എല്ലാം കരിയ്ക്കുന്ന വേനല്‍ച്ചൂടില്‍
തലയ്ക്കും കാലിലും ഓരോ
മീസാന്‍ കല്ലിന്‍റെ നിഴല് മാത്രം പുതച്ച്
ആറടിയുടെ മണ്ണറയില്‍
വിധികാത്തു കിടക്കുന്ന നിന്‍റെ
പകലിരവുകള്‍ എങ്ങിനാണാവോ ?
കഞ്ഞീലല്‍പ്പം ഉപ്പ് കൂടിയെന്നും
കുഞ്ഞിനെ വെറുതെ കരയിച്ചെന്നും
ഒന്നിനുമൊരു അടുക്കും ചിട്ടയുമില്ലെന്നും
പറഞ്ഞു പിണങ്ങുന്നുണ്ടാകുമോ ?
പാത്രം കഴുകിക്കഴുകി കഴിയാഞ്ഞ്
പശുവിനെ കറന്ന് തീരാഞ്ഞ്
വെകിളി പിടിച്ചോടുന്നെന്നെ
വൈകാതൊരു വേലക്കാരി വരുമെന്ന്
വെറുതെ ആശ്വസിപ്പിക്കുന്നുണ്ടാകുമോ ?
ഇടവപ്പാതിമഴ നനഞ്ഞ് കുതിരുമ്പോള്‍
മരം കോച്ചുന്ന മകരമഞ്ഞു വീഴുമ്പോള്‍
കൊടും വേനലിലും പുതച്ചുറങ്ങുന്നയാള്‍ക്ക്
തണുത്തു വിറയ്ക്കുന്നുണ്ടാകുമോ ?
അവസാന യാത്രയില്‍ നിന്‍റെയീ
കവിത പെയ്യുന്ന കണ്ണു രണ്ടും പെണ്ണേ
കൂടെ കൊണ്ടുപോയ്ക്കൊട്ടേ ഞാനെന്ന്
കളി പറയുന്നുണ്ടാകുമോ ?
മരിച്ചു പിരിയുമ്പോള്‍ നീ കൊണ്ടു പോയത്
വരച്ച് തീരാത്ത നമ്മുടെ ജീവിതമാണെന്ന്
കൊതിച്ചു കിട്ടിയ മധുരക്കനിയാണെന്ന്
തിരിച്ചറിഞ്ഞു കരയുന്നുണ്ടാകുമോ ?
ഒരുമിച്ചു മരിച്ചിടാന്‍ മോഹിച്ച നമ്മളെ
കെണിവെച്ചു പിടിച്ചു പിരിച്ച മരണത്തോട്
ഈയുള്ളവളെയും കൂടെ കൂട്ടാന്‍
പ്രാര്‍ത്ഥിക്കുന്നുണ്ടാകുമോ ?