ചെറുകോട് നിന്ന് അയ്യപ്പന്‍കാവും താണ്ടി
കൈത്തോട് മുറിച്ചു കടന്ന് പാടവരമ്പിലൂടെ
അന്തിമാഹാകാളന്‍ കാവിലേക്ക് ഒരു പോക്കുവരവുണ്ട് .
പണ്ട് തമ്പുരാന്‍ പിഴപ്പിച്ച കുഞ്ഞിമാളു
പൊട്ടു തൊട്ട് ,കണ്ണെഴുതി ,നാലും കൂട്ടി മുറുക്കി
വടക്ക് ചെറുകോട്പാടവും കൈതക്കാടും കടന്ന്
ചൊവ്വാഴ്ച രാത്രികളില്‍ നടക്കാനിറങ്ങും
ശുഭ്ര വസ്ത്രം ധരിച്ച് കാലില്‍ ചിലങ്കയണിഞ്ഞ്
കെട്ടിവച്ച മുടിയില്‍ പാലപ്പൂ തിരുകി
നിലാവിന്‍റെ അരണ്ട വെളിച്ചത്തില്‍ ഏകയായി
പാടവരമ്പിലൂടെ ഒരു നിശായാത്ര
പേടിയില്ലെങ്കിലും ചൊവ്വാഴ്ച രാത്രി
പാവം ഞങ്ങളാരും പക്ഷെ പുറത്തിറങ്ങാറില്ല
പൊടിപ്പും തൊങ്ങലും വെച്ച് ബുധനാഴ്ച രാവിലെ
പപ്പേട്ടന്‍റെ ചായക്കടയില്‍ ചുടു ചായക്കൊപ്പം
പ്രക്ഷേപണം ചെയ്യും പുതിയ വാര്‍ത്തകള്‍
പട്ടാളക്കാരന്‍ വിശ്വനാഥന്‍ ,പ്രതാപശാലി
മദയാനയുടെ മസ്തകം പോലെ നെഞ്ചുള്ളവന്‍
അതിര്‍ത്തികാത്ത് ക്ഷീണിച്ചൊരുനാള്‍
അര്‍ദ്ധരാത്രി ,ആരോടുമുരിയാടാതെ നാട്ടിലെത്തി
കുരുമുളക് കച്ചവടക്കാരന്‍ കുഞ്ഞേനാച്ചനെ
കിടപ്പറയില്‍ നിന്ന് പിടികൂടി ഒറ്റവെടിക്ക് കൊന്ന്
കൂടെയൊരു വെളുത്ത പുതപ്പും ചിലമ്പിനുമൊപ്പം
കുളക്കടവില്‍ ചാക്കിലാക്കി കെട്ടിത്താഴ്ത്തി .
അന്നേക്കിന്നോളം കുഞ്ഞിമാളു പാലപ്പൂ ചൂടി
അയ്യപ്പന്‍കാവ് വഴി ചെറുകോട് നിന്നും
വെള്ളയുടുത്തു ചിലമ്പിട്ട് ,ചൊവ്വാഴ്ചകളില്‍
രാത്രിയാത്ര നടത്തുന്നത് ഞങ്ങളാരും കണ്ടിട്ടില്ല .
ഇപ്പൊ ഞാനൊരു ജോഡി ചിലങ്കയും
വെളുത്തൊരു പുതപ്പും വാങ്ങിവെച്ചിട്ടുണ്ട്
കുഞ്ഞാമിനയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാത്തത്
എനിക്കാരോടും പറയാന്‍ പറ്റില്ലല്ലോ ...!
ആരോടും പറയാന്‍ പറ്റില്ല!!
ReplyDeleteകൊള്ളാം കേട്ടോ!
കൊള്ളാം.പാടവരമ്പും,ചൊവ്വാഴ്ച്ച രാവുകളും,പാലപ്പൂ മണവും,നാടൻ പരിസരങ്ങളുമൊക്കെക്കൂടി ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചു.നല്ല അവതരണം.
ReplyDeleteപലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്,മണ്മറഞ്ഞു പോയ മുതുമുത്തച്ഛന്മാരുടെ കാലവും,അന്നത്തെ നാടുമൊക്കെ തിരികെ വന്നെങ്കിലെന്ന്.അവരെല്ലാമുണ്ടാവണം കൂടെ.ഈകവിത വായിച്ചപ്പോൾ ആ ആഗ്രഹം ഒന്നുക്കൂടി തികട്ടി വന്നു മനസ്സിൽ.ഒരു തരം ഭ്രാന്തൻ ചിന്ത.!! സൗഹൃദസംഭാഷണവേളകളിൽ,ഞാനിതു പറയുമ്പോൾ
ചില സുഹൃത്തുക്കളെന്നോട് പറയാറുണ്ട്,ഞാൻ ഇക്കാലത്തിനു പറ്റിയവനല്ലെന്ന്.എന്തോ,വേഗത്തിന്റെ വർത്തമാനകാലം ഒരുതരം അരക്ഷിതമാനസികാവസ്ത്ഥയാണ് എനിക്ക് തരുന്നത്.BUT, WE HAVE TO MOVE FORWARD അല്ലേ..? പൊയ്പ്പോയതിൽ നിന്ന് നമുക്കാഗ്രഹിക്കാൻ പറ്റുന്നതൊന്നേയുള്ളൂ.പൂർവ്വികരുടെ അനുഗ്രഹവും,അവർ ചെയ്ത സുകൃതങ്ങളുടെ ശക്തിയും.
പിന്നെ,പുതപ്പും,ചിലങ്കയും എടുത്തു പ്രയോഗിക്കാൻ നിക്കേണ്ട കേട്ടോ? ഹ...ഹ..ഹ.. നല്ല കവിത
ശുഭാശംസകൾ...
അവസാനം കുരുമുളക് കച്ചവടക്കാരെന്റെ ഗതി വരാതെ നോക്കണേ. കവിത കൊള്ളാം
ReplyDelete