Tuesday 19 July 2011

ഓര്‍മ്മകള്‍ക്ക് മരണമില്ല അല്ലേ... ?

ഇനി വേര്‍പ്പിരിഞ്ഞു പോകാമകലെ...
ഇരു കണ്ണീരിന്‍ ഉറവുകള്‍ പോലെ
മധു ഗാനങ്ങള്‍ തീര്‍ന്നു വീണയില്‍
മലര്‍ കോര്‍ത്തതെല്ലാം  വാടി മാലയില്‍ .....

ഈ നാട്ട് വഴിയിലേക്ക് കണ്ണ് നട്ട് നട്ടുച്ചകളില്‍ പീ  പീ എന്ന ശബ്ദത്തിന് കാതോര്‍ത്ത് സൈക്കിളില്‍ ഐസുമായി വരുന്ന കറുത്തു തടിച്ച കുറിയ ആ മനുഷ്യനെ , വലത്തെ കൈവെള്ളയില്‍ അമര്‍ത്തിപ്പിടിച്ച 10 പൈസാ നാണയവുമായി  ഞാന്‍ എത്രയോ തവണ കാത്തിരുന്നിരിക്കുന്നു......ഈ നാട്ടു വഴിയില്‍ കൂട്ടുകാരുമൊത്ത് കള്ളനും പോലീസും കളിച്ചത്....ചട്ടിപ്പന്തും ,ചൊട്ടയും പുള്ളും ...ബാല്യം വിട്ട് കമാരം വന്നപ്പോഴും ലോകം മുഴുവന്‍ പൂങ്കാവനമാണെന്ന് തോന്നിയിരുന്ന ആ നല്ല നാളുകളില്‍ ഈ നാട്ടു വഴിയിലാണ് ഞാന്‍ അവളെയും കാത്തു അക്ഷമയോടെ നിന്നിരുന്നത് ...ഈ വഴിയില്‍ എവിടെയൊക്കെയോ വെച്ച് എന്‍റെ ബാല്യവും കൌമാരവും എന്നെ വേര്‍പിരിഞ്ഞു പോയി..ഇപ്പോള്‍ നാട്ടു വഴികളില്ല .വഴിയോരത്തെ കമ്മ്യുണിസ്റ്റ് പച്ചകളും തുമ്പയും മുക്കുറ്റിയുമില്ല.... മുള്ള് വേലികളില്‍ മണിക്കൂറുകളോളം പാറി തളര്‍ന്നു ചിറകുകള്‍ കൂപ്പി വിശ്രമിക്കുന്ന ഓണത്തുമ്പികളില്ല... മഴയും മഞ്ഞും , വിത്തും കൈക്കോട്ടും ചൊല്ലുന്ന പക്ഷിയുമില്ല ..നട്ടുച്ച നേരത്ത് ഐസുമായി വരുന്ന ആ പാവം മനുഷ്യനുമില്ല. പിന്നെ..... ഒരിക്കലും പിരിയില്ലെന്ന് കരുതി എന്‍റെ ഹൃദയം പറിച്ചെടുത്തു വേറിട്ട്‌ പോയ അവളും.....എല്ലാം ഒന്നൊന്നായി യാത്ര പറഞ്ഞു പോയിരിക്കുന്നു.മറക്കാനാകാത്ത ഓര്‍മ്മകളുമായി കൃത്യ സമയങ്ങളില്‍ ഭക്ഷണം കഴിച്ച്, ഉറങ്ങി സമയം തെറ്റാതെ ജോലിക്ക് പോയി..ഒരു എണ്ണയിട്ട യന്ത്രം പോലെ   ഞാനിവിടെ.......ഓര്‍മ്മകള്‍ക്ക് മരണമില്ല അല്ലേ...
?

No comments:

Post a Comment