Friday, 28 September 2012

അയാള്‍ക്കെന്നോട് പ്രണയമാണ്.



അയാള്‍ക്കെന്നോട് പ്രണയമാണ് പോലും 
ആവേശത്തിന്‍റെ ആഴക്കടലില്‍ 
മുത്തും പവിഴവും തേടുമ്പോള്‍ 
അപസ്മാരം ബാധിച്ചവനെപ്പോലെ 
കൈകാലുകള്‍ വലിഞ്ഞു മുറുകി 
അയാള്‍ നിത്യവും പുലമ്പുന്ന മന്ത്രം ..

മുഖത്തേക്കൊന്ന് ആഞ്ഞുതുപ്പാന്‍ 
തൊണ്ടക്കുഴിയില്‍ കുമിഞ്ഞു കൂടും 
കൊഴുത്ത ഉമിനീര് പോലുള്ള വെറുപ്പ്‌ 
കഷ്ട്ടപ്പെട്ടു കടിച്ചിറക്കി 
ചിരിക്കാന്‍ ശ്രമിച്ചത് വെറുതെയായി  ..

വരകള്‍ മാഞ്ഞു മുഷിഞ്ഞു നാറും 
അടിയുടുപ്പിന്‍റെ മടക്കില്‍ നിന്നും 
നാലായി മടക്കിയൊരു ഗാന്ധിത്തല 
വിയര്‍പ്പു മണികള്‍ നിറയും 
 നിറമാറിലെ മുഴുപ്പിലേക്കെറിഞ്ഞ്  
യാത്രപോലും പറയാതയാള്‍ 
പുറത്തെ മഞ്ഞിലേക്ക് ലയിച്ചു .

റേഷന്‍കാര്‍ഡും  ഒരു തുണ്ട് ഭൂമിയും 
ഉടുമുണ്ടഴിക്കാതെ ഉണ്ടുറങ്ങാന്‍
തൂപ്പുകാരിയുടെ ജോലിയും
അയാള്‍ക്കൊപ്പം ഇന്നും പുകച്ചുരുളായി.  

അയാള്‍ക്കെന്നോട് പ്രണയമാണ് പോലും 
സത്യമായിരിക്കാം...
ജനനേന്ദ്രിയത്തിലെ കൊടുങ്കാറ്റടങ്ങി   
അയാള്‍ ശാന്തനാകുംവരെയെങ്കിലും .. 

5 comments:

  1. ആദ്യവരികള്‍ വായിക്കുമ്പോള്‍ തന്നെ മനസ്സ് അവസാനം വരെ ഒപ്പം കൂടും.ആശംസകള്‍

    ReplyDelete
  2. ശരിയാണു.

    അവസാന വരികൾ കൂടുതൽ നന്നായി

    ReplyDelete