Tuesday, 19 July 2011

കരിന്തിരി കത്തുന്ന ജന്മങ്ങള്‍.

കാലം കരിന്തിരി കത്തിച്ച ജന്മങ്ങളാണ് പ്രവാസികള്‍....സ്വന്തക്കാരുടെയും ബന്ധുക്കളുടെയും സ്വര്‍ണ്ണ വര്‍ണ്ണ മോഹങ്ങള്‍ സ്വയം അടയിരുന്ന് വിരിയിക്കാന്‍ വിധിക്കപ്പെട്ടവര്‍...തളര്‍ന്നുവെന്ന് ശരീരം വിലപിക്കുമ്പോഴും തളര്‍ന്നിട്ടില്ലെന്ന് മനസ്സുകൊണ്ട് കരുതുന്നവര്‍....സ്നേഹത്തിന്‍റെ വളക്കൂറുള്ള മണ്ണില്‍ നിന്നും മരുഭൂമിയിലെ വരണ്ട മണല്‍പ്പരപ്പിലേക്ക് പറിച്ചു നട്ട് വളര്‍ച്ചമുരടിച്ചുപോയ കല്പവൃക്ഷങ്ങള്‍ ...മകരത്തിലെ മരം കോച്ചുന്ന തണുപ്പില്‍ ഇണയുടെ ചൂടിനു വേണ്ടി ദാഹിക്കുന്ന നല്ല പാതിക്ക്, സ്വന്തം വിയര്‍പ്പില്‍ നനച്ച പച്ചനോട്ടുകള്‍ പകരം നല്‍കി സമാധാനിക്കുന്നവര്‍... ഓടിത്തളരുമ്പോള്‍ ഒരു കൈത്താങ്ങാവാന്‍ ആരുമുണ്ടാവില്ലെന്നറിഞ്ഞിട്ടും പൂര്‍വ്വാധികം ശക്തിയോടെ എന്തിനോവേണ്ടി ഓടുന്നവര്‍...ആണ്ടറുതികളില്‍ ജനിച്ച മണ്ണിലേക്ക് വിരുന്നുചെല്ലാന്‍ വിധിക്കപ്പെട്ടവര്‍ ....പച്ചയായ ശരീര വികാരങ്ങളെ ഞെരിച്ചമര്‍ത്തി ചങ്ങലക്കിടാന്‍ പരിശീലിച്ച അഭ്യാസികള്‍......! സ്വന്തം കുടുംബത്തെ കൈ പിടിച്ചുയര്‍ത്തിയെന്നു വീമ്പിളക്കുമ്പോഴും, തന്നെ കൈപിടിച്ചുയര്‍ത്താന്‍ ആരുമുണ്ടാകില്ലെന്നു മനസ്സിലാക്കാത്ത പമ്പര വിഡ്ഢികള്‍ ..... ഇത് നിങ്ങളാണ് ..അല്ലെങ്കില്‍ നിങ്ങളുടെ ഉറ്റവരോ ഉടയവരോ ആണ്.പ്രാവസിയുടെ നേരെ കൊഞ്ഞനം കുത്തുന്നവര്‍ ഒന്ന് മനസ്സിലാക്കുക...ഈ ചന്ദനത്തിരികള്‍ സ്വയം എരിഞ്ഞു തീരുമ്പോഴാണ് നിങ്ങളുടെ ജീവിതം സുഗന്ധ പൂരിതമാകുന്നത്...!

No comments:

Post a Comment