കമിഴ്ന്ന് കിടന്നു മണ്ണിനെ ചുബിച്ചുറങ്ങുന്നുണ്ട്
കടല്‍ തീരത്തൊരു ഒട്ടും വിരിയാ പൂമൊട്ട്
അക്രമികളുടെ തോക്കിന് മുനയില്‍ നിന്ന്
അനിശ്ചിതത്തിന്റെ തടവറയില്‍ നിന്ന്
അഭയതീരത്തേക്കുള്ള പാലായനത്തില്‍
ആഴിയിലോടുങ്ങിയ അനാഘ്രാത സൂനം..
ദൈവരാജ്യം സ്ഥാപിക്കാന്‍ പടനയിക്കുന്നവരുടെ
വെളിച്ചം കെട്ട കാരിരിമ്പു ഹൃദയങ്ങള്‍
പിശാചിന്റെ പണിശാലകള്‍ പോലെ പിന്നെയും
അശരണരുടെ ആയുസ്സ് ഭുജിയ്ക്കുമ്പോള്‍...
ഊരും ഉയിരും കിനാവും നഷ്ട്ടപ്പെട്ട
പശി പുതച്ചുറങ്ങുന്ന അഭയാര്‍ത്ഥികളില്‍
നീലക്കണ്ണുകളും നിറമാറിടവും തിരയുന്നവര്‍
ഏതു ദൈവത്തിന്റെ സന്നിധിയിലേക്കാണ്
ഊടുവഴികള്‍ തുറക്കുന്നത് ...?
കടലേ...
നീ തീരത്തണച്ച ഞെട്ടറ്റ പൂവിന്റെ
നിഷ്കളങ്ക ചിത്രമെങ്കിലും
കരള്‍ കല്ലാക്കിയ നരാധമന്മാരുടെ ,
കള്ളക്കണ്ണീരുകൊണ്ട് കവിള് നനച്ച
കാടരുടെ , കൊടും കപടവിശ്വാസികളുടെ
കണ്ണ് തുറപ്പിച്ചെങ്കില്‍...
അയ്ലന്‍ , റിഹാന് , ഗാലിബ്, അസദ്...,,,
പിന്നെ ആഴക്കടലില്‍ അലിഞ്ഞു തീര്‍ന്ന
പേരറിയാത്ത എന്റെ സഹോദരങ്ങളേ
സ്വര്‍ഗ്ഗപ്പൂങ്കാവനം ഇനി നിങ്ങള്‍ക്കല്ലോ...