Wednesday 21 May 2014

നിനക്കെന്‍ പ്രാര്‍ത്ഥനകള്‍ .. ...!

കനലുപോലുള്ള നിന്‍ കണ്ണുകള്‍ കാട്ടി 
വാക്കിനഗ്നി തുപ്പിയൊരു വ്യാളിപോല്‍
ദുര്‍ഗ്ഗ നീ ഇക്കണ്ട കോപമിതൊക്കെയും
എങ്ങിനൊളിപ്പിച്ചിതിത്ര നാളും...?

അറിയാതെ ചെയ്തൊരു തെറ്റിനു മാപ്പിതു ,
എത്ര ചോദിച്ചു കൈകള്‍ കൂപ്പി 
മാപ്പ് നല്കുവാനാവാത്തതെന്തു നിന്‍ പൂമനം 
കല്ല്‌ കണക്കു കനത്തു പോയോ?. 

മര്‍ത്യനാകുകില്‍ തെറ്റുകള്‍ ചെയ്തിടാം 
ബോധ്യമാകുകില്‍ പശ്ചാതപിച്ചിടാം
മാപ്പ് നല്‍കുവാനായില്ലേല്‍ ഭൂമിയില്‍ 
കുലം മുടിഞ്ഞെന്നോ നാം മായുകില്ലേ?.

എന്തിനിത്ര നാള്  ചിരിച്ചു നീ 
ചന്തമേറുന്ന പൂമുഖം കാട്ടി 
വെന്തു പോകുന്ന വാക്കാലെന്നെ  നീ 
എന്തിനെന്നെ കത്തിച്ചു പച്ചയായ് ..?

സത്യമെന്തെന്നറിഞ്ഞിടും നീ സഖീ 
വ്യര്‍ത്ഥ ജീവിത പാന്ഥാവിലൊരു ദിനം
അന്ന് കണ്ണു നനയാതിരിക്കുവാന്‍ 
ഇന്നേ നിനക്കെന്‍റെ പ്രാര്‍ത്ഥനകള്‍ ...! 

Saturday 17 May 2014

ഭരണാധികാരി


കര്‍മ്മനിരതരുടെ വഴിത്താരകളില്‍
കടല്‍ വഴിമാറും
കാറ്റ് മാറി വീശും
കാലം പോലും കാത്തു നില്‍ക്കും.

ഉയിര്‍ വെടിഞ്ഞാല്‍ പോലും
ഇവര്‍ ഉശിര് കാട്ടും
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കും...

ഉയരേ പറക്കുമ്പോഴും
ഇരയില്‍ കണ്ണു വെക്കും.
കളം നിറഞ്ഞു കളിക്കുമ്പോഴും
കാണികള്‍ക്കൊപ്പം കയ്യടിക്കും ...

ചേറിലുറഞ്ഞാല്‍ പോലും
നറു താമരയായ് വിടരും.
രഹസ്യമായി ചെകുത്താനെന്നോതുന്നവര്‍
പരസ്യമായി ദൈവമെന്നു വാഴ്ത്തും....

ചിലരങ്ങനെയാണ് ..
ഉരുക്ക് ഹൃദയമുള്ളവര്‍ ,ഇവര്‍
ചേരിയില്‍ പിറന്നാലും
നാടിനേ നയിക്കും. 

Thursday 8 May 2014

മൂന്ന് ജീവിതങ്ങള്‍


ഇടി നാദത്തോടല്ലോ പൊഴിയുന്നീ മഴ 
ഇടവഴികള്‍ തോറും ചായം കലക്കി 
ചെടികളെ പൂക്കളെ തഴുകിത്തലോടി 
ഒടുവിലീ മണ്ണില്‍ അലിഞ്ഞോടുങ്ങി...

-------*****--------- 
കരയ്ക്കും തിരയ്ക്കുമിടയില്‍ 
പറഞ്ഞാല്‍ തീരാത്ത സ്വകാര്യമുണ്ട് 
കരഞ്ഞും ചിരി നുര തൂകിയും 
കരയെ അലിയിച്ചു കളയുന്ന സ്വകാര്യം ..

----------*****--------

കാറ്റ് മരങ്ങളോട് മൊഴിയുന്നത് 
കദനമായാലും കളിയായാലും 
മടിയാതെ കേട്ട് മറുമൊഴി ചൊല്ലാന്‍ 
മനുഷ്യനില്ലാത്തൊരു മനസ്സ് മരങ്ങള്‍ക്കുണ്ട് ...

Monday 5 May 2014

തുറക്കാത്ത കോവില്‍



നീരാടിത്തീര്‍ന്നു നീ ഈറനുടുത്തീ വഴി
വരുന്നൊരു നേരവും കാത്തു നില്‍ക്കെ
വരുമോരോ വിചാരങ്ങള്‍ മനസ്സിന്റെ കോണില്‍
തരുമോരോ സ്വപ്‌നങ്ങള്‍ പുലര്‍ന്ന മട്ടില്‍

പതിവായി നിന്നെ കാണുമ്പോള്‍ മാത്ര
മിതെന്തേ വിടരുന്നു പൂക്കളി മട്ടില്‍
ദ്യോതം തിളച്ചു മറിയുന്ന നേരത്തു
മിതെന്തേ പൊഴിയുന്നു മഞ്ഞീ വിധം..

കാണുന്നനേരത്തു ചൊല്ലേണ്ട വാക്കുകള്‍
കണ്ടാല്‍ മറക്കുന്നു നിത്യവുമെങ്കിലും
കണ്ടീലയെന്നു നീ നടിക്കുന്നുഎന്നുമെന്‍
കണ്ണാല്‍ തൊടുക്കുന്ന വാക്കിന്‍ ശരങ്ങള്‍...

എത്ര നാളിങ്ങനെ അലയണം ഞാനിനി
സതീര്‍ത്ഥ്യ എന്നോടലിവൊന്നു കാട്ടുവാന്‍
താഴിട്ടു പൂട്ടാതെ തുറക്കുന്നതെന്ന് നിന്‍
തിരുനട അടിയന്നു ദര്‍ശനം നല്‍കുവാന്‍ ..