വിയര്‍പ്പിനുപ്പു പുരണ്ടു മങ്ങിയ
അടിയാന്‍റെ കണക്കു പുസ്തകത്തില്‍
പകയും പ്രതികാരവും വരവ് വെക്കാത്തതിനാല്‍
തമ്പ്രാന്‍റെ ജീവിതം എന്നും ലാഭത്തിലായിരുന്നു .
ആദ്യരാവെങ്കിലും അടിയാത്തിയെ
ആദ്യമായ് പ്രാപിച്ചത് തമ്പ്രാനെന്ന ചിന്ത
അടിയാന്‍റെ മനസ്സിലെന്നും ഉമിത്തീപോലെ നീറി.
പുത്തരിയായിരുന്നെങ്കിലും പുത്തനരി
ആദ്യം വെന്തത് തമ്പ്രാന്‍റെ അടുപ്പിലായതും
അടിയാന്‍റെ മനസ്സിലെ പക ആളിക്കത്തിച്ചു
പുത്തനുടുപ്പിട്ടതിന് ഉടുപ്പൂരി വാങ്ങി
ചേറുപുരട്ടി ചവിട്ടിയരച്ചതും
അടിയാനെ കൂട്ടത്തിലുള്ളോര്‍ക്ക് മുന്‍പില്‍
നാണം കെട്ടവനാക്കി മാറ്റി .
അടിയാത്തി നിറ മാറ് മറച്ചതിന്
തമ്പ്രാന്‍ കരണം പുകച്ചപ്പോള്‍ ,
വെന്തുരുകിയതപ്പോഴും കവിളായിരുന്നില്ല ,
അടിയാന്‍റെ കരളായിരുന്നു
പകല്‍ നീറിയോടുങ്ങി ഇരുട്ട് പരക്കുമ്പോള്‍
മെതിയടിനാദവും റാന്തല്‍ വിളക്കും നോക്കി
കുടി വിട്ടു തൊടിയില്‍ അഭയം തേടുന്നതും
അടിയാന്‍റെ മനസ്സിനെ ഉലപോലെ നീറ്റി
പക്ഷെ , അശരണന്‍റെ ജീവിത പുസ്തകത്തില്‍
പ്രതികാരത്തിനു സ്ഥലമില്ലാത്തതിനാല്‍
തമ്പ്രാന്‍റെ ജീവിതം എന്നും പുസ്തകം നിറഞ്ഞു നിന്നു
ഒടുവില്‍ ,അടിയാത്തിപെണ്ണിന്‍റെ അടുപ്പിലെ തീയില്‍
തിളച്ച ചക്കരക്കാപ്പിയിലെ കൊടും വിഷം
തമ്പ്രാന്‍റെ കുരലും കുടലും കരിച്ചപ്പോള്‍
അന്നാദ്യമായി ....
അടിമവര്‍ഗ്ഗത്തിന്‍റെ കണക്കു പുസ്തകത്തില്‍
പകയും പ്രതികാരവും വരവ് വെച്ചു...
അടിയാത്തിയെങ്കിലും പെണ്ണായ് പിറന്നവള്‍ക്ക്
കണ്‍കണ്ട ദൈവമാം കാന്തന്‍റെ നെഞ്ചിലെ
കരളുരുക്കും പ്രതികാരച്ചൂടില്‍,
തിളക്കാതിരിക്കുമോ രക്തം ..?.