Tuesday 11 September 2012

ആകുമോ നമ്മളിലാര്‍ക്കെങ്കിലും ...?


നിലയില്ലാ കടലില്‍ തേരോട്ടം നടത്തുവാന്‍
കപ്പല്  തീര്‍ത്തു വിദഗ്ധര്‍ നമ്മള്‍.,

അതിരില്ലാ മാനത്ത് കിളിയായി പറക്കുവാന്‍

വിമാനങ്ങള്‍ തീര്‍ത്തു മനുഷ്യര്‍ നമ്മള്‍......,

ഭൂമിയില്‍ സംഹാര താണ്ഡവമാടുവാന്‍    

ആയുധം തീര്‍ത്തതും മര്‍ത്യര്‍ നമ്മള്‍ ..

ഉറങ്ങുവാനാവാതെ ഘോരാന്ധകാരത്തില്‍ 

ദു:സ്വപ്നം കണ്ടു നിലവിളിക്കുമ്പോള്‍ 
കരളിലോരിത്തിരി ശാന്തി നിറക്കുവാന്‍ 
ആകുമോ നമ്മളിലാര്‍ക്കെങ്കിലും ...?

Sunday 9 September 2012

തിരിച്ചറിവുകള്‍



വാക്കുകളുടെ മേളപ്പെരുക്കത്തില്‍
നമുക്ക് കൈവിട്ടു പോയത്
നമ്മുടെ വ്യക്തിത്തമാണ് .

ദുരഭിമാനത്തിന്‍റെ വേലിയേറ്റത്തില്‍ 
നമ്മള്‍ മറന്നു പോയത്
നമ്മളെത്തന്നെയാണ്.

കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍  
നാം കാണാതെപോയത്
നമ്മുടെ മക്കളുടെ ഭാവിയാണ്.     

ക്ഷമിക്കാനും പൊറുക്കാനും കഴിയാഞ്ഞ് 
പരസ്പരം ചെളി വാരിയെറിഞ്ഞപ്പോള്‍   
നമുക്ക് നഷ്ടമായത്
നമ്മുടെ തന്നെ ജീവിതമാണ്. 

ഒരേ തീയില്‍ ഒരേ കലത്തില്‍ 
വേവുന്ന നമുക്ക് 
തിരിച്ചറിവ് നഷ്ട്ടപ്പെട്ടത്‌ 
എവിടെയാണ്..?


Thursday 6 September 2012

സമര്‍പ്പണം.


പാഴ്ച്ചെടികളുടെ നാട്ടില്‍ മുല്ലപ്പൂ വിടര്‍ത്താന്‍ 
ചത്വരങ്ങളില്‍ ജീവന്‍ ബലിയര്‍പ്പി ച്ചവര്‍ക്ക്...

നന്മ വിളയിച്ച മത ഗ്രന്ഥങ്ങള്‍ക്ക് 
ക്രൂരതയുടെ വ്യാഖ്യാനങ്ങള്‍ ചമച്ച് 
വേട്ടയാടപ്പെട്ട നിരാലംബരായ സഹജീവികള്‍ക്ക് ..

മനുഷ്യനെ സൃഷ്ട്ടിച്ച ദൈവത്തെ കബളിപ്പിച്ച്‌
തൊട്ടാല്‍ കുളിക്കേണ്ട മനുഷ്യരെയുണ്ടാക്കി 
മതിമറന്നവര്‍ക്ക്നേരെ അഗ്നിയായ് ജ്വലിച്ചവര്‍ക്ക്...

ജനിച്ച നാട്ടില്‍ അടിമകളാക്കപ്പെട്ടവര്‍ക്ക്
സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചം പകര്‍ന്നേകാന്‍
പടനിലങ്ങളുടെ കനല്‍പ്പഥങ്ങളില്‍    
എരിഞ്ഞുതീര്‍ന്നു വഴികാട്ടിയായവര്‍ക്ക്....

എല്ലാരുമൊന്നെന്ന സുന്ദരസ്വപ്നത്തിന് 
ദരിദ്രനും ധനികനുമില്ലാത്ത ലോകത്തിന്
പരിശ്രമിച്ചു പരാജയപ്പെട്ടു മണ്‍മറഞ്ഞവര്‍ക്ക്... 

ഒന്നിനുമാകാതെ  സ്വപ്നം കാണാന്‍  വിധിക്കപ്പെട്ട 
ഈയുള്ളവന്‍റെ സമര്‍പ്പണം...!      

Monday 3 September 2012

സ്നേഹത്തിന്‍റെ അര്‍ത്ഥം

നെഞ്ചിടിപ്പിന്‍റെ  താളം നിലക്കുവാന്‍ 
കാതോര്‍ത്തിരിക്കുന്നുണ്ടാരോ ..
സിരകളില്‍ തണുപ്പിരച്ചെത്തുന്ന
നേരം നോക്കിയിരിപ്പതാരോ ..

എല്ലാറ്റിനും  മേലെ എന്നെയാണിഷ്ടം 
എന്ന് നീ ചൊല്ലുവതു സത്യമെങ്കില്‍ 
കൂട്ടിനു പോരുവാന്‍ ക്ഷണിച്ചിടാമോ
നിന്നെ മരണത്തിലെക്കിന്നെന്‍റെ  കൂടെ ..?

എന്നെക്കുറിച്ചോര്‍ത്തു സഹതപിക്കേണ്ട 
പുരികം വളച്ചു നീ പുച്ഛിച്ചിടെണ്ട  
അറിയുന്നു ഞാനീ പൊള്ളയാം സ്നേഹത്തിന്‍ 
കള്ളം പൊതിഞ്ഞ വാക്കുകള്‍ക്കര്‍ത്ഥം..
 എല്ലാറ്റിനും മേലെ എല്ലാര്‍ക്കുമിഷ്ടം 
സ്വന്തം ജീവന്‍ തന്നെയല്ലോ ..!

Saturday 1 September 2012

വിരഹം


കാലം ചതിക്കുഴി കുത്തിപ്പിരിച്ചു
കടലിന്‍റെ ഇരുകരെയാക്കിത്തിരിച്ചു
കാണുവാനാവാതെ കേണു നിരന്തരം
വിധിയെ ശപിച്ചും പഴിച്ചും ഞാനെന്നും ..

കാണാത്ത ചരടിനാല്‍ കെട്ടിയിട്ടെന്ന നിന്‍

കദനം നിറഞ്ഞ വാക്കെത്ര സത്യം
അറിയുന്നു ഞാനാ കാണാച്ചരടിന്‍റെ  
നൊമ്പരം പേറും നിമിഷങ്ങള്‍ നിത്യം .

കണ്ണേ കരിമിഴി കാണാതുറങ്ങുവാന്‍

കഴിയാത്ത നാളുകളെത്ര പൊലിഞ്ഞു പോയ്‌
കാഴ്ച മറഞ്ഞെന്നാല്‍  കനവുകള്‍ മായുമോ
കരിന്തിരി കത്തി ഒടുങ്ങുമോ സ്നേഹം ?

കാത്തിരിക്കാന്‍ പറഞ്ഞൊടുവില്‍  നീയും പ്രിയേ
 

കാണുവാനാവാത്ത ദൂരത്തു മായുമോ
നിന്‍ ചാരത്തണയുവാന്‍ വെമ്പുമെന്‍ ചിത്തം
ചിതയിലടക്കി മറയുമോ നീയും  ?

Friday 31 August 2012

മരണനേരം


മരം വെട്ടി മല ചുട്ടു,
മഴ വറ്റി പുഴയൊട്ടി
കുടിവെള്ളം മുട്ടി ,
ഗതികെട്ട നമ്മളെ
കുഴിവെട്ടി മൂടാന്‍ സമയമെത്തി .

ദയ വറ്റി ,കലി മുറ്റി
പട കൂട്ടി ,തലവെട്ടി
പിടിവിട്ട നമ്മളെ
ചുടുകാട്ടിലടക്കാന്‍ നേരമെത്തി.

Wednesday 29 August 2012

നിള

നിള.....
വരള്‍ച്ചയുടെ തേങ്ങലുകള്‍
കരളില്‍ സൂക്ഷിച്ച്
ഇടവവും കര്‍ക്കിടകവും പെയ്തു തീര്‍ന്നിട്ടും
ഇനിയുമൊരു പേമാരിക്കായി
വെറുതെ കാത്തിരിപ്പവള്‍....

നിറ വര്‍ഷത്തിലെങ്കിലും
ഉന്മാദത്താല്‍ കലങ്ങിമറിയാന്‍
ഒരിക്കലെങ്കിലും കഴിയുമെന്നോര്‍ത്ത്
പ്രതീക്ഷയോടെ നോമ്പ് നോറ്റിരപ്പവള്‍.....

മെലിഞ്ഞുണങ്ങി മരിക്കുമ്പോഴും
തന്‍റെ നെഞ്ചു ചുരണ്ടിയെടുക്കുന്നവരെ
അരുതെന്ന് ചൊല്ലി വിലക്കാനാവാതെ
മൂകം വിലപിക്കുന്നവള്‍.....

ഞാറ്റുവേലകളെ  പിഴുതെറിഞ്ഞ്
ൠതു ഭേദങ്ങള്‍ നില മറന്നാടിയിട്ടും
പശ്ചാത്തപിക്കാത്ത മനുഷ്യകുലത്തിന്‌
നിളേ........നിന്നേക്കുറിച്ചോര്‍ക്കാന്‍
എവിടെയുണ്ട് നേരം..!

Monday 27 August 2012

മുന്നറിയിപ്പ്

വെളുക്കും വരെ പുലയാടി തളര്‍ന്ന
പരമോന്നത കോടതിയിലെ ന്യായാധിപന്‍
ഉപജീവനത്തിന് ഉടുമുണ്ടഴിച്ചവളെ
ആജീവനാന്തം തടവിനു ശിക്ഷിക്കുമ്പോള്‍ ...

പകലന്തിയോളം യാചിച്ചു തളര്‍ന്ന്
കിടത്തിണ്ണയില്‍ അഭയം തേടിയ ബാലിക
ഉന്മാദലഹരിയില്‍ കാമവെറി പൂണ്ടാവരാല്‍
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ...

ജീവിതാത്തിന്റെ മൂന്നിലൊരു ഭാഗം
പാഠപുസ്തകങ്ങളില്‍  ഹോമിച്ചവര്‍
പണമില്ലാത്തത് കൊണ്ട് മാത്രം
തൊഴിലിടങ്ങളില്‍ നിന്ന്
നിഷ്കരുണം ആട്ടിയോടിക്കപ്പെടുമ്പോള്‍ .....

ജന്മദേശത്തെ  സ്വന്തം മാതാവിനെ പോലെ
സുരക്ഷിതമായി സംരക്ഷിക്കേണ്ടവര്‍
മുപ്പതു വെള്ളിക്കാശിന് രാജ്യശത്രുക്കള്‍ക്ക്
അടിയറവെച്ചു സുഖിക്കുമ്പോള്‍ ...

പ്രകൃതിയെ നശിപ്പിച്ച്
കാല ചക്രങ്ങള്‍ മാറ്റിമറിച്ച്
വിളനിലങ്ങളില്‍ തരിശു പാകിയവര്‍
മണിമന്ദിരങ്ങളില്‍ സസുഖം വാഴുമ്പോള്‍ ...

നിരാലംബരായി കേഴുന്നൊരു ജനത
ആശ്രയത്തിനായി അലറിക്കരയുമ്പോള്‍
അനങ്ങാതിരുന്നു ദിവാസ്വപ്നം കാണുവോര്‍
അറിയുക .നിങ്ങള്‍ക്ക് മേലെ പറന്നുയരും
എല്ലാം ഭാസ്മമാക്കിടുമൊരു  കഴുകന്‍റെ നിഴല്‍ ...

Sunday 26 August 2012

സുഖനിദ്ര

ഭൂമിയില്‍ മഴ പെയ്യാത്തതും
തിന വിളയാത്തതും
തിന്മ വിളഞ്ഞതും
ഞാനറിഞ്ഞതേയില്ല  .

തെരുവില്‍ ചോര പടര്‍ന്നതും
ഉടുമുണ്ട് പൊക്കി നോക്കി
മതമറിഞ്ഞു  മനുഷ്യനെ ഹനിച്ചതും 
ഞാനൊട്ടുമറിഞ്ഞതേയില്ല . 

കാട് കരിച്ചതും
മല കുഴിച്ചതും
പുഴ വരണ്ടതും
ഒന്നും ഞാനറിഞ്ഞതേയില്ല.

അമ്മയുടെ ചൂട് പറ്റി
ആ ചിറകിന്നടിയില്‍
സുഖ സുഷുപ്തിയിലായിരുന്നല്ലോ   
ഞാന്‍ ......

Friday 24 August 2012

മെഴുകുതിരി

എന്‍റെ മധുമൊഴിയുടെ
നേര്‍ത്ത കുറുകലിലായിരിക്കണം
നിന്‍റെ മിഴികള്‍ പാതിയടഞ്ഞത്  ...

എന്‍റെ കൈവിരലുകളുടെ
നനുത്ത തലോടലിലായിരിക്കണം
നീ മയങ്ങിപ്പോയത് ..

കനലുകളെക്കാള്‍ ചൂടുള്ള
നിശ്വാസത്തിലായിരിക്കണം
പിന്നെ നീ വീണ്ടും ഉണര്‍ന്നത് ..

ഇഴുകിച്ചേരലിനു മുന്‍പ്
നിന്‍റെ കണ്ണുകള്‍ നിറയുന്നത്
ഞാനറിഞ്ഞെങ്കിലും
നിറഞ്ഞ കണ്ണുകള്‍ ആനന്ദത്തിന്‍റെ
തിരു ശേഷിപ്പുകളാണെന്ന്
ഞാന്‍ കരുതി ..

ഇപ്പോള്‍ ഞാനറിയുന്നു സഖീ
അരുതെന്ന് ചൊല്ലി വിലക്കാനാവാതെ,
എന്നെ പിണക്കാനാവാതെ
നീ സ്വയമൊരു മെഴുകുതിരിയായി
ഉരുകിത്തീരുകയായിരുന്നുവെന്ന്..

ഇത്രമാത്രം സ്നേഹം നീ
ആരും കാണാതെ ഒളിച്ചു വെച്ചത്
ഞാനറിയാതെ പോയല്ലോ ...