Sunday, 24 May 2026

ഞാൻ തുറന്നിടുന്ന ജനാല


 നീയെന്താണ്  ഇങ്ങനെ എന്ന ചോദ്യങ്ങൾ 
കാറ്റിനൊപ്പം ഉള്ളിലേക്ക് കടന്നു വരുന്ന ജനാലകൾ 
ഞാൻ ആദ്യമേ അടച്ചിട്ടുണ്ട്. 

നിലയ്ക്കാത്ത ഓരിയിടലുകളും 
നീതിയല്ലാത്ത തണുപ്പും 
നുഴഞ്ഞു കയറുന്ന പഴുതുകൾ 
അങ്ങേയറ്റം ഭദ്രമാക്കിയിട്ടുണ്ട് 

ഓർമ്മകളിൽ കനലുകൾ കോരിയിടുന്ന ചിന്തകൾ,
പാതിയുറക്കത്തിലെ ഭയപ്പെടുത്തുന്ന നിലവിളികൾ,
പ്രവാസകാലത്തെ ജീവിതം ഖബറടക്കിയ 
പതിറ്റാണ്ടുകളുടെ വേദനകൾ... 

ലക്ഷ്യം തെറ്റിയ യാത്രകളിൽ 
കൂടെക്കിട്ടിയ ദുരനുഭവങ്ങളുടെ 
പഴകി ദ്രവിച്ച ചാക്കുകെട്ടുകൾ..
കൂടെയുണ്ടെന്നു രാപ്പകൽ ഓതിയോതി , 
കൂട്ട് വെട്ടിപ്പോയ 
കൊടും ചതികളുടെ നാറുന്ന ഭാണ്ഡങ്ങൾ...

ബാക്കി കാലം ഇനി ആർക്കുവേണ്ടിയും 
കാത്തിരിപ്പില്ലെന്ന  ഉറച്ച ചിന്തയിൽ 
വെളിച്ചം പോലും കടക്കാതിരിക്കാൻ 
കൊട്ടിയടച്ച ജനാലകളുള്ള മുറിയിൽ  പക്ഷെ 
നമുക്കൊരുമിച്ചുള്ള ഒരു യാത്രക്കായി 
നമുക്ക് മാത്രമായൊരു ജനാല....!!!
അത് തുറന്നിടാതെ വയ്യല്ലോ...!!!

No comments:

Post a Comment