അവന്‍റെ വാക്കും നോക്കുമെല്ലാം
അച്ഛനെ പോലെ ആയിരുന്നു
താളത്തില്‍ കൈ രണ്ടും വീശി
അല്‍പ്പമൊന്നാടിയുള്ള നടത്തം
താനേ സംസാരിക്കും പ്രകൃതം
തികച്ചും അവന്‍ അവന്‍റെ അച്ഛനെപ്പോലെ ..
ക്ഷോഭം കൊണ്ട് ഉരുകിയോലിക്കുമ്പോഴും
ശാന്തമായി പ്രതികരിച്ചപ്പോള്‍
ആശ്ചര്യത്തോടെ ഞങ്ങള്‍ പറഞ്ഞു
അവന്‍ ശരിക്കും അച്ഛന്‍റെ മോന്‍ തന്നെ..
കണ്ണിലെ തിളക്കവും മൂക്കിന്‍റെ ചന്തവും
തലമുടി കോതുന്ന രീതിയും കണ്ട്
മൂക്കത്ത് വിരല്‍ വെച്ച് ഞങ്ങള്‍ ചൊല്ലി
ഇവന്‍ ഇവന്‍റ ച്ഛനെ പോലെ തന്നെ ..
എന്തോന്ന് ചെയ്താലും അച്ഛനെപ്പോലെ,
കേട്ടു മടുത്തൊരു നാളിലവന്‍
ഒരു മുഴം കയറില്‍ ഒടുങ്ങിയപ്പോള്‍
അത്ഭുതം കൂറി ഞങ്ങള്‍ ചൊല്ലി
ഇവനാണ് അച്ഛന്‍റെ മോന്‍..
മരണവും അച്ഛനെപ്പോലെ തന്നെ....