Sunday, 20 November 2011

കാണാതെ പോകുന്ന കാര്യങ്ങള്‍

മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയും പിന്നെ മാലോകര്‍ ആക്രോശിക്കുകയും ചെയ്ത കൊടിയത്തൂര്‍ നിവാസികളുടെ സദാചാര ബോധത്തിന് മുകളില്‍ പിച്ചും പേയും പറഞ്ഞ് അട്ടഹസിച്ചവര്‍ കാണാതെ പോയ സത്യങ്ങള്‍ക്ക് ,സ്വന്തം നാടും വീടും വിട്ട് മണലാരണ്ണ്യത്തിലെ  ഊഷരഭൂമിയില്‍ ചീറിയടിക്കുന്ന മണല്‍ക്കാറ്റിനോട് മല്ലടിച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി ജീവിതം ഹോമിച്ച ലക്ഷക്കണക്കിന്‌ വരുന്ന ഗള്‍ഫു മലയാളികളുടെ മനസ്സ് കാണാനായില്ല .പത്തു പുത്തന്‍ ഉണ്ടെങ്കില്‍ ഏതു പെണ്ണിനേയും വരുതിയിലാക്കാമെന്ന പുരുഷ മോഹത്തിന്‍റെ  മനക്കൊട്ടകള്‍ക്കും   , താലികെട്ടിയവന്‍റെ ചൂടും ചൂരും പങ്കിട്ട് പിന്നെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിച്ച്  മണിമാരന്‍റെ മാത്രമെന്നും പിന്നെ, ഇനി അങ്ങ് വരും വരെ കാത്തിരിക്കാമെന്നും ചൊല്ലി സ്നേഹപൂര്‍വ്വം കണ്ണീര്‍ പ്രവാഹത്തിന്‍റെ അകമ്പടിയോടെ യാത്രയയക്കുകയും ചെയ്ത്, ഇന്നലെ കണ്ട കാമുകന് പുഷ്പ്പതല്‍പ്പമൊരുക്കി കാത്തിരിക്കുകയും ചെയ്ത മനസ്സിന്‍റെ അകത്തളങ്ങളിലെക്കും ആരും കണ്ണോടിച്ചു കണ്ടില്ല.  ഒരു ഗ്രാമത്തിനെയാകെ അപഥ സഞ്ചാരത്തിന്‍റെ  പടുകുഴിയില്‍ നിന്ന്  കാത്തുരക്ഷിക്കാം എന്നു സത്യം ചെയ്ത് , ഒരു മനുഷ്യ ജീവന് പുല്‍ക്കൊടിയുടെ വിലപോലും കല്‍പ്പിക്കാത്ത  അധമരെ ഒരിക്കലും പിന്താങ്ങുകയോ ഓശാന പാടുകയോ അല്ല . മറിച്ച്  കൊടിയത്തൂര്‍ സദാചാര പോലീസിനെയും അവരുടെ ക്രൂര കര്‍മ്മത്തെയും കുറിച്ച് വായിട്ടലച്ചവര്‍ കാണാതെ പോയ ഒരു പാവം മനുഷ്യ മനസ്സിന്‍റെ വേദന ...ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന ആയിരക്കണക്കിന് പുരുഷ സ്ത്രീ ജന്മങ്ങളുടെ ഹൃദയത്തിന്റെ വിങ്ങല്‍ .. അതുകൂടി ചര്‍ച്ച ചെയ്യാന്‍ നമ്മുടെ സമൂഹം ബാധ്യസ്ഥരാണ് .
എന്തിനും ഏതിനും കാര്യവും കാരണവും കണക്കുകളും നിരത്തി പ്രസംഗിക്കുന്ന മലയാളികളുടെ മനസ്സാക്ഷിക്കു മുമ്പില്‍ എനിക്ക് പറയുവാനുള്ളത് ഞാന്‍ സമര്‍പ്പിക്കുന്നു ...

No comments:

Post a Comment