പതയട്ടെ നിന്‍റെ നിലാവിന്‍റെ ലഹരി
നുരയട്ടെ രാഗവര്‍ഷത്തിന്‍ കാന്തി
വിടരട്ടെ പുഷ്പ്പവാടി തന്‍ ഭംഗി
പുലരട്ടെ നല്‍ ദിനങ്ങള്‍ തന്‍ ശാന്തി .
നിഴാലാട നീങ്ങിയ ഭൂമിക്കു കുളിരിന്‍റെ
പൂവാട ചാര്‍ത്തിയ ചിത്രലേഖേ
താഴത്ത് വിടരാതെ നിന്നെയും കാത്തു
നില്‍ക്കുന്നു പൊന്നാമ്പല്‍ ചിത്രലേഖേ
നിന്നോളി ചിതറിയ നെല്‍വയല്‍ സാഗര
തീരത്ത് വിളയാടും രാക്കിളികള്‍
പുലരും വരെ തീര്‍ക്കും രാഗധാര
കേട്ടോന്നു കുളിരുമെന്‍ ചിത്തമെന്നും .
മലര്‍വാടി തിങ്ങി സൂനങ്ങള്‍ പൂവിട്ടു
പുഞ്ചിരി തൂകുന്നു നിന്‍ മുഖം പോലെ
നിന്‍ തോഴിയാമിളം കാറ്റിന്‍റെ താളത്തില്‍
നൃത്തമാടുന്നീ രാവുതോറും.
ഇടവഴി നീളെ നിഴല്‍പൂ വിരിച്ചു നീ
തീര്‍ക്കുന്ന നയനമനോഹര ചാരുത
നാട്ടിന്‍പുറത്തെ കോള്‍മയിര്‍ കൊള്ളിക്കും
എന്നുള്ളം പോലവേ എന്നുമെന്നും .
പുല്ലാനിക്കാട്ടില്‍ ഇളം കാറ്റ് തീര്‍ക്കുന്ന
നൃത്തച്ചുവടുകള്‍ കണ്ടുവോ നീ?
ആഴിതന്‍ ആഴത്തില്‍ ചിത്രം വരയ്ക്കുന്ന
പരല്‍മീന്‍ കൂട്ടത്തെ കണ്ടുവോ നീ?
ചീവീട് തീര്‍ക്കുന്ന കച്ചേരി കേട്ടു
താളം പിടിക്കുന്ന കാട്ടാറിന്‍ കൈവഴി
കൂട്ടിനായ് തൂകുന്ന കുളിര്‍മഞ്ഞും ചേര്‍ന്നാല്‍
പകലിനെക്കാളേറെ സുന്ദരി നീ
പുലരും വരെയും വെളുക്കെ ചിരിച്ചു നീ
ദുഖങ്ങളെല്ലാം മറച്ചു വെക്കും
പുഞ്ചിരി പൂവിട്ട പൊന്നാട നെയ്തു നീ
പൊന്‍ തിങ്കള്‍ കലയായി ദൂരെ വാനില്‍
നീയില്ലയെങ്കില്‍ എന്ത് ഞാന്‍ ചൊല്ലേണ്ടു
ഘോരാന്ധകാരം പരക്കുമീ ഭൂമിയില്‍
മൌനികളാകും രാക്കിളികള്‍ പിന്നെ
പുഞ്ചിരി തൂകാത്ത പൂവാടികള്‍ .
പുലരാതിരിക്കുവാനാവില്ലയെങ്കിലും
പുഞ്ചിരി വാടാതെ സൂക്ഷിക്കയെന്നും
കളങ്കിതര്‍ ഞങ്ങള്‍ കറുപ്പിക്കും ലോകത്തെ
വെറുക്കാതിരിക്ക നീ എന്നുമെന്നും.
പാലൊളി തൂകുവാന്‍ മാത്രാമായ് നിന്‍ ജന്മം
പൂക്കളെ സ്നേഹിക്കാന്‍ മാത്രമായീ ജന്മം
പാരിതില്‍ സ്നേഹം വിളമ്പുവാനെന്നും
പ്രാര്‍ത്ഥിക്കാം നിനക്കായി ഞങ്ങള്‍ നിത്യം .
No comments:
Post a Comment