പെങ്ങളേ....
നിനക്ക് വേണ്ടിയാണ് ഞാനാദ്യം
ചെന്നിനായകം നുണഞ്ഞത്...
ഇഷ്ടമില്ലാതിരുന്നിട്ടും
അമ്മയുടെ നെഞ്ചില്‍ നിന്ന്
പറിച്ചെറിയപ്പെട്ടത്...!
നിനക്കുവേണ്ടിയാണ് ഞാനാദ്യം
തോട്ടിലിലുറക്കം ഉപേക്ഷിച്ചത്...
തണുത്ത തറയിലെ
വെറും വിരിപ്പിലുറങ്ങിയത്...!
ഓലപ്പീപ്പിയും പാല്‍ക്കുപ്പിയും
പങ്കുവെച്ചത്...
പോത്തുപോലെ വലുതായവനെന്നു
പഴി കേട്ടത്....!
അച്ഛന്റെ മിഠായിപ്പോതിയിലെ
എന്റെ ഇഷ്ട മധുരക്കൂട്ടുകള്‍
എനിയ്ക്ക് മുന്‍പേ എന്നും
നിനക്കേകാന്‍ അമ്മ ഒച്ച വെച്ചത്..
നിന്റെ കുസൃതികള്‍ക്കെന്നും
മുറ തെറ്റാതെ ശിക്ഷിക്കപ്പെട്ടത്...
നിന്റെ പെങ്ങളല്ലെടാ അതെന്ന്
നിരന്തരം ഓര്‍മ്മിപ്പിക്കപ്പെട്ടത്...!
ഇന്നും,,,,
എനിയ്ക്കും മേലെ ആളായിട്ടും
വളര്‍ന്ന് വലിയ പെണ്ണായിട്ടും
ആണൊരുത്തന് കൈപിടിച്ചേകുവോളം
നിന്നെക്കുറിച്ചുള്ള വിഹ്വലതകള്‍
ഈയേട്ടന്റെ ഇടനെഞ്ചിലിങ്ങനെ
അലയൊടുങ്ങാത്ത കടല്‍ തീര്‍ക്കുന്നതും
അണയാത്ത കാട്ടുതീ കൂട്ടുന്നതും....
എന്നാലും കൂടപ്പിറപ്പേ...
രക്തം കൊണ്ട് തീര്‍ക്കുന്ന ബന്ധം
ഉരുക്കാലെ തീര്‍ത്തെന്നാലും
ഇത്രയ്ക്കാകുന്നതെങ്ങനെ...?