>link href='http://fonts.googleapis.com/earlyacce... rel='stylesheet' type='text/css'/> മുഖരേഖ .post-title, .post-title a, h1.post-title, h2.post-title, h1.post-title a, h2.post-title a { font-family: 'Noto Sans Malayalam', sans-serif;} .post-body, .PopularPosts a, .post h1 { font-family: 'Noto Sans Malayalam', sans-serif;} body {font-family: 'Noto Sans Malayalam', sans-serif;}

Friday 21 September 2012

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി ...?



വൃദ്ധ സദനത്തിലേക്കുള്ള കറുത്ത പാത
അയാളുടെ മനസ്സോളം ഇടുങ്ങിയതായിരുന്നില്ല 

ജീവനുള്ള രണ്ടു ശവങ്ങളെ പിന്‍ സീറ്റില്‍ വലിച്ചിട്ട്
ശകടത്തെ മുന്നോട്ടു തെളിക്കവേ തലച്ചോറില്‍ 
പ്രിയതമയുടെ വാക്കുകള്‍ പ്രകോപിതരായ 
കാട്ടുകടന്നല്‍ കൂട്ടം പോലെ മൂളിയാര്‍ത്തു .

ഏട്ടാ..ജീവിച്ചു തീര്‍ക്കാന്‍ ജീവിതം ഒന്നേയുള്ളൂ 
അതൊരു പ്രൈവസി ഇല്ലാതെ .. ഇങ്ങനെ ....
പരിഭവിച്ചും വാശി പിടിച്ചും പിണങ്ങിയും .. 
നൂറു കൂട്ടം ഉദാഹരണങ്ങളില്‍ അവള്‍ മുങ്ങിത്തപ്പി.... .

ഒടുവില്‍ വൃദ്ധസദനത്തിന്‍റെ  പടിവാതിലില്‍ 
ചര്‍ച്ചകള്‍ക്ക് വിരാമമായി .
ഇന്ന്, വൃദ്ധരായ ഇരു ജന്മങ്ങള്‍ക്ക്  
ജീവിതത്തിന്‍റെ അവസാന ദിവസമാണ് .
മറ്റൊരു കൂട്ടര്‍ക്ക് പുതു ജീവിതത്തിന്‍റെ ആരംഭവും.

അഭയം നല്‍കേണ്ട കൈകള്‍ നിര്‍ദ്ദയം 
ജീവിത സന്ധ്യയില്‍ കനല്‍ കോരിയിട്ടപ്പോള്‍
വിമ്മിക്കരയുവാന്‍ പോലും കഴിയുവാനാവാതെ 
കണ്ണീരു തീര്‍ന്നവര്‍  മകനെ ആളാക്കിയതോ
ജീവിതത്തില്‍ ചെയ്ത മഹാപാപം ...!

പിന്‍സീറ്റില്‍ അപ്പോഴും ആസന്നമായ ഭാവിയോര്‍ത്ത് 
ഒന്ന് വിയര്‍ക്കാന്‍ പോലുമാകാതെ  
മരണമാണെങ്കിലും അതൊരുമിച്ചെന്നുറച്ച്
വൃദ്ധന്‍ ശുഷ്ക്കിച്ച കൈത്തലം കൊണ്ട് 
പ്രേയസിയുടെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു .. 

ഒന്നോര്‍ത്താല്‍ അവളുടെ വാദവും ശരിയാണ് 
വൃദ്ധര്‍ക്കല്ലാതെ വൃദ്ധസദനങ്ങള്‍ 
പിന്നെയാര്‍ക്ക് വേണ്ടി..? 

Monday 17 September 2012

തെറ്റ്

കുത്തുവാക്ക് കൊണ്ടും മനം മുറിയ്ക്കാമെന്നു 
കാണിച്ചു തന്നത് നീയാണ് ..
ജീവന്‍ കളയാതെയും കൊല ചെയ്യാമെന്ന് 
പഠിപ്പിച്ചു തന്നതും നീയാണ് ..

കഠിന ജീവിതം അറിഞ്ഞേകിയ മുറിവില്‍ 
അലിവ് പുരട്ടി നീ കനിഞ്ഞപ്പോള്‍ 
കലവറയില്ലാത്ത സ്നേഹത്തിന്
മറുവാക്ക് തേടിയില്ല ഞാന്‍ .. 

തിരക്കഥ തെറ്റിയ ജീവിതത്തില്‍ 
അല്ലലുകള്‍ തിരി മുറിയാതെ പെയ്തപ്പോള്‍ 
പറഞ്ഞതൊക്കെയും പതിരാക്കി മാറ്റി 
യാത്ര പറയാതെ പിരിഞ്ഞു നീ കാമുകി ..

മനസ്സ് നിറച്ചും സ്നേഹം തന്നതിന് 
ഒരിക്കലും മറക്കാത്ത ശിക്ഷ നല്‍കി 
നീ അലിവു കാട്ടിയപ്പോള്‍ 
മരിക്കാതെ പിടിച്ചു നില്‍ക്കാന്‍ 
കരുത്തു നല്‍കിയത് ആരായാലും 
മരിക്കുവോളം എന്‍റെ പ്രണാമം  .

ഇപ്പോള്‍ ഞാനെല്ലാമറിയുന്നു....
തെറ്റ് ചെയ്തത് ഞാനാണ് ...
എന്നെ സ്നേഹിച്ചവരെ കാണാതെ ,
ഞാന്‍ സ്നേഹിച്ചവര്‍ക്കു വേണ്ടി ജീവിച്ചതും 
അത് തിരിച്ചറിയാന്‍ വൈകിയതും 
ഞാന്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ് ..

Saturday 15 September 2012

സദയം ക്ഷമിച്ചാലും.....!

ഒരു കിടക്കയിലെങ്കിലും ഒന്നു പുണരാനാവാതെ   
രണ്ടു ധ്രുവങ്ങളില്‍ അകപ്പെട്ടവളുടെ  
കിടപ്പറയിലെ  ചുടു നിശ്വാസങ്ങള്‍ 
വിഷമൂറ്റാനാവാതെ വെറിമൂത്ത നാഗങ്ങളെ പോല്‍ 
തെരുവീഥികളില്‍ അലഞ്ഞു നടന്നു ...

എല്ലാം മറന്നു നിദ്രയെ പുല്‍കാന്‍ 
മാത്രകളില്‍ അഭയം തേടിയവള്‍ 
ചുവന്നു വീര്‍ത്ത കണ്‍പോളകളെ 
അമര്‍ത്തിയമര്‍ത്തി  തടവി 
കാലന്‍കോഴി കൂവുന്ന കാളരാത്രിക്ക്
ഉറക്കം വരാതെ കൂട്ടിരുന്നു ..

താലിച്ചരട്  തീര്‍ത്ത തടവറയില്‍  
പെയ്തൊഴിയാത്ത മോഹങ്ങള്‍ക്ക് ചിതകൂട്ടി 
നിരാശയായി ജീവിതം തളച്ചിട്ടവളെ 
ഉടഞ്ഞു തൂങ്ങി ഉലയാത്ത സ്വന്തം നഗ്നത 
പല്ലിളിച്ചു കാട്ടി പരിഹസിച്ചു..

പിന്നെ .....
കനലെരിയുമൊരു തീയണക്കാന്‍ 
മോഹമേഘങ്ങള്‍ക്ക് നിറഞ്ഞു പെയ്യാന്‍   
സ്വയം ഭ്രാന്തിയായി മാറിയവള്‍ 
തെരുവിന്‍റെ മാറിനെ ചവിട്ടി മെതിച്ചു... 

തെരുവില്‍ ...
ഒന്നും കിട്ടാതെ നിരാശരായി ചൂണ്ടയിട്ടവര്‍ക്ക് 
അന്നത്തേക്ക്‌ നിനച്ചിരിക്കാതെ ഒരു കോളടിച്ചു ..
അല്‍പ്പ നേരത്തിനകം ...
കനലണഞ്ഞു ചാരം മൂടി തണുത്ത മനസ്സുമായി 
അവള്‍ തിരികെ..... കിടപ്പറയിലേക്ക് ..

ഇനി ഒന്നുകൂടി പറയട്ടെ ..  
സദാചാരവാദികള്‍ സദയം ക്ഷമിച്ചാലും ...
   

Tuesday 11 September 2012

ആകുമോ നമ്മളിലാര്‍ക്കെങ്കിലും ...?


നിലയില്ലാ കടലില്‍ തേരോട്ടം നടത്തുവാന്‍
കപ്പല്  തീര്‍ത്തു വിദഗ്ധര്‍ നമ്മള്‍.,

അതിരില്ലാ മാനത്ത് കിളിയായി പറക്കുവാന്‍

വിമാനങ്ങള്‍ തീര്‍ത്തു മനുഷ്യര്‍ നമ്മള്‍......,

ഭൂമിയില്‍ സംഹാര താണ്ഡവമാടുവാന്‍    

ആയുധം തീര്‍ത്തതും മര്‍ത്യര്‍ നമ്മള്‍ ..

ഉറങ്ങുവാനാവാതെ ഘോരാന്ധകാരത്തില്‍ 

ദു:സ്വപ്നം കണ്ടു നിലവിളിക്കുമ്പോള്‍ 
കരളിലോരിത്തിരി ശാന്തി നിറക്കുവാന്‍ 
ആകുമോ നമ്മളിലാര്‍ക്കെങ്കിലും ...?

Sunday 9 September 2012

തിരിച്ചറിവുകള്‍



വാക്കുകളുടെ മേളപ്പെരുക്കത്തില്‍
നമുക്ക് കൈവിട്ടു പോയത്
നമ്മുടെ വ്യക്തിത്തമാണ് .

ദുരഭിമാനത്തിന്‍റെ വേലിയേറ്റത്തില്‍ 
നമ്മള്‍ മറന്നു പോയത്
നമ്മളെത്തന്നെയാണ്.

കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍  
നാം കാണാതെപോയത്
നമ്മുടെ മക്കളുടെ ഭാവിയാണ്.     

ക്ഷമിക്കാനും പൊറുക്കാനും കഴിയാഞ്ഞ് 
പരസ്പരം ചെളി വാരിയെറിഞ്ഞപ്പോള്‍   
നമുക്ക് നഷ്ടമായത്
നമ്മുടെ തന്നെ ജീവിതമാണ്. 

ഒരേ തീയില്‍ ഒരേ കലത്തില്‍ 
വേവുന്ന നമുക്ക് 
തിരിച്ചറിവ് നഷ്ട്ടപ്പെട്ടത്‌ 
എവിടെയാണ്..?


Thursday 6 September 2012

സമര്‍പ്പണം.


പാഴ്ച്ചെടികളുടെ നാട്ടില്‍ മുല്ലപ്പൂ വിടര്‍ത്താന്‍ 
ചത്വരങ്ങളില്‍ ജീവന്‍ ബലിയര്‍പ്പി ച്ചവര്‍ക്ക്...

നന്മ വിളയിച്ച മത ഗ്രന്ഥങ്ങള്‍ക്ക് 
ക്രൂരതയുടെ വ്യാഖ്യാനങ്ങള്‍ ചമച്ച് 
വേട്ടയാടപ്പെട്ട നിരാലംബരായ സഹജീവികള്‍ക്ക് ..

മനുഷ്യനെ സൃഷ്ട്ടിച്ച ദൈവത്തെ കബളിപ്പിച്ച്‌
തൊട്ടാല്‍ കുളിക്കേണ്ട മനുഷ്യരെയുണ്ടാക്കി 
മതിമറന്നവര്‍ക്ക്നേരെ അഗ്നിയായ് ജ്വലിച്ചവര്‍ക്ക്...

ജനിച്ച നാട്ടില്‍ അടിമകളാക്കപ്പെട്ടവര്‍ക്ക്
സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചം പകര്‍ന്നേകാന്‍
പടനിലങ്ങളുടെ കനല്‍പ്പഥങ്ങളില്‍    
എരിഞ്ഞുതീര്‍ന്നു വഴികാട്ടിയായവര്‍ക്ക്....

എല്ലാരുമൊന്നെന്ന സുന്ദരസ്വപ്നത്തിന് 
ദരിദ്രനും ധനികനുമില്ലാത്ത ലോകത്തിന്
പരിശ്രമിച്ചു പരാജയപ്പെട്ടു മണ്‍മറഞ്ഞവര്‍ക്ക്... 

ഒന്നിനുമാകാതെ  സ്വപ്നം കാണാന്‍  വിധിക്കപ്പെട്ട 
ഈയുള്ളവന്‍റെ സമര്‍പ്പണം...!      

Monday 3 September 2012

സ്നേഹത്തിന്‍റെ അര്‍ത്ഥം

നെഞ്ചിടിപ്പിന്‍റെ  താളം നിലക്കുവാന്‍ 
കാതോര്‍ത്തിരിക്കുന്നുണ്ടാരോ ..
സിരകളില്‍ തണുപ്പിരച്ചെത്തുന്ന
നേരം നോക്കിയിരിപ്പതാരോ ..

എല്ലാറ്റിനും  മേലെ എന്നെയാണിഷ്ടം 
എന്ന് നീ ചൊല്ലുവതു സത്യമെങ്കില്‍ 
കൂട്ടിനു പോരുവാന്‍ ക്ഷണിച്ചിടാമോ
നിന്നെ മരണത്തിലെക്കിന്നെന്‍റെ  കൂടെ ..?

എന്നെക്കുറിച്ചോര്‍ത്തു സഹതപിക്കേണ്ട 
പുരികം വളച്ചു നീ പുച്ഛിച്ചിടെണ്ട  
അറിയുന്നു ഞാനീ പൊള്ളയാം സ്നേഹത്തിന്‍ 
കള്ളം പൊതിഞ്ഞ വാക്കുകള്‍ക്കര്‍ത്ഥം..
 എല്ലാറ്റിനും മേലെ എല്ലാര്‍ക്കുമിഷ്ടം 
സ്വന്തം ജീവന്‍ തന്നെയല്ലോ ..!

Saturday 1 September 2012

വിരഹം


കാലം ചതിക്കുഴി കുത്തിപ്പിരിച്ചു
കടലിന്‍റെ ഇരുകരെയാക്കിത്തിരിച്ചു
കാണുവാനാവാതെ കേണു നിരന്തരം
വിധിയെ ശപിച്ചും പഴിച്ചും ഞാനെന്നും ..

കാണാത്ത ചരടിനാല്‍ കെട്ടിയിട്ടെന്ന നിന്‍

കദനം നിറഞ്ഞ വാക്കെത്ര സത്യം
അറിയുന്നു ഞാനാ കാണാച്ചരടിന്‍റെ  
നൊമ്പരം പേറും നിമിഷങ്ങള്‍ നിത്യം .

കണ്ണേ കരിമിഴി കാണാതുറങ്ങുവാന്‍

കഴിയാത്ത നാളുകളെത്ര പൊലിഞ്ഞു പോയ്‌
കാഴ്ച മറഞ്ഞെന്നാല്‍  കനവുകള്‍ മായുമോ
കരിന്തിരി കത്തി ഒടുങ്ങുമോ സ്നേഹം ?

കാത്തിരിക്കാന്‍ പറഞ്ഞൊടുവില്‍  നീയും പ്രിയേ
 

കാണുവാനാവാത്ത ദൂരത്തു മായുമോ
നിന്‍ ചാരത്തണയുവാന്‍ വെമ്പുമെന്‍ ചിത്തം
ചിതയിലടക്കി മറയുമോ നീയും  ?

Friday 31 August 2012

മരണനേരം


മരം വെട്ടി മല ചുട്ടു,
മഴ വറ്റി പുഴയൊട്ടി
കുടിവെള്ളം മുട്ടി ,
ഗതികെട്ട നമ്മളെ
കുഴിവെട്ടി മൂടാന്‍ സമയമെത്തി .

ദയ വറ്റി ,കലി മുറ്റി
പട കൂട്ടി ,തലവെട്ടി
പിടിവിട്ട നമ്മളെ
ചുടുകാട്ടിലടക്കാന്‍ നേരമെത്തി.

Wednesday 29 August 2012

നിള

നിള.....
വരള്‍ച്ചയുടെ തേങ്ങലുകള്‍
കരളില്‍ സൂക്ഷിച്ച്
ഇടവവും കര്‍ക്കിടകവും പെയ്തു തീര്‍ന്നിട്ടും
ഇനിയുമൊരു പേമാരിക്കായി
വെറുതെ കാത്തിരിപ്പവള്‍....

നിറ വര്‍ഷത്തിലെങ്കിലും
ഉന്മാദത്താല്‍ കലങ്ങിമറിയാന്‍
ഒരിക്കലെങ്കിലും കഴിയുമെന്നോര്‍ത്ത്
പ്രതീക്ഷയോടെ നോമ്പ് നോറ്റിരപ്പവള്‍.....

മെലിഞ്ഞുണങ്ങി മരിക്കുമ്പോഴും
തന്‍റെ നെഞ്ചു ചുരണ്ടിയെടുക്കുന്നവരെ
അരുതെന്ന് ചൊല്ലി വിലക്കാനാവാതെ
മൂകം വിലപിക്കുന്നവള്‍.....

ഞാറ്റുവേലകളെ  പിഴുതെറിഞ്ഞ്
ൠതു ഭേദങ്ങള്‍ നില മറന്നാടിയിട്ടും
പശ്ചാത്തപിക്കാത്ത മനുഷ്യകുലത്തിന്‌
നിളേ........നിന്നേക്കുറിച്ചോര്‍ക്കാന്‍
എവിടെയുണ്ട് നേരം..!