിക്കുന്നവരൊക്കെ
ഓരോന്നോർത്തു
നിശ്വസിക്കും
ഒടുവിൽ
ആറടിയിലേക്കാനയിച്ചു
മണ്ണിട്ടു മൂടി ഭാരമൊഴിച്ചവർ
ആശ്വാസത്തോടെ യാത്രയാകുമ്പോൾ
വന്ന വഴിയിലെ വെളുത്ത പൂക്കളൊക്കെയും
ചോര പോലെ ചുവക്കും
എനിക്ക് പറയാനുള്ളത്
അവയൊക്കെ ഒരേ സ്വരത്തിൽ
ഉറക്കെയുറക്കെ വിളിച്ചു പറയും
കൊട്ടിയടച്ച കാതുകളുള്ളവർ
തിരശീലയിട്ട കണ്ണുകളുള്ളവർ
കാരിരുമ്പു മറയ്ക്കുള്ളിൽ ഒളിപ്പിച്ച ഹൃദയങ്ങളുള്ളവർ
നിങ്ങൾ ശാന്തരായി നടന്നു പോകുക
നിങ്ങളും മരിക്കുമല്ലോ ,
അന്ന് നിങ്ങൾക്കായി
വെളുത്തു വിടരുന്ന ഒരു പൂവെങ്കിലും
ചുവന്നു തുടുക്കുവാൻ ഞാൻ
അകമഴിഞ്ഞ് പ്രാർഥിക്കാം

No comments:

Post a Comment