Tuesday, 19 July 2011

ഇനി ഞാനുറങ്ങിക്കോട്ടെ ....!

മഴ കനക്കുന്നു ..തണുത്ത കാറ്റേറ്റ് ഇറയത്തു നിന്ന് ഇറ്റുവീഴുന്ന മഴത്തുള്ളികളെ പ്രണയിച്ചു ഉമ്മറത്തൊരു കസേരയില്‍ ചാരിയിരിക്കാന്‍ ഒരു മോഹം. ഒരു പീച്ചാംകുഴലുണ്ടാക്കി കൂട്ടുകാര്‍ക്ക് നേരെ വെള്ളം ചീറ്റിത്തെറിപ്പിക്കാന്‍,പഞ്ചായത്ത് റോഡിലെ കലങ്ങിയ വെള്ളം കെട്ടി നില്‍ക്കുന്ന കുഴികളില്‍ തലമാത്രം പുറത്തു കാണിച്ചു കാഴ്ച കാണുന്ന കുഞ്ഞന്‍ തവളകളെ കല്ലെറിയാന്‍ , മഴ പെയ്തു തീര്‍ന്നിട്ടും, പെയ്തു തീരാത്ത മരത്തിന്‍റെ
ചില്ല കുലുക്കി കൂട്ടുകാരനെ നനക്കാന്‍, തോട്ടിലെ കലക്കവെള്ളത്തില്‍ ഉന്മാദ നൃത്തം ചവിട്ടുന്ന പരല്‍ മീനുകളെ കൂട്ടുകാരനോത്തു തോര്‍ത്തുമുണ്ട് കൊണ്ട് കോരിപ്പിടിക്കാന്‍ ,രാത്രി മഴയുടെ അപാര സംഗീതത്തില്‍ മയങ്ങി പുതച്ചുമൂടി സ്വപ്നം കണ്ടു കിടന്നുറങ്ങാന്‍......
മഴ മോഹങ്ങള്‍ മനസ്സില്‍ നിറയുമ്പോഴും അനുഭവിക്കനാകാതെ ,ഈ നരച്ച മരുഭൂമിയില്‍ ശീതീകരണ യന്ത്രത്തിന്‍റെ കൃത്രിമ തണുപ്പില്‍ ,എന്‍റെ തണുത്തു നനുത്ത സുന്ദര മോഹങ്ങളെ ആറടി മണ്ണില്‍ കുഴിച്ചു മൂടി.....
ഇനി ഞാനുറങ്ങിക്കോട്ടെ ....!

No comments:

Post a Comment